Sunday December 17, 2017
Latest Updates

ഫ്രാന്‍സിസ്  ഫിറ്റ്‌സ് ജെറാള്‍ഡ് ഐറിഷ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഫിനഗേലിന്റെ സ്ഥാനാര്‍ഥിയായേക്കും

ഫ്രാന്‍സിസ്  ഫിറ്റ്‌സ് ജെറാള്‍ഡ് ഐറിഷ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഫിനഗേലിന്റെ സ്ഥാനാര്‍ഥിയായേക്കും

ഡബ്ലിന്‍ : വിവാദക്കുരുക്കില്‍പ്പെട്ട് സ്ഥാനം ഉപേക്ഷിക്കേണ്ടിവന്ന ഉപപ്രധാനമന്ത്രി ഫ്രാന്‍സിസ്  ഫിറ്റ്‌സ് ജെറാള്‍ഡ്   പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫിനഗേലിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന.പാര്‍ട്ടിയിലെ ഉന്നത കേന്ദ്രങ്ങള്‍ തന്നെയാണ് ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്.രാജിവെച്ചെങ്കിലും  ഫിറ്റ്‌സ് ജെറാള്‍ഡ്  മുന്‍നിര രാഷ്ട്രീയത്തില്‍ തുടരണമെന്നാണ് തന്റെ താത്പര്യമെന്ന് ലിയോ വരദകര്‍ നേരത്തേ തന്നെ പ്രസ്താവിച്ചിരുന്നു.എന്നാല്‍ ഇനിയൊരു മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഫിറ്റ്‌സ് ജെറാള്‍ഡിന്റെ നിലപാട്.അതിനാല്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തല്‍ ഉണ്ടാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നില്ല. ഈ പശ്ചാത്തലത്തിലാണ് അടുത്ത ഐറിഷ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഫിനഗേലിന്റെ പ്രതിനിധിയായി ഇവരെ മല്‍സരിപ്പിക്കാന്‍ ആലോചിക്കുന്നത്.

2018 ല്‍ നിലവിലുള്ള പ്രസിഡണ്ട് മൈക്കിള്‍ ഡി ഹിഗ്ഗിന്‍സിന്റെ കാലാവധി അവസാനിക്കും.

വിവാദനായികയാണെങ്കിലും ഭാവിയില്‍ നടക്കുന്ന റെഫറണ്ടം കാമ്പെയിനുകളില്‍ ഫിറ്റ്സ്ജെറാള്‍ഡിന് പ്രമുഖ റോള്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നു.ഗാര്‍ഡ വിസില്‍ ബ്ലോവര്‍ മൗറിസ് മക്കെബെയുമായി ബന്ധപ്പെട്ട ഇ മെയില്‍ വിവാദമാണ് ഫ്രാന്‍സിസ് ഫിട്സ് ജെറാള്‍ഡിന്റെ സ്ഥാന ത്യാഗത്തില്‍ കലാശിച്ചത്.ഈ വിവാദം അന്വേഷിക്കുന്ന ട്രൈബ്യൂണലിന്റെ വിധിയെത്തുമ്പോള്‍ ഫിറ്റ്സ്ജെറാള്‍ഡ് കുറ്റവിമുക്തയായി തിരിച്ചെത്തുമെന്ന് ഇവരുടെ രാജി സംബന്ധിച്ച് ഡെയ്ലില്‍ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചിരുന്നു.’നല്ല പേര് പുനസ്ഥാപിച്ച് അവര്‍ തിരികെയെത്തും.രാഷ്ട്രീയത്തിലും പൊതു സമൂഹത്തിലും ഉയര്‍ന്ന സ്ഥാനത്ത് അവര്‍ തുടരുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു’ .പ്രധാനമന്ത്രി പറഞ്ഞു.

Scroll To Top