Tuesday October 16, 2018
Latest Updates

അയര്‍ലണ്ടിലേക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമില്ലാത്ത വിദേശ കെയറര്‍മാരെ തിരഞ്ഞെടുക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം :റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ അടുത്ത കബളിപ്പിക്കല്‍ പണി തുടങ്ങി,കുടുങ്ങരുത് …ജാഗ്രതേ !

അയര്‍ലണ്ടിലേക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യമില്ലാത്ത വിദേശ കെയറര്‍മാരെ തിരഞ്ഞെടുക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം :റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ അടുത്ത കബളിപ്പിക്കല്‍ പണി തുടങ്ങി,കുടുങ്ങരുത് …ജാഗ്രതേ !

ഡബ്ലിന്‍ :അയര്‍ലണ്ടിലേക്ക് കെയറര്‍മാരെ റിക്രൂട്ട് ചെയ്യാന്‍ വര്‍ക്ക് പെര്‍മിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് തയാറെടുക്കുന്നുവെന്ന വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്നും കെണികളില്‍ കുടുങ്ങരുതെന്നും മുന്നറിയിപ്പ്,ഒരു ഓണ്‍ ലൈന്‍ പോര്‍ട്ടലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇത്തരമൊരു വാര്‍ത്ത വ്യാപകമായി പ്രചരിപ്പിക്കുന്നത്.

എന്നാല്‍ കെയറര്‍മാരെ തിരഞ്ഞെടുക്കാനുള്ള ഒരു നടപടിക്രമങ്ങളും ആരംഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ‘ഐറിഷ് മലയാളി ന്യൂസിനോട് പറഞ്ഞു.

ഇത്തരമൊരു നിര്‍ദേശം പോലും വകുപ്പിന് ഇതേ വരെ ലഭിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.അതേ സമയം 2004 ന് മുമ്പ് കെയറര്‍മാര്‍ക്ക് വര്‍ക്കിംഗ് വിസ അനുവദിച്ച അവസ്ഥ യാതൊരു കാരണവശാലും അതേപടി പുനഃസ്ഥാപിക്കാനുള്ള സാധ്യതയില്ലെന്നും ഡിപ്പാര്‍മെന്റ് ഓഫ് എന്റര്‍പ്രൈസ് വ്യക്തമാക്കി.

അതേ സമയം അയര്‍ലണ്ടിലേക്ക് കേരളത്തില്‍ നിന്നും കെയറര്‍മാരെ വല വീശിപ്പിടിക്കാനുള്ള പത്രപരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.അങ്കമാലി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില റിക്രൂട്ട്‌മെന്റ് ഏജന്റുമാരാണ് വീണ്ടും മോഹനവാഗ്ദാനങ്ങളുമായി രംഗത്തുള്ളത്.

സന്യാസസഭകളുടെയും മറ്റും പേരുപയോഗിച്ച് പരസ്യങ്ങള്‍ ചെയ്ത്, ഐഇഎല്‍ടിസോ ഓഇടിയോ ഇല്ലാതെ നഴ്സുമാരെ അയര്‍ലണ്ടിലേക്ക് കൊണ്ട് വരാമെന്നും,തല്‍ക്കാലം കെയറര്‍മാരായി ജോലി ചെയ്യിപ്പിക്കാമെന്നതുമാണ് ഇവരുടെ വാഗ്ദാനം.

അടുത്തിടെ യോഗ്യതയുള്ളവരും ഐറിഷ് പൗരത്വമുള്ളവരുമായവര്‍ക്ക് നഴ്സായി രജിസ്ട്രേഷന്‍ നല്‍കാന്‍ എന്‍എംബി ഐ എടുത്ത തീരുമാനവും ഇവര്‍ ‘വളച്ചൊടിച്ച്’ പ്രചരിപ്പിക്കുന്നുണ്ട്.

നിശ്ചിത യോഗ്യതയുള്ള നഴ്സുമാരെ അയര്‍ലണ്ടില്‍ ആപ്റ്റിറ്റിയുട്ട് ടെസ്റ്റിന് എത്തിച്ച ശേഷം പരാജയപ്പെട്ടാലും അയര്‍ലണ്ടില്‍ തുടരാനുള്ള മാര്‍ഗങ്ങള്‍ വ്യാജമായി ഉണ്ടാക്കി കൊടുക്കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.രണ്ട് മുതല്‍ ഏഴു ലക്ഷം രൂപ വരെ തരാതരം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ടെന്നാണ് ലഭ്യമായ വിവരം.

മനുഷ്യക്കടത്തിനും,വ്യാജ രേഖ ചമയ്ക്കലിനും ഇരയാക്കി കൂടുതല്‍ പേരെ ചതിയില്‍ വീഴിക്കാനുള്ള ശ്രമമാണ് ചില റിക്രൂട്ട്‌മെന്റ് ഏജന്റുമാര്‍ നടത്തിവരുന്നത്.ജാഗ്രത പാലിച്ചില്ലെങ്കില്‍ പണനഷ്ടം മാത്രമല്ല,വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ ഏജന്റുമാര്‍ക്ക് കൂട്ട് നിന്നതിന് ശിക്ഷയും ലഭിക്കുമെന്നുറപ്പാണ്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top