Tuesday March 20, 2018
Latest Updates

അയര്‍ലണ്ടിനെ സ്‌നേഹിച്ച മദര്‍ തെരേസ,വിശുദ്ധപദവിയിലെത്തുന്നത് കാത്ത് രാജ്യം:ചടങ്ങുകള്‍ ആര്‍ ടി ഇ യില്‍ ലൈവ് സംപ്രേക്ഷണം

അയര്‍ലണ്ടിനെ സ്‌നേഹിച്ച മദര്‍ തെരേസ,വിശുദ്ധപദവിയിലെത്തുന്നത് കാത്ത് രാജ്യം:ചടങ്ങുകള്‍ ആര്‍ ടി ഇ യില്‍ ലൈവ് സംപ്രേക്ഷണം

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജനങ്ങള്‍ മദര്‍ തെരേസയെ തങ്ങളില്‍ ഒരാളായാണ് കണ്ടിരുന്നത്.ഏതാനം മാസങ്ങളെ അയര്‍ലണ്ടില്‍ മദര്‍ താമസിച്ചിരുന്നുള്ളു എങ്കിലും മദറിന് അയര്‍ലണ്ട് എന്നും മാതൃരാജ്യം പോലെയായിരുന്നു.

അത് കൊണ്ട് തന്നെയാണ് അയര്‍ലണ്ടിലെ ജനങ്ങള്‍ ഇന്നത്തെ ദിവസം ആഹ്ളാദത്തോടെ കാത്തിരിക്കുന്നത്.വത്തിക്കാനില്‍ നടക്കുന്ന മദറിന്റെ നാമകരണ ശുശ്രൂഷകള്‍ ദേശീയ റ്റെലിവിഷന്‍ ചാനലായ ആര്‍,ടി ഇ 1 ലൈവായി സംപ്രേക്ഷണം ചെയ്താണ് മദറിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നത്.രാവിലെ 9.10 മുതല്‍ ഇത് ലഭ്യമാകും.

സന്യാസജീവിതം തിരഞ്ഞെടുത്ത മദര്‍ യൂഗോസ്‌ളാവിയ നിന്നും എത്തിയ നാള്‍ മുതല്‍ പരിശീലനം പൂര്‍ത്തിയാക്കി ഇന്ത്യയിലേയ്ക്ക് പോയശേഷം ആദ്യ 20 വര്‍ഷങ്ങളിലും അയര്‍ലണ്ടുമായി സ്ഥിരബന്ധം പുലര്‍ത്തിയിരുന്നു.അക്കാലത്ത് മദര്‍ ഉള്‍പ്പെട്ടിരുന്നത് അയര്‍ലണ്ട് കേന്ദ്രമായുള്ള ലൊറേറ്റ കോണ്‍വെന്റിലായിരുന്നു എന്നതിനാലാണത്.

1928ല്‍ അയര്‍ലണ്ടിനോട് യാത്രപറഞ്ഞ മദര്‍ തെരേസ 1948 വരെ ഡബ്ലിനിലെ ലൊറേറ്റ സിസ്റ്റേഴ്സിന്റെ സുപ്പീരിയര്‍ ജനറലിന് വിധേയയായിയാണ് ഇന്ത്യയില്‍ സേവനം ചെയ്തത്.പരമ്പരാഗത ലൊറേറ്റിയന്‍ ശീലങ്ങളില്‍ നിന്നും വിട്ട് ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു പൂര്‍ണ്ണസമയ മിഷനറിയാവാന്‍ മദര്‍ തീരുമാനിച്ചത് 1948ലാണ്. അക്കാലത്തു സഭയുടെ ഡബ്ലിനിലെ സുപ്പീരിയര്‍ ജനറലായിരുന്ന മേരി ജേഡ്ര്യൂഡിന് മദര്‍ തെരേസ അതിനുള്ള അനുവാദം ചോദിച്ചു കൊണ്ടുള്ള കത്തയയ്ക്കുകയും ലോറേറ്റിയന്‍ സഭ അതിനുള്ള അനുമതി നല്‍കുകയും ചെയ്തതോടെയാണ് സര്‍വസംഗ പരിത്യാഗത്തോടെയുള്ള മദര്‍ തെരേസയുടെ യാത്ര ആരംഭിച്ചത്.dublin letter

1928ല്‍ ഒരു സന്യാസനാര്‍ഥിയായി ഡബ്ലിനില്‍ എത്തിയ മദറിന് പിന്നീടൊരിക്കലും തന്റെ അമ്മയെയോ സഹോദരിയെയോ കാണാനായില്ല. എങ്കിലും 1950ല്‍ മിഷനറീസ് ഓഫ് ചാരിറ്റി സ്ഥാപിച്ച ശേഷം അയര്‍ലണ്ടിലേയ്ക്ക് നിരവധി തവണ മദര്‍ സന്ദര്‍ശനം നടത്തി.മിഷനറി ജീവിതത്തില്‍ മദറിന് ആദ്യഘട്ടത്തില്‍ തുണയാകാന്‍ അയര്‍ലണ്ടില്‍ നിന്നുള്ള പിന്തുണയും വലുതായിരുന്നു.

അയര്‍ലണ്ടിലെ വിശ്വാസി സമൂഹത്തിന്റെ ചെറിയ ആവശ്യങ്ങള്‍ പോലും തിരിച്ചറിയാന്‍ മദറിന് ആവുമായിരുന്നു.1993 ജൂണില്‍ മദര്‍ അയര്‍ലന്‍ഡ് സന്ദര്‍ശിച്ചത് അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചു വരുന്ന ഗര്‍ഭച്ചിദ്രത്തിന്റെ ആശങ്കയിലായിരുന്നു.പരിശുദ്ധ ‘അമ്മ പ്രത്യക്ഷയായ  നോക്കില്‍ സംഘടിപ്പിച്ച പ്രാര്‍ഥനാ യോഗത്തില്‍ മദര്‍ ജപമാലയര്‍പ്പിച്ചത് ഗര്‍ഭച്ഛിദ്രത്തിനെതിരേ പ്രവര്‍ത്തിക്കാനും കുടുംബ പ്രാര്‍ഥനയിലൂടെ ശക്തി സംഭരിക്കാനും ആവശ്യപ്പെട്ടു കൊണ്ടായിരുന്നു.(വീഡിയോ കാണാം)

1983ല്‍ എട്ടാം ഭരണഘടനാ ഭേദഗതിയ്ക്കുള്ള റഫറണ്ടം വഴി അയര്‍ലണ്ടിലെ ജനങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം ബഹു ഭൂരിപക്ഷത്തോടെ അംഗീകരിച്ചെങ്കിലും എട്ടാം ഭരണഘടനാ ഭേദഗതി തിരുത്തി അബോര്‍ഷനുള്ള അവസരം ഉണ്ടാക്കാനായി ഒരു വിഭാഗം ഇപ്പോഴും പൊരുതുകയാണ്.സവിത ഹാലപ്പനവര്‍ എന്ന ഇന്ത്യയ്ക്കാരിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളുടെ ഫലമായി ഗര്‍ഭസ്ഥ ശിശുക്കളെ ‘കൊല്ലാനുള്ള’ നിയമ അനുമതി ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും അവര്‍ നിരാശരായി.

നമ്മെ പോലെ ജീവിക്കാന്‍ അവകാശമുള്ള കുരുന്നു ജീവന് വേണ്ടി സ്വര്‍ഗത്തില്‍ മാധ്യസ്ഥം വഹിക്കാന്‍ വിശുദ്ധയായ അമ്മയുള്ളപ്പോള്‍ ഗര്‍ഭഗൃഹങ്ങളില്‍ അവര്‍ എന്നും സുരക്ഷിതരായിക്കട്ടെ എന്ന് നമുക്ക് ആശിക്കാം

റെജി സി ജേക്കബ്

Scroll To Top