Wednesday November 22, 2017
Latest Updates

സ്മരണകള്‍ മെഴുതിരി നാളങ്ങളായി,പക്ഷേ ഈ ഐറിഷ്‌കാരുടെ ഹൃദയത്തിലെന്താണ് ?

സ്മരണകള്‍ മെഴുതിരി നാളങ്ങളായി,പക്ഷേ ഈ ഐറിഷ്‌കാരുടെ ഹൃദയത്തിലെന്താണ് ?

ഡബ്ലിന്‍:കാരിക്കമൈന്‍സ് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ദീപ്തമായ ബാഷപ്പാഞ്ജലി ഒരുക്കി നൂറുകണക്കിന് പേര്‍ ഒത്തു കൂടി. കൂടുതലായി എത്തുന്നവര്‍ക്ക് വേണ്ടി കാരിക്കമൈന്‍സ് ഷോപ്പിംഗ് സെന്റര്‍ ഒരുക്കിയിരുന്ന അധിക പാര്‍ക്കിംഗ് സൗകര്യങ്ങളും രാത്രി 7.30 തോടെ നിറഞ്ഞു കവിഞ്ഞിരുന്നു. 
ശനിയാഴ്ച പുലര്‍ച്ചെ മരണത്തിന്റെ മണമുള്ള തീനാമ്പുകള്‍ നക്കിക്കരിച്ച അതേ നിലത്തേക്ക് ഗ്ലന്‍മാര്‍ക്ക് റോഡിലൂടെ നീണ്ട, മെഴുതിരിനാളങ്ങള്‍ കൊണ്ടു കുറിച്ച ഒരു ഓര്‍മ്മക്കുറിപ്പിന് മുന്നില്‍ നിന്ന് പലരും പൊട്ടിക്കരഞ്ഞു ചിലര്‍ കരയാനാവാതെ വിതുമ്പി. 

ഇതാര്‍ക്കും സംഭവിക്കാമെന്ന് പറഞ്ഞ് തേങ്ങുന്ന അയല്‍വാസി ആയ ജീന്‍ ഹഗ് വന്നത് തന്റെ മൂന്ന് മക്കളുമായാണ്. തങ്ങളെ വിട്ടു പോയ കുരുന്നുകളെ ഓര്‍ക്കുമ്പോള്‍ തന്റെ ഹൃദയം തകരുന്നുവന്ന് പറയുമ്പോഴേക്കും ആ തേങ്ങല്‍ ഒരു പൊട്ടിക്കരച്ചിലായി മാറുന്നു.

മരണം തീകൊണ്ട് തൊട്ടെടുത്ത ആ അഞ്ച് കുസൃതിക്കുരുന്നുകള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ആലേഖനം ചെയ്ത ബലൂണുകള്‍ ആകാശത്തേക്കുയര്‍ന്നപ്പോള്‍ രാത്രി മേഘങ്ങള്‍ക്ക് പിന്നിലിരുന്നു അവര്‍ അത് കണ്ട് നനഞ്ഞ കണ്ണുകളോടെ ചിരിച്ചിട്ടുണ്ടാവണം.

‘ഓരോ തവണ അവരെ ഓര്‍ക്കുമ്പോഴും ഞാന്‍ ആകെ തളരുന്നു’ അവര്‍ക്കായി കൊണ്ടുവന്ന കൊണ്ടുവന്ന ബലൂണിനെ, അവരെ തേടി സ്വര്‍ഗ്ഗവാതിലുകളിലേക്ക് അയച്ചു വിടാനാവാതെ, വിറയ്ക്കുന്ന ചുണ്ടുകളോടെ വിക്ലോയില്‍ നിന്നെത്തിയ മൗറീന്‍ മന്ത്രിക്കുന്നു. ഒടുവില്‍ തിരിച്ചു പോകും മുമ്പ്, വേര്‍പിരിഞ്ഞവരുടെ ബന്ധുക്കള്‍ക്ക് തങ്ങളാലാവുന്ന എല്ലാ സഹായവും എത്തിക്കുമെന്ന് കണ്ണീരുപ്പുള്ള പ്രതിജ്ഞ ഹൃദയത്തില്‍ ഉറപ്പിക്കുന്നു.

പക്ഷേ ദുരന്തമുഖത്ത് ഒന്നുറക്കെ കരയാന്‍ പോലും ആകാതെ ആ വെളുപ്പാന്‍ കാലത്ത് തൊട്ടടുത്ത കൂരകളില്‍ ഉറക്കമെണീറ്റ് പകച്ചു നിന്ന പതിനഞ്ചോളം വരുന്ന അവരുടെ കുടുംബാംഗങ്ങളെ ഐറിഷ് ജനത തള്ളി പറയുന്ന കാഴ്ച്ചയും ഇന്നലെ കണ്ടു. മരണത്തിന്റെ മണമുള്ള ആ കൂരകളില്‍ നിന്നും മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി അവിടുത്തെ സമീപ വാസികള്‍ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്നത് ഇന്നലെയും കണ്ടു.ഇന്ന് രാവിലെ ഒരു ഒത്തു തീര്‍പ്പ് ചര്‍ച്ച വിളിച്ചിട്ടുണ്ട്.അത് പരാജയപ്പെട്ടാലും വിജയിച്ചാലും സംഭവം കോടതിയില്‍ പോയി വേണമെങ്കിലും തടയുമെന്ന് പുനരധിവാസ പദ്ധതിയെ എതിര്‍ക്കുന്നവര്‍ പറയുന്നുണ്ട്.

പാവങ്ങളും ,ആരും പിന്തുണയ്ക്കാന്‍ ഇല്ലാത്തവരുമായ ട്രാവലേഴ്‌സിന്റെ അയല്‍ക്കാരാവാന്‍ പോലും അവര്‍ മടിക്കുകയാണ്.എല്ലാ രാഷ്ട്രീയക്കാരും രഹസ്യപിന്തുണയുമായി പ്രദേശവാസികള്‍ക്കൊപ്പമാണ്.ഈക്വാളിറ്റിയ്ക്ക് വേണ്ടി എത്ര റഫറണ്ടം നടത്തിയാലും,മരിച്ചവര്‍ക്ക് വേണ്ടി തിരി കത്തിച്ചു ബാഷ്പ്പാന്ജലി ഒരുക്കിയാലും ഉള്ളിന്റെ ഉള്ളിലെ വികാരമാണ് ഡണ്‍ലേരി റോക്ക് വില്ലെ എസ്റ്റേറ്റില്‍ ഇപ്പോഴും പ്രതിഷേധമായി കത്തി നില്‍ക്കുന്നത്.

cand 3 cand 2 cand

Scroll To Top