Friday December 09, 2016
Latest Updates

കോര്‍ക്കിലെ കഞ്ചാവ് കൃഷിക്കാരന്‍ കോടതിയില്‍ താരമായി,സ്വയം വാദിച്ചു ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു

കോര്‍ക്കിലെ കഞ്ചാവ് കൃഷിക്കാരന്‍ കോടതിയില്‍ താരമായി,സ്വയം വാദിച്ചു ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടു

കോര്‍ക്ക്:കഞ്ചാവ് കൃഷിക്കാരനെ പിടികൂടിയ ഗാര്‍ഡയെ സാര്‍ജന്റ്(എസ് ഐ യ്ക്ക് തുല്യമായ പോസ്റ്റ്)സ്ഥാനം നല്‍കി ആദരിക്കണമെന്ന് കോടതിയോട് വാദിയുടെ അഭ്യര്‍ഥന.കോര്‍ക്ക് കൌണ്ടിയിലെ സ്‌കിബിറീനില്‍ കഞ്ചാവ് കൃഷി ചെയ്തതിന്റെ പേരില്‍ ഗാര്‍ഡ അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയ ഡേവിഡ് വാള്‍ട്ടനാണ് വിചിത്രമായ ഈ ആവശ്യം കോടതിയ്ക്ക് മുമ്പില്‍ സമര്‍പ്പിച്ചത് .

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ജോണ്‍ മകാര്‍ത്തി എന്ന ഗാര്‍ഡ പരസ്യമായി കഞ്ചാവ് പൈപ്പ് വലിച്ചു കൊണ്ടിരിക്കുന്ന ഡേവിഡ് വാള്‍ട്ടനെ കണ്ടെത്തിയത്.സംശയം തോന്നി അയാളുടെ കൃഷിയിടം പരിശോധിച്ചപ്പോഴാണ് സമൃദ്ധമായ വിളവു നല്കി വളരുന്ന 63 കഞ്ചാവ് ചെടികള്‍ ഇയാളുടെ തോട്ടത്തില്‍ കണ്ടെത്തിയത്.

അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ലീഗല്‍ സഹായം ആവശ്യമെങ്കില്‍ നല്കാമെന്നു കോടതി അറിയിച്ചെങ്കിലും തനിക്ക് 72 വയസു പ്രായമായെന്നും കോടതിയില്‍ കാര്യങ്ങള്‍ താന്‍ തന്നെ അവതരിപ്പിച്ചു ജയിക്കാനുള്ള പ്രായമായെന്നും ആയിരുന്നു ഇയാളുടെ നിലപാട്.25 വയസുള്ള ഏതെങ്കിലും വക്കീലിനെ വെയ്ക്കുന്നതിനെക്കാള്‍ നന്നായി കാര്യങ്ങള്‍ കോടതിയില്‍ അവതരിപ്പിക്കാന്‍ തനിക്കാവും എന്നും ഇയാള്‍ അവകാശപ്പെട്ടു.

തന്റെ പറമ്പില്‍ വളരുന്ന കഞ്ചാവിനു 50,000 യൂറോ വിലയുണ്ടന്നു താന്‍ സ്വപ്‌നേപി വിചാരിച്ചില്ലെന്നും അത്രയും വിലയുണ്ടെന്ന് ഗാര്‍ഡ പറഞ്ഞപ്പോള്‍ അത്ഭുതപ്പെട്ടു പോയെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷങ്ങളില്‍ മരിച്ചു പോയ തന്റെ ചില സ്‌നേഹിതര്‍ കഞ്ചാവ് വലിച്ചു വേദന കുറച്ചെന്നും,ഒരു വേദനാ സംഹാരി എന്ന നിലയില്‍ കഞ്ചാവ് കൃഷി ചെയ്യുന്നത് നിയമവിധേയമാക്കണമെന്നും ഇദ്ദേഹം കോടതിയില്‍ വാദിച്ചു!പബ്ബില്‍ പോയി കാശ് കളയുന്ന സ്വഭാവം പോലും തനിക്കില്ലെന്നും ഇയാള്‍ വെളിപ്പെടുത്തി.

അറസ്റ്റ് ചെയ്ത ഗാര്‍ഡയെ ക്രോസ് വിസ്താരം ചെയ്യണമോ എന്ന് കോടതി ചോദിച്ചപ്പോഴാണ് ഇത്രയും നല്ല ഒരു ഗാര്‍ഡയെ താന്‍ ജീവിതത്തില്‍ കണ്ടിട്ടില്ലെന്നും അധികാരം ഉണ്ടായിരുന്നെങ്കില്‍ ഗാര്‍ഡയെ സാര്‍ജന്റ് ആക്കി പ്രൊമോഷന്‍ കൊടുക്കാന്‍ താന്‍ ഉത്തരവിടുമായിരുന്നു എന്നും ഇയാള്‍ പറഞ്ഞത്,പ്രതിയുടെ മറുപടി കേട്ട് കോടതി പോലും പൊട്ടിച്ചിരിച്ചുപോയി.

എന്തായാലും ആവേശപൂര്‍വമുള്ള പ്രതിയുടെ വാദങ്ങള്‍ കേട്ട കോടതി ഇയാള്‍ക്ക് രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.എന്നാല്‍ ശിക്ഷയില്‍ ഇളവു നല്‍കണം എന്ന അഭ്യര്‍ഥന പരിഗണിച്ച കോടതി ഇനി അടുത്ത മൂന്നു വര്‍ഷത്തേയ്ക്ക് കഞ്ചാവ് കൃഷി ചെയ്യില്ലെന്ന് ഉറപ്പുനല്കിയാല്‍ 2 വര്‍ഷത്തെ ശിക്ഷയും ശിക്ഷ ഇളവു ചെയ്യാം എന്ന് അറിയിച്ചു.മൂന്ന് വര്‍ഷം കഴിഞ്ഞു വീണ്ടും കൃഷി തുടങ്ങമെന്നുള്ള സന്തോഷത്തിലാണ് ഡേവിഡ് ഇപ്പോള്‍ !

Scroll To Top