Monday December 05, 2016
Latest Updates

നഴ്‌സിംഗ് ഹോമില്‍ നിന്നും ‘ചാടിപ്പോയ’രോഗി കാറിടിച്ചു മരിച്ചു:നഴ്‌സുമാരുടെ ദൌര്‍ലഭ്യം അപകടങ്ങള്‍ക്ക് കാരണമാവുന്നതായി പരാതിയുയരുന്നു

നഴ്‌സിംഗ് ഹോമില്‍ നിന്നും ‘ചാടിപ്പോയ’രോഗി കാറിടിച്ചു മരിച്ചു:നഴ്‌സുമാരുടെ ദൌര്‍ലഭ്യം അപകടങ്ങള്‍ക്ക് കാരണമാവുന്നതായി പരാതിയുയരുന്നു

ഗോള്‍വേ :നഴ്‌സിംഗ് ഹോമുകളില്‍ നിന്നും ആശുപത്രികളില്‍ നിന്നും അധികൃതരുടെ അനുവാദം വാങ്ങാതെ ഇറങ്ങി പോകുന്ന വൃദ്ധരായ രോഗികള്‍ അയര്‍ലണ്ടിലെ ആശുപത്രികളിലെ ഏറ്റവും പ്രശ്‌നക്കാരാണ്.നഴ്‌സുമാരുടെ പരിചരണത്തില്‍ നിന്നും കണ്ണുവെട്ടിച്ചാണ് ഇക്കൂട്ടരില്‍ മിക്കവരുടെയും പാലായനം.

കാണാതെ പോകുന്ന രോഗികളെ കണ്ടു പിടിയ്ക്കും മുമ്പേ ഇവര്‍ അപകടങ്ങളിലെങ്ങാനും ചെന്ന് പെട്ടാല്‍ നഴ്‌സുമാര്‍ അടക്കമുള്ള ശുശ്രൂഷകര്‍ക്ക് വന്നേക്കാവുന്ന പൊല്ലാപ്പുകളും മാനസിക സംഘര്‍ഷവും പറഞ്ഞറിയിക്കാനും ആവില്ല.

അത്തരത്തിലൊരു അപകടമാണ് ഗോള്‍വേ ലീംറിക്ക് എന്‍ 18 റോഡില്‍ ആര്‍ഡ്രഹാനിനു സമീപമുണ്ടായത്.ഇന്നലെ രാത്രി പ്രദേശത്തെ നഴ്‌സിംഗ് ഹോമില്‍ നിന്നും ചാടിപ്പോയ രോഗി റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് കാര്‍ ഇടിച്ചു തെറിപ്പിച്ചത്.ഇതേ സമയം എതിര്‍ ദിശയില്‍ നിന്നും വന്നിരുന്ന ഗാര്‍ഡയുടെ പട്രോളിംഗ് കാര്‍ രോഗി കുറുകെ ചാടുന്നത് കണ്ട് പെട്ടന്നു നിര്‍ത്തിയെങ്കിലും അതിനു മുന്‍പേ ദുരന്തം സംഭവിച്ചിരുന്നു.നിര്‍ത്തിയിട്ട ഗാര്‍ഡ വാഹനത്തിലും ഇടിച്ച ശേഷമാണ് കാര്‍ നിന്നത്.രാത്രി 12.30 നായിരുന്നു സംഭവം.

പെട്ടന്ന് വാഹനം നിര്‍ത്തിയ ആഘാതത്തില്‍ രണ്ടു ഗാര്‍ഡ ഓഫിസര്‍മാര്‍ക്കും പരിക്കേറ്റു. ഇവരെ ഗോള്‍വേ യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രോഗിയെ ഇടിച്ച് തെറിപ്പിച്ച വാഹനത്തിന്റെ ഡ്രൈവറെ ഗാര്‍ഡ അറസ്റ്റ് ചെയ്തു.

ആശുപത്രികളില്‍ ആവശ്യത്തിനു നഴ്‌സുമാര്‍ ഇല്ലാത്തതിനാലാണ് ഇറങ്ങിപോകുന്ന രോഗികളെ കാണാതെയാവുന്ന സംഭവങ്ങള്‍ പെരുകുന്നത്.കെയറര്‍മാരോ,സെക്യൂരിറ്റി സ്റ്റാഫോ പോലും മിക്ക ആശുപത്രികളിലും കുറവാണ്.പത്തു മുതല്‍ പതിനാറു രോഗികളെ വരെ സംരക്ഷണത്തിന് ഏല്‍പ്പിക്കപ്പെട്ട നഴ്‌സുമാര്‍ക്കാവട്ടെ രോഗികളെ കാണാതായാല്‍ അധികൃതരുടെ പഴി കേള്‍ക്കേണ്ടിയും വരും.കൂടുതല്‍ മെഡിക്കല്‍ സ്റ്റാഫിനെയെങ്കിലും രോഗികളുടെ സംരക്ഷണത്തിന് നിയോഗിക്കുക എന്നതാണ് ഇത്തരം ദുരവസ്ഥ ഒഴിവാക്കാനുള്ള പോംവഴി.

Scroll To Top