Saturday August 19, 2017
Latest Updates

ജീവന് തുല്ല്യം സ്‌നേഹിച്ച ഭാര്യയേയും മക്കളെയും വഞ്ചിച്ച ഇന്ത്യാക്കാരന്‍ ഭര്‍ത്താവിനെ തള്ളികളഞ്ഞ് കാതലീന്‍ ,ഏത് അമ്മ സഹിക്കും ഈ സങ്കടം !

ജീവന് തുല്ല്യം സ്‌നേഹിച്ച ഭാര്യയേയും മക്കളെയും വഞ്ചിച്ച ഇന്ത്യാക്കാരന്‍ ഭര്‍ത്താവിനെ തള്ളികളഞ്ഞ് കാതലീന്‍ ,ഏത് അമ്മ സഹിക്കും ഈ സങ്കടം !

ഡബ്ലിന്‍:ദുഃഖം സഹിക്കാനാവാതെ ആ അമ്മ ഇടയ്ക്കിടെ കണ്ണീര്‍ വാര്‍ത്തു.അവരെങ്ങനെ കരയാതിരിക്കും ? കണ്ണിലെ കൃഷ്ണമണി പോലെ വളര്‍ത്തിക്കൊണ്ടു വന്ന രണ്ടു പൊന്നുമക്കളെ അവരുടെ അച്ഛന്‍ തന്നെ കഴുത്തില്‍ കയറിട്ടു മുറുക്കി ശ്വാസം മുട്ടിച്ചു ജീവനെടുത്താല്‍ ഏതമ്മയാണ് സഹിക്കുക ?

അയര്‍ലണ്ടിലെത്തിയ ആ ഇന്ത്യാക്കാരനെ ഡബ്ലിനില്‍ നഴ്‌സായ കാതലീന്‍ ജീവന് തുല്യമാണ് സ്‌നേഹിച്ചത്.ഗ്രാമത്തില്‍ ഏവര്‍ക്കും പ്രിയപ്പെട്ടവനായി മാറാന്‍ സഞ്ജയ്ക്ക് അധിക കാലം വേണ്ടിവന്നില്ല.ഗ്രാമസമിതിയുടെ മാനേജിംഗ് കമ്മിറ്റിയിലേയ്ക്ക് പോലും അയാള്‍ തെരഞ്ഞെടുക്കപ്പെട്ടു.

പക്ഷെ ചൂതാട്ടം…ബെറ്റിംഗാണ് അയാളെ നശിപ്പിച്ചത്. നാട്ടുകാര്‍ അയാളെ ചുമതലയെല്‍പ്പിച്ച ഗ്രാമത്തിലെ കമ്യൂണിറ്റി സെന്ററിലെ ഫണ്ടില്‍ നിന്നും ആരും അറിയാതെ പണം മാറ്റി ചൂതാട്ടത്തിന് പോകാന്‍ തുടങ്ങിയപ്പോള്‍ കാതലീന്‍ ആദ്യം അതറിഞ്ഞു.അവള്‍ക്കത് ചിന്തിക്കാന്‍ പോലും ആയില്ല.ഗ്രാമ സമിതി സംഭവം ഒത്തു തീര്‍പ്പാക്കിയെങ്കിലും അപമാനത്തിന്റെ നീറ്റലില്‍ ആയിരുന്നു കാതലീന്‍.

കൊല്ലപ്പെട്ട മക്കളുടെ ശവമഞ്ചങ്ങള്‍ വഹിച്ചു കൊണ്ടുള്ള വിലാപയാത്രയോടൊപ്പം കാതലീന്‍ ദേവാലയത്തിലേയ്ക്ക് (ഫയല്‍ ചിത്രം/ ഓഗസ്റ്റ് 2013 )

കൊല്ലപ്പെട്ട മക്കളുടെ ശവമഞ്ചങ്ങള്‍ വഹിച്ചു കൊണ്ടുള്ള വിലാപയാത്രയോടൊപ്പം കാതലീന്‍ ദേവാലയത്തിലേയ്ക്ക് (ഫയല്‍ ചിത്രം/ ഓഗസ്റ്റ് 2013 )എങ്കിലും സന്ജയിയുമായി ധാരണ മുറിച്ചു കളയാന്‍ മക്കളെയോര്‍ത്ത് അവള്‍ തയാറായില്ല.മക്കളെ അത്രയ്ക്കിഷ്ട്ടമായിരുന്നു അയാള്‍ക്ക്.മക്കള്‍ക്ക് അച്ഛനായിരുന്നു ഹീറോ.

മാത്രമല്ല സഞ്ജയിന്റെ ഇന്ത്യാക്കാരായ മാതാപിതാക്കളും,ബെല്‍ഫാസ്റ്റില്‍ താമസിക്കുന്ന ബന്ധുക്കളും ഒക്കെ നിറഞ്ഞ സ്‌നേഹമായിരുന്നു കാതലീനും കുടുംബത്തിനു നല്കിയിരുന്നത്.

പക്ഷെ തന്നെ അപമാനപ്പെടുത്തിയ കാതലീനെ ഒരു പാഠം പഠിപ്പിക്കണമെന്ന് ആ ക്രൂരനായ ഇന്ത്യാക്കാരന്‍ തീരുമാനിച്ചിരുന്നുവോ ?ചിലര്‍ പറയുന്നത് പോലെ അയാള്‍ക്ക് മനസികാസ്വസ്ഥ്യം ഉണ്ടായിരുന്നോ ?

കാര്‍ലോയില്‍ രണ്ട് മക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഇരട്ട ജീവപര്യന്തം ലഭിച്ച ഇന്ത്യക്കാരന്‍ സഞ്ജയ് ഛന്ദയുടെ ഭാര്യയും അയര്‍ലണ്ടുകാരിയുമായ കാതലീന്‍ ഛന്ദ കോടതിയ്ക്ക് നല്കിയ മൊഴിപ്രകാരം കടുത്ത വഞ്ചനയാണ് തന്റെ ഭര്‍ത്താവ് തന്നോടും മക്കളോടും കാട്ടിയതെന്നാണ് വിവരിക്കുന്നത്.

പതിനെട്ട് വര്‍ഷം മുന്‍പ് കണ്ടുമുട്ടിയ കാത്ത്‌ലീനും സഞ്ജയ് ഛന്ദയും 11 വര്‍ഷം മുന്‍പാണ് വിവാഹം കഴിച്ചത്. തുടര്‍ന്ന് രണ്ട് കുട്ടികളുമായി ഇരുവരും സന്തുഷ്ട കുടുംബ ജീവിതം നയിച്ചുവരുന്നതിനിടെയാണ് സ്വന്തം പിതാവ് തന്നെ മക്കളുടെ ഘാതകനായത്. 

കോടതിയ്ക്ക് നല്കിയ മൊഴിയില്‍ കാതലീന്‍ ഇപ്രകാരം പറഞ്ഞു 

‘കുട്ടികളുടെ കൊലപാതകം നടന്ന ദിവസം, 2013 ജൂലൈ 28. അന്ന് ഒരു ഞായറാഴ്ചയായിരുന്നു. അന്നാണ് സഞ്ജയ് ഞങ്ങളുടെ കുട്ടികളായ ഈഗന്‍ (10), റുവാരി (5) എന്നിവരെ കൂട്ടി പുറത്ത് പോയത്. കുട്ടികള്‍ക്ക് പാര്‍ട്ടി നല്‍കാന്‍ കൊണ്ടുപോകുന്നു എന്ന് പറഞ്ഞാണ് സഞ്ജയ് കുട്ടികളെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്. എന്നാല്‍ അത് കുട്ടികളുടെ അവസാന യാത്രയാണെന്ന് എനിക്ക് അറിയില്ലായിരുന്നു.. ഈഗനും, റുവാരിയും പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഏറെ മികവ് പുലര്‍ത്തിയിരുന്നു. 

തന്റെ അമ്മാവനെപ്പോലെ ഒരു കര്‍ഷകനാകണമെന്നായിരുന്നു ഈഗന്റെ ആഗ്രഹം. തന്റെ മറ്റൊരമ്മാവന്റെ പാത പിന്തുടര്‍ന്ന് ഷെഫ് മേഖലയില്‍ ജോലി ചെയ്യാനും ഈഗന്‍ ഇഷ്ടപ്പെട്ടിരുന്നു.

ഭാവിയില്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് റെസ്‌റ്റോറന്റ്റ് തുടങ്ങുന്നതിനെക്കുറിച്ച് പോലും ഈ ചെറു പ്രായത്തിലെ ഈഗന്‍ ആലോചിച്ചിരുന്നു. ഹര്‍ലിങ്ങും ഗോള്‍ഫുമായിരുന്നു ഈഗന്റെ ഇഷ്ട കായികവിനോദങ്ങള്‍. ഓള്‍ അയര്‍ലണ്ട് ചാമ്പ്യന്‍ഷിപ്പില്‍ ഭാവിയില്‍ കാര്‍ലോയ്ക്ക് വേണ്ടി ഫൈനല്‍ കളിക്കുന്നത് പോലും ഈഗന്‍ സ്വപ്നം കണ്ടിരുന്നു. ഗോള്‍ഫില്‍ റൊറി മക്ലോരിയെപ്പോലെ ഒരു താരമാകണമെന്നായിരുന്നു ഈഗന്‍ സ്വപ്നം കണ്ടിരുന്നത് കാതലീന്‍ മക്കളെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ഇങ്ങനെ പങ്കുവച്ചു. 

രണ്ടാമന്‍ റുവാരി ഈഗന്റെ കാലടികളെ അതേപടി പിന്തുടരുന്ന ആളായിരുന്നു. ഈഗന്‍ എന്ത് ചെയ്യുന്നോ അതാണ് റുവാരിയും ചെയ്യാന്‍ ഇഷ്ടപ്പെട്ടിരുന്നത്. സഹോദരങ്ങള്‍ അത്രയേറെ സ്‌നേഹത്തിലാണ് ജീവിച്ച് വന്നത്. എന്നിട്ടും സ്വന്തം പിതാവ് തന്നെ അവരുടെ ഘാതകനായി. 

മരണ വെപ്രാളത്തില്‍ പിടയുമ്പോള്‍ മക്കള്‍ തന്നെ വിളിച്ച് കരഞ്ഞിട്ടുണ്ടാകുമെന്ന് കാതലീന്‍ കണ്ണീരോടെ പറഞ്ഞു. അവരെന്നെ വിളിച്ചു കരഞ്ഞു കാണും …അവര്‍ പേടിച്ചു നിലവിളിച്ചിട്ടുണ്ടാവും …എന്താണ് സംഭവിക്കുന്നതെന്ന് അവര്‍ അറിഞ്ഞിട്ടുണ്ടാവും ..താനും മക്കളും സഞ്ജയ്‌നെ അത്രയേറെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു.പക്ഷെ എന്നോടും മക്കളോടും കൊടും വഞ്ചനയാണ് സഞ്ജയ് ചെയ്തത്. 

സ്വന്തം പിതാവിന്റെ കൂടെ മക്കളെ പറഞ്ഞയക്കുമ്പോള്‍ അവര്‍ അപകടത്തിലേക്കാണ് പറഞ്ഞയക്കുന്നതെന്ന് ഒരിക്കലും കരുതിയില്ലെന്നും കാതലീന്‍ കണ്ണീരോടെ കോടതിയില്‍ പറഞ്ഞു. ‘സഞ്ജയ് അവരുടെ അച്ഛനല്ലേ ?അദ്ദേഹത്തിന് ഇത്ര സ്വാര്‍ഥതയുള്ളവനാവാന്‍ കഴിയുമെന്നു ആരും വിചാരിച്ചില്ല..ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തെ പൂര്‍ണ്ണമായും ഇഷ്ട്ടപ്പെടുകയും വിശ്വസിക്കുകയും ചെയ്തു. 

മക്കളുടെ മരണം തനിക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. പൊന്നോമനകളുടെ പിറന്നാളിന് കെയ്ക്കും കാര്‍ഡുമായി വരുന്ന കൂട്ടുകാരെ താനിനി അവരുടെ കല്ലറയിലെക്കാണോ പറഞ്ഞു വിടേണ്ടത് കാതലീന്‍ ചോദിച്ചു. ജീവിതത്തില്‍ ഒരിക്കലും അവസാനിക്കാത്ത ദുഖത്തിലെക്ക് തന്നെ തള്ളിവിട്ടിട്ടാണ് സഞ്ജയ് രണ്ട് മക്കളെയും കൊന്നതെന്നും അവര്‍ പറഞ്ഞു. രണ്ട് വെളുത്ത പെട്ടികളിലായി മക്കളെ അടക്കം ചെയ്ത ദൃശ്യം ഇപ്പോഴും മറക്കാനാകില്ലെന്നും അവര്‍ കണ്ണീരോടെ പറഞ്ഞു. 

സ്വന്തം മക്കളുടെ സംസ്‌കാരച്ചടങ്ങില്‍ പോലും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ നന്മയെ പ്രതിഫലിപ്പിക്കുന്ന സന്ദേശങ്ങള്‍ ഉണ്ടാകണം എന്ന് നിര്‍ബന്ധം പിടിച്ച് ഉപനിഷിത് സൂക്തങ്ങള്‍ ഉള്‍പ്പെടുത്തിയ ആ അമ്മയുടെ കണ്ണീര്‍ അവസാനിക്കുന്നില്ല.

ഇടവകപ്പള്ളിയില്‍ ആത്മാവിന്റെ അനശ്വരതയെ കുറിച്ചു വിവരിക്കാന്‍ തിരഞ്ഞെടുത്ത ഭഗവത് ഗീതയിലെ വരികള്‍ പോലെയായി ആ അമ്മയുടെ ദുഃഖം.

ന ചൈനം ക്ലേദയന്ത്യാപോ 
ന ശോഷയതി മാരുതഃ

(‘ പ്രളയജലപ്രവാഹത്തിനുപോലും ഇതിനെ നനയ്ക്കുവാന്‍ കഴിയുകയില്ല. അഗ്‌നി ഇതിനെ ദഹിപ്പിക്കുകയോ വായു ഇതിനെ ഉണക്കിക്കളയുകയോ ചെയ്യുന്നില്ല’)

റെജി സി ജേക്കബ്

Scroll To Top