Sunday September 24, 2017
Latest Updates

കാസില്‍ബ്ലേനിയിലെ മലയാളി കുടുംബത്തിന് നേരെ ഉണ്ടായ കൊള്ളക്കാരുടെ ആക്രമണം :അന്വേഷണം ഇഴയുന്നു 

കാസില്‍ബ്ലേനിയിലെ മലയാളി കുടുംബത്തിന് നേരെ ഉണ്ടായ കൊള്ളക്കാരുടെ ആക്രമണം :അന്വേഷണം ഇഴയുന്നു 

കാസില്‍ബ്ലേനി:കൗണ്ടി മോണഗനിലെ കാസില്‍ ബ്ലേനിയില്‍ മലയാളിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടുകാരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത ഗൂണ്ടാ സംഘത്തെ ഇനിയും പിടികൂടാനാവാതെ ഗാര്‍ഡ തിരച്ചില്‍ തുടരുന്നു.കാസില്‍ബ്ലേനി സിറ്റിയിലെ ബ്ലാബെറി റോഡില്‍ സ്വന്തമായി വീടുവാങ്ങി താമസിക്കുന്ന മലയാളിയുടെ വീട്ടിലാണ് ഡിസംബര്‍ 9 ന് വൈകിട്ട് ആറു മണിയോടെ കള്ളന്‍മാര്‍ അതിക്രമിച്ചു കടന്നത്.

മോഷ്ട്ടാക്കളെ പിടികൂടാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നുണ്ടെന്നു പലതവണ ഗാര്‍ഡ അറിയിച്ചെങ്കിലും ഇതേ വരെ യാതൊരു നടപടിയും ഉണ്ടായതായി അറിവില്ലെന്ന് വീട്ടുടമ ‘ഐറിഷ് മലയാളിയോട്’ പറഞ്ഞു.അപ്രതീക്ഷിതമായുണ്ടായ ആക്രമണത്തിന്റെ നടുക്കമുളവാക്കുന്ന ഓര്‍മ്മകളില്‍ നിന്നും വിമുക്തമാവുന്നതെയുള്ളു കോട്ടയം പാലായില്‍ നിന്നുള്ള ഈ കുടുംബം.

വീട്ടിനുള്ളില്‍ എല്ലാ കുടുംബാംഗങ്ങളും ഉണ്ടായിരുന്ന സമയത്താണ് കറുത്ത വസ്ത്രങ്ങളും മുഖം മൂടി ധരിച്ച നാലംഗ കൊള്ളസംഘം വാതില്‍ തകര്‍ത്ത് അകത്തു കയറിയത്.അകത്തുനിന്നും ലോക്ക് ചെയ്തിരുന്ന വീടിന്റെ ലോക്ക്, സ്‌ക്രൂ ഡ്രൈവര്‍ പോലെയുള്ള ഉപകരണങ്ങളിട്ട് പുറത്തു നിന്നും തുറക്കുകയായിരുന്നു എന്നാണ് കരുതപ്പെടുന്നത്..വീടിനു പുറത്തു കാല്‍പെരുമാറ്റം കേട്ട് ഗൃഹനാഥ വാതിലിന് അരികിലേയ്ക്ക് ചെന്നപ്പോഴെയ്ക്കും കൊള്ളക്കാര്‍ വാതില്‍ തുറന്നുകഴിഞ്ഞിരുന്നു.വാതില്‍ തള്ളി അടയ്ക്കാന്‍ ശ്രമിച്ച ഗൃഹനാഥയെ തള്ളി താഴെയിട്ട കൊള്ളക്കാര്‍ അവര്‍ക്ക് നേരെ ആയുധങ്ങള്‍ നീട്ടി.അകത്തെ മുറിയില്‍ നിന്നും പാഞ്ഞുവന്ന ഗൃഹനാഥനെയും നീളന്‍ സ്‌ക്രൂ ഡ്രൈവറും കമ്പിപാരയുമായിഅക്രമി സംഘം വളഞ്ഞു.രണ്ടു പേരോടും വെഡ്ഡിംഗ് റിംഗ് ഊരി വാങ്ങിയ സംഘം താലിമാലയും കൈവശപ്പെടുത്തി.

തൊട്ടടുത്ത മുറിയില്‍ ടി വി കാണുകയായിരുന്ന ദമ്പതികളുടെ മൂത്തമകളെ സമീപിച്ച കൊള്ളക്കാര്‍ കഴുത്തില്‍ കിടക്കുന്ന മാല സ്വര്‍ണ്ണമാണോ എന്ന് അന്വേഷിച്ചു.ഭയചകിതയായ 15 വയസുകാരി പെണ്‍കുട്ടി മാലയൂരി കൊടുത്തതോടെ വീട്ടില്‍ ബാക്കിയുള്ള സ്വര്‍ണ്ണവും പണവും എടുക്കാനായി ആക്രോശം.ഗൃഹനാഥയ്ക്ക് സമീപം ഒരു അക്രമി ആയുധവുമായി കാവല്‍ നില്‍ക്കേ കുട്ടികളെ വിട്ട് ഗൃഹനാഥനുമായി രണ്ടു കൊള്ളക്കാര്‍ രണ്ടാമത്തെ നിലയിലേയ്ക്ക് കയറി.

ഇതിനിടെ താഴത്തെ നിലയില്‍ നടക്കുന്ന സംഭവങ്ങള്‍ മനസിലാക്കിയ രണ്ടാം നിലയില്‍ ഉണ്ടായിരുന്ന ദമ്പതികളുടെ രണ്ടാമത്തെ മകള്‍ ലാന്‍ഡ് ഫോണില്‍ നിന്നും 999 ല്‍ വിളിച്ചു ഗാര്‍ഡയെ വിവരം അറിയിച്ചു,രണ്ടാം നിലയില്‍ അടച്ചിട്ട മുറിയുടെ വാതില്‍ തുറപ്പിച്ച കൊള്ളക്കാര്‍ പെണ്‍കുട്ടിയെ കണ്ടെങ്കിലും സ്വര്‍ണാഭരണങ്ങള്‍ ധരിച്ചിട്ടില്ലെന്ന് കണ്ട് ചോദ്യങ്ങളൊന്നും ചോദിച്ചില്ല.

സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഗൃഹനാഥനെ വീണ്ടും ഭീഷണിപ്പെടുത്തിയ സംഘം സ്വര്‍ണ്ണവും പണവും തന്നില്ലെങ്കില്‍ അപായപ്പെടുത്തുമെന്ന് സൂചന നല്‍കിയതോടെ തനിക്ക് സ്വര്‍ണ്ണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും ഭാര്യയാണ് അവ സൂക്ഷിച്ചിരിക്കുന്നതെന്നും ഗൃഹനാഥന്‍ വെളിപ്പെടുത്തി.ഇളയ മകളെ താഴത്തെ നിലയിലേയ്ക്ക് അയച്ച് അമ്മയെ കൂട്ടി വരാന്‍ ആവശ്യപ്പെട്ട കൊള്ളക്കാര്‍ റൂമുകള്‍ രണ്ടും തിരഞ്ഞെങ്കിലും ഒന്നും കിട്ടിയില്ല.

പല സ്ഥലങ്ങളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കൊടുക്കാതെ കൊള്ളക്കാര്‍ വിടുകയില്ലെന്നു മനസിലാക്കിയ കുടുംബാംഗങ്ങള്‍ അവ കള്ളന്മാരെ ഏല്‍പ്പിച്ചു.ഇതിനിടെ ഗൃഹനാഥന്റെ പേഴ്‌സില്‍ സൂക്ഷിച്ചിരുന്ന പണവും അവര്‍ കൈക്കലാക്കി.

സ്വര്‍ണ്ണവും പണവും കിട്ടിയതോടെ ഞൊടിയിടെ കൊള്ളസംഘം വന്ന അതെ വാതിലില്‍ കൂടി പുറത്തുപോയി.

ഏതാണ്ട് അഞ്ചു മിനുട്ടിനുള്ളിലാണ് ഇക്കാര്യങ്ങള്‍ എല്ലാം സംഭവിച്ചത്.കൊള്ളസംഘം പുറത്തിറങ്ങി രണ്ടു മിനുട്ടിനുള്ളില്‍ ഗാര്‍ഡ സംഘം വീട്ടിലെത്തിയെങ്കിലും അവര്‍ക്ക് പെട്ടന്നൊന്നും ചെയ്യാനായില്ല.

കള്ളന്മാര്‍ അകത്ത് വന്നപ്പോള്‍ തന്നെ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും അടുത്ത വീട്ടുകാര്‍ ആരും അത് കേട്ടില്ല.

കാസില്‍ബ്ലേനിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഈ മലയാളി കുടുമ്പം ഇവിടുത്തെ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ എല്ലാം സജീവമായി പങ്കെടുക്കുന്ന ഒരു കുടുംബമാണ്.കലാ സാംസ്‌കാരിക മേഖലകളില്‍ അയര്‍ലണ്ടില്‍ ശ്രദ്ധയമായ പങ്കു വഹിക്കുന്ന ഈ വീട്ടിലെ രണ്ടു പെണ്‍മക്കളും പഠനത്തില്‍ എന്ന പോലെ നൃത്തരംഗത്തും പ്രശസ്തരാണ്.ഭരതനാട്യത്തിനും,മോഹിനിയാട്ടത്തിനും മറ്റും ഇവര്‍ ഉപയോഗിക്കുന്ന ആഭരണങ്ങള്‍ സ്വര്‍ണ്ണമായിരിക്കും എന്ന ധാരണയില്‍ അവ കൂടി തട്ടിയെടുക്കാനായിരിക്കണം കൊള്ള സംഘം ലക്ഷ്യമിട്ടത് എന്ന് കരുതപ്പെടുന്നു.

പത്തു പവനോളം സ്വര്‍ണ്ണമാണ് വീട്ടുകാര്‍ക്ക് നഷ്ട്ടപ്പെട്ടത്.’സ്വര്‍ണ്ണം നഷ്ട്ടപ്പെട്ടാലും കുഴപ്പമില്ല,ജീവന് അപകടം ഒന്നും പറ്റാതെ ദൈവം കാത്തു.’കുടുംബാംഗങ്ങള്‍ ഐറിഷ് മലയാളിയോട് പറഞ്ഞു.

‘യഥാര്‍ഥത്തില്‍ പേടിച്ചു പോയി..അത്ര ക്രൂരമായിരുന്നു അവരുടെ ഇടപെടല്‍’.അവര്‍ പറഞ്ഞു.രണ്ടാഴ്ച്ച മുന്‍പ് കാസില്‍ ബ്ലേനിയിലെ തന്നെ രണ്ടു ചൈനീസ് കുടുംബങ്ങളെ സമാന രീതിയില്‍ കൊള്ള ചെയ്തിരുന്നു.എതിര്‍ക്കാന്‍ ശ്രമിച്ച വീട്ടുടമസ്ഥയെ കമ്പിപ്പാര കൊണ്ട് അടിച്ച് താഴെയിട്ട സംഭവം ഓര്‍മ്മയില്‍ ഉണ്ടായിരുന്നു.ഒരാഴ്ച്ചയോളം അബോധാവസ്ഥയില്‍ ആയിരുന്നു അവര്‍.’ അത് കൊണ്ട് കൊള്ളക്കാരെ എതിര്‍ക്കാനെ നിന്നില്ല.ഏതു വിധേനെയും ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്.അവര്‍ പറഞ്ഞു.

‘വീടിന് ഇന്ഷ്വറന്‍സ് ഉള്ളതിനാല്‍ നഷ്ട്ടപ്പെടുന്ന സാധനങ്ങള്‍ക്ക് പരിഹാരം കിട്ടും.പിന്നെ കള്ളന്‍മാരോട് ഏറ്റ് മുട്ടി പരിക്കേല്‍ക്കേണ്ട ആവശ്യമെന്താണ് ?’വാടക വീടുകളില്‍ താമസിക്കുന്ന സുഹൃത്തുക്കള്‍ക്കും പറഞ്ഞു കൊടുക്കാന്‍ ഒരു പാഠം കിട്ടി.’കള്ളന്‍മാര്‍ കയറിയാലും അവരോട് ഏറ്റു മുട്ടി ജീവന്‍ പണയപ്പെടുത്തേണ്ടതില്ല,പകരം കൈയ്യില്‍ സൂക്ഷിക്കുന്ന വിലപിടുപ്പുള്ള സാധനങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്തു സൂക്ഷിക്കാന്‍ മടിയ്ക്കരുത്.കാസില്‍ ബ്ലേനിയിലെ മലയാളി പറയുന്നു.’ഗാര്‍ഡ ഉപദേശങ്ങള്‍ നല്‍കി മടങ്ങുന്നതിനപ്പുറം കാര്യമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടു പിടിക്കും എന്ന പ്രതീക്ഷയൊന്നുമില്ല ‘അദ്ദേഹം പറഞ്ഞു.വീടിന്റെ വാതിലുകളിലും ഗ്ലാസ് ജനല്‍ പാളികള്‍ക്ക് പിന്നിലും ഗ്രില്‍ പിടിപ്പിക്കാന്‍ പറഞ്ഞു മടങ്ങുകയല്ലാതെ മറ്റു മാര്‍ഗ നിര്‍ദേശങ്ങള്‍ ഒന്നും ഗാര്‍ഡയില്‍ നിന്നും ലഭിച്ചില്ല.അദ്ദേഹം അറിയിച്ചു.

ഒരു ദശകം മുന്‍പ് ഉള്ളതിന്റെ മൂന്നിരട്ടി കവര്‍ച്ചകളാണ് ഇപ്പോള്‍ അയര്‍ലണ്ടില്‍ എല്ലാ കൌണ്ടികളിലും നടക്കുന്നത്.’എന്തൊക്കെ സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അയര്‍ലണ്ടിലെ വീടുകളില്‍ കള്ളന്‍മാര്‍ക്ക് കടന്നുകയറാന്‍ പാടൊന്നുമില്ല.ജനല്‍ ഗ്ലാസുകള്‍ മുറിച്ചും അത്ര സുരക്ഷിതമല്ലാത്ത ബാക്ക് ഡോറുകള്‍ തകര്‍ത്തുമാണ് 60 % കവര്‍ച്ചകളും നടക്കുന്നതെന്ന് ഗാര്‍ഡയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.സെക്യൂരിറ്റി അലാം ഒരു പരിധി വരെ കവര്‍ച്ച തടയാന്‍ സഹായിക്കും എന്നല്ലാതെ പൂര്‍ണ്ണമായ സുരക്ഷാ സംവിധാനം ഒന്നുമല്ല.വിലപിടിപ്പുള്ള വസ്തുക്കള്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍ ഇന്‍ഷ്വറന്‍സ് ഉറപ്പായും എടുത്തിരിക്കണം.’കാസില്‍ ബ്ലേനിയിലെ സംഭവങ്ങള്‍ നല്കുന്ന സൂചന അതാണ്.

റെജി സി ജേക്കബ് 

Scroll To Top