Friday November 16, 2018
Latest Updates

ഉത്സവലഹരിയായി അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ കാര്‍ണിവല്‍ ,ഇത് ഡബ്ലിന്റെ ജനകീയ മേള തന്നെ !

ഉത്സവലഹരിയായി അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെ കാര്‍ണിവല്‍ ,ഇത് ഡബ്ലിന്റെ ജനകീയ മേള തന്നെ !

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളാ ഹൗസ് കാര്‍ണിവലിന് ഉത്സവഛായയില്‍ പരിസമാപ്തി. . അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേര്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന കാര്‍ണിവലില്‍ പങ്കുചേരാനായി ലൂക്കന്‍ വില്ലേജിലെ യൂത്ത് സെന്ററില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

കാലാവസ്ഥാ പ്രവചനക്കാരെ തള്ളികളഞ്ഞ് മലയാളിപ്പെരുമയുടെ വര്‍ണ്ണാഭമായ മേളയ്ക്ക് പ്രകൃതിയും പിന്തുണയേകിയതോടെ രാവിലെ മുതല്‍ തന്നെ ആയിരക്കണക്കിന് പേരാണ് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലൂക്കന്‍ വില്ലേജിലെ കാര്‍ണിവല്‍ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തിയത്.

ഔപചാരികതയുടെ കുടകീഴിലല്ലാതെ മലയാളി മനസുകള്‍ കുശലം പങ്കുവെച്ചും,കൂടി കാഴ്ചകള്‍ നടത്തിയും.പരിചയം പുതുക്കിയും,കലാ കായിക വിനോദങ്ങള്‍ ആസ്വദിച്ചും,ഇഷ്ടരുചിഭേദങ്ങളുടെ തനിമയില്‍ മനസ് നിറച്ചും വിശാലമായ കാര്‍ണിവല്‍ കാഴ്ചകള്‍ കണ്ടും കൂടിയും പിരിയുമ്പോള്‍ ജാതി വര്‍ഗ വര്‍ണ്ണ വ്യത്യസങ്ങളെ ഒരിക്കലും അംഗീകരിക്കാത്ത മലയാളിയുടെ പൊന്നുമനസില്‍ ഉത്സവതാളം തുടികൊട്ടാതിരിക്കാന്‍ ആവില്ലായിരുന്നു.

വടംവലിയുടെ രാജാക്കന്മാരായത് കോര്‍ക്കില്‍ നിന്നെത്തിയ  കോര്‍ക്ക് ഈഗിള്‍സിന്റെ കരുത്തന്മാരായിരുന്നു. ഒന്നിനൊന്ന് പൊരുതി നിന്ന ഫിബ്‌സ്ബറോയും,സോര്‍ട്സും,താല ടീമുമെല്ലാം ജനാവലിയുടെ കൈയ്യടി നേടി.

ക്രിക്കറ്റില്‍ ലൂക്കന്‍ എല്‍സിസി പതിവ് തെറ്റിക്കാതെ ചാമ്പ്യന്‍ പട്ടം നേടിയപ്പോള്‍ ,താല ചലഞ്ചേഴ്സ് തൊട്ടു പിന്നാലെയെത്തി.

കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ക്രമീകരിച്ച നിരവധി സ്റ്റാളുകള്‍ ഉത്സവ വാണിഭസംഘങ്ങളെയാണ് അനുസ്മരിപ്പിച്ചത്.

മലയാളത്തിന്റെ ഓം ലെറ്റ് ദോശ തട്ടുകട മുതല്‍ ഡബ്ലിനിലെ കപ്പൂച്ചിയന്‍ സെന്ററിന് വേണ്ടി ചാരിറ്റി സ്റ്റാള്‍ ഒരുക്കിയ ഡബ്ലിനിലെ മലബാര്‍ ക്യുസിന്‍സിന്റെ ബിരിയാണികട വേറിട്ട് നിന്നു.

ഫിബ്‌സ്ബറോക്കാരുടെ സംരംഭമായ ഫിബ്‌സ്ബറോ കടയില്‍ രാവിലെ മുതല്‍ പൊരിഞ്ഞ കച്ചവടമായിരുന്നു.കുലുക്കി സര്‍ബത്ത് ദിനേശ് ബീഡി വരെ മുതല്‍ നാട്ടില്‍ കിട്ടുന്ന എല്ലാ വിഭവങ്ങളും ഫിബ്‌സ്ബറോ കടയില്‍ വിറ്റു പോയി.ജി എന്‍ പി സി യുടെ അംഗീകൃത വില്പനക്കാരും ഇവരായിരുന്നു എന്ന് സംഘാടകര്‍ അവകാശപ്പെട്ടെങ്കിലും,പ്‌ളേറ്റിലെ കറികള്‍ മാത്രമേ കുലുക്കി സര്‍ബത്തിനൊപ്പം ഉണ്ടായിരുന്നുള്ളു.

വിശ്വാസ് ഫുഡിന്റെ ആഭിമുഖ്യത്തിലൊരുക്കിയ സംഘടിപ്പിച്ച വിശ്വാസ് ലൈവ് കുക്കറി ഷോ മത്സരവും ആവേശോജ്വലമായി.പച്ചക്കപ്പയും സീ ബ്രീമും പാചകം ചെയ്ത് രുചിയും മികവും തെളിയിക്കാനായിരുന്നു മത്സരം.മത്സരാര്‍ത്ഥികള്‍ അരമണിക്കൂറിനകം കേരളത്തിന്റെ ഇഷ്ട വിഭവമൊരുക്കി വൈഭവംപ്രകടമാക്കി.

ഡബ്‌ള്യൂ എം സി ഒരുക്കിയ പുസ്തകശാലയിലും നിരവധി സന്ദര്‍ശകരെത്തി പിന്തുണ അറിയിച്ചു.

പാര്‍ക്കിംഗ് ലക്കി ഡ്രോയില്‍ താഴെ പറയുന്ന നമ്പറുകള്‍ വിജയികളായതായി കേരളാ ഹൗസ് അറിയിച്ചു
1st – Parking Sr.No: 121 
2nd – Parking Sr.No: 298

 

 

‘റോയല്‍ കാറ്ററേഴ്സും,സില്‍വര്‍ കിച്ചനുമടക്കമുള്ള പ്രമുഖരുടെ സാന്നിധ്യം മാത്രമല്ല, അച്ചാറും,പായസവുമായെത്തിയ നാട്ടുരുചി’കടകള്‍ വരെ കാര്‍ണിവല്‍ മേളയെ വര്‍ണ്ണാഭമാക്കി.

ഫോട്ടോ: ടോബി വര്‍ഗീസ്,നിഗു

Scroll To Top