Thursday December 08, 2016
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ ക്ലാമ്പ് ചെയ്ത കാര്‍ വിമുക്തമാക്കാനും കൂലിക്കാര്‍ ! അക്രമി കാമറയില്‍ കുടുങ്ങി 

ഡബ്ലിന്‍ സിറ്റിയില്‍ ക്ലാമ്പ് ചെയ്ത കാര്‍ വിമുക്തമാക്കാനും കൂലിക്കാര്‍ ! അക്രമി കാമറയില്‍ കുടുങ്ങി 

ഡബ്ലിന്‍:അനധികൃതമായി പാര്‍ക്ക് ചെയ്ത കാര്‍ ക്ലാമ്പിങ്ങ് ചെയ്യപ്പെട്ടപ്പോള്‍ ചുറ്റിക ഉപയോഗിച്ച് ക്ലാമ്പ് തല്ലിപ്പൊട്ടിച്ചയാള്‍ ക്യാമറയില്‍ കുടുങ്ങി.
ഡബ്‌ളിന്‍ നോര്‍ത്ത് ഇന്നര്‍ സിറ്റിയിലെ സ്മിത്ത്ഫീല്‍ഡ് സ്‌ക്വയറിനടുത്തായി ബോ സ്ട്രീറ്റില്‍ ഇന്നലെ ഉച്ചയ്ക്ക് 2.45നാണ് സംഭവം. 80യൂറോയുടെ ഫൈന്‍ ഒഴിവാക്കുന്നതിനായി 10 മിനിറ്റോളം അദ്ധ്വാനിച്ചാണ് ഇയാള്‍ ക്ലാമ്പിങ്ങ് തല്ലി തകര്‍ത്തത്. വലിയ ശബ്ദത്തോടെ പരസ്യമായി തന്നെയായിരുന്നു ഇയാളുടെ പ്രവര്‍ത്തിയെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറയുന്നു.കാറിന്റെ ഉടമ കൂലി കൊടുത്താവണം മറ്റൊരാളെ കൊണ്ട് ഈ ജോലി ചെയ്യിപ്പിച്ചതെന്നു കരുതപ്പെടുന്നു.

ഇയാള്‍ ക്ലാമ്പിങ്ങ് തല്ലി തകര്‍ക്കുമ്പോള്‍ കാറിന്റെ ഉടമ സ്ഥലത്തു നിന്നും രക്ഷപെടാനുള്ള വ്യഗ്രതയിലായിരുന്നു. ക്ലാമ്പ് തകര്‍ന്ന ശേഷം ഒരു സ്ത്രീ കൈകുഞ്ഞുമായി കാറിന്റെ പിന്‍ സീറ്റില്‍ കയറിയിരിക്കുന്നതും, കാര്‍ സ്ഥലം വിടുന്നതുമായ ദൃശ്യങ്ങളും വീഡിയോയില്‍ വ്യക്തമാണ്.
എന്നാല്‍ ഇതു കൊണ്ടൊന്നും കാറിന്റെ ഉടമ രക്ഷപെടില്ല എന്നതാണു സത്യം. കാര്‍ ക്ലാമ്പ് ചെയ്യുമ്പോല്‍ തന്നെ ഡബ്ലിന്‍ സ്ട്രീറ്റ് പാര്‍ക്കിങ്ങ് സര്‍വീസ് കാറിന്റെ നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ടാവും.ഇതുപയോഗിച്ച് ഉടമയെ കണ്ടെത്താം. ക്ലാമ്പ് തല്ലിതകര്‍ത്തയാളും ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടും.
2014ല്‍ മാത്രം ഡബ്ലിന്‍ സിറ്റിയില്‍ 56,000 വാഹനങ്ങള്‍ ക്ലാമ്പ് ചെയ്യപെട്ടതിലൂടെ ഡബ്‌ളിന്‍ സിറ്റി കൗണ്‍സിലിന് 4.3 മില്ല്യണ്‍ യൂറോ വരുമാനം ലഭിച്ചു. 2014ല്‍ ക്ലാമ്പിങ്ങിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച സ്ഥലം ഓര്‍മോണ്ട് ക്വേ അപ്പര്‍ ആണ്.









Scroll To Top