Friday December 09, 2016
Latest Updates

കൈക്കൂലി കേസ്; ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കുടുക്കി ഓഡിയോ ടേപ്പ് പുറത്ത്

കൈക്കൂലി കേസ്; ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ കുടുക്കി ഓഡിയോ ടേപ്പ് പുറത്ത്

തെലങ്കാനയില്‍ വോട്ടിന് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വെട്ടിലാക്കുന്ന ഓഡിയോ ടേപ്പ് പുറത്തുവന്നു. ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ടിഡിപി നോമിനിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തണമെന്നും ഇതിനായി കൈകൂലി നല്‍കാമെന്നും വാഗ്ദാനം ചെയ്തു കൊണ്ട് എം എല്‍ എ എന്‍വിസ് സ്റ്റീഫന്‍സനുമായി ചന്ദ്രബാബു നായിഡു നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തെലങ്കാനയിലെ പ്രാദേശിക ന്യൂസ് ചാനലായ ടിഎന്‍ ന്യൂസ് ആണ് വിവാദ ടേപ്പ് പുറത്തുവിട്ടത്. കൈക്കൂലി നല്‍കാന്‍ എംഎല്‍എ രേവന്ത് റെഡ്ഡിക്ക് പാര്‍ട്ടി പ്രസിഡണ്ട് കൂടിയായ ചന്ദ്രബാബുവിന്റെ പൂര്‍ണ പിന്തുണ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ടേപ്പിലെ സംഭാഷണങ്ങള്‍. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിഎന്‍ ന്യൂസ് ടിവി ചാനല്‍. ഇതേസമയം ഓഡിയോ ടേപ്പ് കെട്ടിച്ചമച്ചതാണെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ പ്രതികരണം. വിലകുറഞ്ഞ ആരോപണങ്ങളുമായി ആന്ധ്ര സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ശ്രമിക്കുകയാണ്. വിഷയം ഗൗരവത്തോടെ എടുക്കുമെന്നും ആന്ധ്ര സര്‍ക്കാര്‍ പ്രതിനിധി പരകാല പ്രഭാകര്‍ പ്രതികരിച്ചു.

ഓഡിയോ ടേപ്പിലുള്ളത് ചന്ദ്രബാബു നായിഡുവിന്റെ സംഭാഷണമല്ലെന്നും, ഓഡിയോ ടേപ്പ് എങ്ങനെ പുറത്തുവന്നു എന്നതിന് തെലങ്കാന സര്‍ക്കാര്‍ ഉത്തരം നല്‍കണമെന്നും പ്രഭാകര്‍ ആവശ്യപ്പെട്ടു. തെലങ്കാന മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വിഷയത്തില്‍ ഉത്തരം നല്‍കണമെന്നും പ്രഭാകര്‍ ആവശ്യപ്പെടുന്നു.

കൈക്കൂലി കേസില്‍ ടിഡിപി എംഎല്‍എ രേവന്ത് റെഡ്ഡി മെയ് 31ന് അറസ്റ്റിലായിരുന്നു. അസംബ്‌ളിയിലേക്ക് നാമനിര്‍ദേശം നല്‍കിയിരുന്ന ആംഗ്‌ളോ ഇന്ത്യന്‍ വിഭാഗം പ്രതിനിധി എല്‍വിസ് സ്റ്റീഫന്‍സിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 50 ലക്ഷം രൂപയും പൊലീസ് രേവന്തില്‍ നിന്നും പിടിച്ചെടുത്തിരുന്നു.

 

 

 

Scroll To Top