Monday July 16, 2018
Latest Updates

കാവനിലെ കൂട്ടക്കൊലപാതകം; കൊലയാളിയായ പിതാവിന്റെ മൃതദേഹം ദഹിപ്പിക്കാനെത്തിയത് ഡബ്ലിനില്‍,ചിതാഭസ്മം കടലില്‍ വിതറി: ‘ അവര്‍ ഇനി സമാധാനമായുറങ്ങും’-ക്ലോഡയുടെ അമ്മ മേരി

കാവനിലെ കൂട്ടക്കൊലപാതകം;  കൊലയാളിയായ പിതാവിന്റെ മൃതദേഹം ദഹിപ്പിക്കാനെത്തിയത് ഡബ്ലിനില്‍,ചിതാഭസ്മം കടലില്‍ വിതറി: ‘ അവര്‍ ഇനി സമാധാനമായുറങ്ങും’-ക്ലോഡയുടെ അമ്മ മേരി

ഡബ്ലിന്‍ :ഇരകളോടൊപ്പം അടക്കം ചെയ്ത കൊലയാളിയുടെ മൃതശരീരം പുറത്തെടുത്ത് ദഹിപ്പിച്ചു..കാവനിലെ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പലല്‍ അലന്‍ ഹേവ്,ഭാര്യയും അധ്യാപികയുമായ ക്ലോഡ(39), മക്കളായ ലിയാം(14), നിയാല്‍(11), റയാന്‍(6) എന്നിവരെ കൊന്നശേഷം ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നാടകീയ പരിസമാപ്തി.ഹേവിന്റെ മൃതദേഹം അധികൃതരുടെ അനുമതിയോടെ മറ്റ് നാലുപേരുടേയും ശവകുടീരത്തില്‍ നിന്നും പുറത്തെടുത്ത് മാറ്റി അമ്പതിലധികം കിലോ മീറ്ററുകള്‍ ദൂരെ ഡബ്ലിനിലെ ഗ്ളാസ്നേവിന്‍ സിമിത്തേരിയിലെത്തിച്ച് ദഹിപ്പിക്കുകയായിരുന്നു.പിന്നീട് ചിതാഭസ്മം കടലില്‍ ഒഴുക്കിക്കളഞ്ഞു.

സംസ്‌കാരത്തിനുശേഷം ചിതാഭസ്മം കടലില്‍ ഒഴുക്കണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഹേവ് പറഞ്ഞിരുന്നു.ആത്മഹത്യാക്കുറിപ്പ് വീടിന്റെ വാതിലില്‍ ഒട്ടിച്ചു വച്ച ശേഷമാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.അതിനാലാണ് മൃതദേഹാവശിഷ്ടങ്ങള്‍ 95 കിമീ ദുരെ ഗ്ലാസ്നെവിന്‍ ക്രിമേറ്റോറിയത്തിലേക്ക് കൊണ്ടുപോയത്. ചിതാഭസ്മം ഹേവിന്റെ കില്‍ക്കെനിയിലെ കുടുംബവീട്ടിലെത്തിച്ച ശേഷമാണ് കടലില്‍ ഒഴുക്കിയത്.

ക്ലോഡയുടെ അമ്മ മേരി കോളും സഹോദരി ജാക്വിലിന്‍ കോനോള്ളിയുമാണ് മൃതദേഹം സംസ്‌കരിച്ച സ്ഥലത്തു നിന്നും മാറ്റണമെന്ന ആവശ്യവുമായി അധികൃതരെ സമീപിച്ചത്.കൊലയാളികള്‍ക്കൊപ്പം ഇരകളും അന്ത്യവിശ്രമം കൊള്ളുന്നതിനെ ചോദ്യം ചെയ്തു നല്‍കിയ പരാതിയിലാണ് ഒടുവില്‍ വിധിയുണ്ടായത്

ഹേവിന്റെ ബന്ധുക്കള്‍ തന്നെയാണ് അതിന് മുന്‍കൈ എടുത്തതെന്നതും യാദൃശ്ചികതയായി.

‘ആ മഹാ പാപിയോടൊപ്പം ക്ലോഡയ്ക്കും മക്കള്‍ക്കും ഒരിക്കലും സമാധാനമായി വിശ്രമിക്കാന്‍ കഴിയില്ല ‘ അതിനാലാണ് അയാളെ മാറ്റി സംസ്‌കരിച്ചത്’ ഹേവിന്റെ ബന്ധുക്കള്‍ പറയുന്നു

‘മഹാപാതകം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് അവന്‍ എല്ലാവരുമായി ഇവിടെ വന്നിരുന്നു. യാതോരു ഭാവഭേദവുമില്ലാതെ കാപ്പി കഴിച്ചു. ക്ലോഡയും മക്കളുംരാവിലെ വരാമെന്നു പറഞ്ഞാണ് അന്ന് മടങ്ങിയത്. പിന്നീട് എനിക്കവരെ കാണാന്‍ പറ്റിയില്ല. നല്ലനിലയില്‍ നന്ദി പറഞ്ഞാണ് ഹേവ് മടങ്ങിയത്. പക്ഷേ അവന്റെ മനസ്സില്‍ അപ്പോഴും കൊലയാളിയുണ്ടായിരുന്നു.എങ്ങനെ അവനിത് കഴിഞ്ഞുവെന്ന് മനസ്സിലാകുന്നില്ല. ഏറ്റവും വലിയ പാപിയാണ് അവന്‍.ഒരിക്കലും പൊറുക്കാനാവുന്നതല്ല. അവന്‍ നരകത്തിലേക്ക് പോയ്ക്കഴിഞ്ഞു.എന്റെ ക്ലോഡയും മക്കളും ദൈവത്തിന്റെ സന്നിധിയിലെത്തിയിട്ടുണ്ട്.അവരവിടെ സ്വര്‍ഗീയ ജീവിതം നയിക്കട്ടെ. അതിനിടെ ഈ ദുഷ്ടന്റെ സാന്നിധ്യം വേണ്ട. അവന്‍ ഞങ്ങളുടെ മനസ്സിലില്ല. അവര്‍ മാത്രമേയുള്ളു. അവര്‍ ജീവിക്കുകയാണ് ഞങ്ങള്‍ക്കുള്ളില്‍ ഇപ്പോഴും’.തേങ്ങലടക്കിക്കൊണ്ടും മരുമകന്റെ ക്രൂരതയെ ശപിച്ചും ക്ലോഡയുടെ അമ്മ വിലപിക്കുന്നു.

ഭാര്യ ക്ലോഡയെയും മക്കളേയും കൈക്കോടാലിയും കത്തിയും ഉപയോഗിച്ച് കൊലപ്പെടുത്തിയ ശേഷമാണ് ജീവനൊടുക്കിയത്.ഇവരെ എല്ലാവരെയും ഒരുമിച്ച് ബാലി ജെയിംസ് ഡഫിലെ സെന്റ് മേരീസ് ചര്‍ച്ച് സെമിത്തേരിയിലാണ് അടക്കം ചെയ്തത്.

അലനെയും ക്ളോഡയെയും അറിയുന്നവര്‍ അവര്‍ അത്തരം ഒരു കടുംകൈ ചെയ്യില്ലെന്നാണ് ഇപ്പോഴും ഉറപ്പിച്ചു പറയുന്നത്.മിതഭാഷിയും സരസനുമായിരുന്ന അലന് സാമ്പത്തികമായോ ആരോഗ്യപരമായോ എന്തെങ്കിലും പ്രശനങ്ങളുണ്ടായിരുന്നതായി ബന്ധുക്കള്‍ക്കോ ആരോഗ്യവകുപ്പിനോ അറിയില്ല.മരണപ്പെടുന്നതിന് തലേന്നും കുര്‍ബാനയില്‍ പങ്കെടുക്കുകയും,ഫുട്ബോള്‍ കളിക്കാന്‍ പോവുകയും ചെയ്ത കുടുംബാംഗങ്ങള്‍ ഇത്തരമൊരു അവസ്ഥയിലേയ്ക്ക് പെട്ടെന്ന് എത്താനുള്ള ദുരൂഹമായ സാഹചര്യങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ഗാര്‍ഡയ്ക്ക് അതിനുള്ള തെളിവുകള്‍ ഒന്നും ലഭിച്ചില്ല.

അത് കൊണ്ട് തന്നെ കാവനിലെ ഈ കൊലപാതകത്തിന്റെ നാള്‍വഴിപ്പുസ്തകം അലന്‍ ഹേവിന്റെ മൃതദേഹം ,ദഹിപ്പിച്ചു കടലില്‍ അലിയിപ്പിച്ചതോടെ അടയ്ക്കുകയല്ലാതെ ഗാര്‍ഡയ്ക്കും വഴിയില്ല.

Scroll To Top