Saturday December 10, 2016
Latest Updates

എഴുപതിനായിരം വിദേശതൊഴിലാളികളെ കാനഡ പുറത്താക്കാന്‍ ഒരുങ്ങുന്നു,കുടിയേറ്റക്കാര്‍ പ്രതിഷേധത്തില്‍ 

എഴുപതിനായിരം വിദേശതൊഴിലാളികളെ കാനഡ പുറത്താക്കാന്‍ ഒരുങ്ങുന്നു,കുടിയേറ്റക്കാര്‍ പ്രതിഷേധത്തില്‍ 


സെന്റ് ക്ലെയര്‍:ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന നാലു വര്‍ഷത്തെ കുടിയേറ്റ പരിധിയില്‍ ഇളവ് ആവശ്യപ്പെട്ടു വിവിധ കുടിയേറ്റ തൊഴിലാളി സംഘടനകള്‍ കാനഡയില്‍ പ്രതിഷേധ റാലികള്‍ സംഘടിപ്പിച്ചു. വിദേശീയരായ താത്കാലിക തൊഴിലാളികള്‍ക്കാണ് പരമാവധി നാലു വര്‍ഷമെന്ന സമയപരിധി സര്‍ക്കാര്‍ നിശ്ചയിച്ചത്.ഇത് പ്രകാരം കാനഡയില്‍ താത്കാലികമെത്തിയ വിസയില്‍ എത്തിയവര്‍ രാജ്യം വിട്ടു പോകണം. എന്നാല്‍ താത്കാലിക തൊഴിലാളികളായി ക്യാനഡയിലെത്തിയ കുടിയേറ്റക്കാരെ സ്ഥിരം താമസക്കാരാക്കി മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്.

2011 ഏപ്രില്‍ ഒന്നിന് അവതരിക്കപ്പെട്ട ‘ഫോര്‍ ആന്‍ഡ് ഫോര്‍’ എന്നറിയപ്പെടുന്ന വിവാദ നിയമപ്രകാരം രാജ്യത്ത് നാലു വര്‍ഷം പൂര്‍ത്തിയാക്കിയ എല്ലാ താത്കാലിക വിദേശ തൊഴിലാളികളും രാജ്യം വിട്ടു പോകണം. ഇവര്‍ക്ക് അടുത്ത നാലു വര്‍ഷത്തേക്ക് കാനഡയില്‍ തിരിച്ചു വരാനുമാകില്ല. നേരത്തെ രാജ്യത്ത് നിലവിലുണ്ടായിരുന്ന നിയമപ്രകാരം ഇവര്‍ക്ക് വീസ പുതുക്കി അവിടെ തന്നെ തുടരാമായിരുന്നു.

ഇമ്മിഗ്രേഷന്‍ ഓഫീസര്‍മാരുടെ പക്കല്‍ നിന്നും കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെങ്കിലും ഏതാണ്ട് എഴുപതിനായിരത്തോളം ആളുകളെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് അഡ്വക്കസി ഗ്രൂപ്പുകള്‍ പറയുന്നതെന്ന് ടൊറെന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എതാണ്ട് 330,000 ആളുകള്‍ നിലവില്‍ കാനഡയില്‍ കുടിയേറ്റ തൊഴിലാളികളായി ജീവിക്കുന്നുണ്ട്. ടെംപററി ഫോറിന്‍ വര്‍ക്കര്‍ പ്രോഗ്രാമിന്റെ കീഴിലാണ് ഇവര്‍ ഇവിടെ ജോലി ചെയ്യുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇത്തരത്തില്‍ താത്ക്കാലിക തൊഴിലാളികളായി എത്തുന്നവരുടെ എണ്ണത്തില്‍ മൂന്നു മടങ്ങ് വര്‍ദ്ധനവ് വന്നിട്ടുണ്ട്. ഒന്റ്ാരിയോ, ആല്‍ബെര്‍ട്ട, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളില്‍ വികസിത രാജ്യങ്ങളുള്‍പ്പെടെ 50 രാജ്യങ്ങളില്‍
നിന്നുള്ളവരാണ്. ഫിലിപ്പിന്‍സ്, മെക്‌സിക്കൊ, യു.എസ്, ജമൈക്ക, ഇന്ത്യ, ഗോട്ടിമല, യുകെ, ഫ്രാന്‍സ്, കൊറിയ, അയര്‍ലണ്ട് എന്നീ രാജ്യങ്ങളാണ് ആദ്യ പത്തിലുള്ളതെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ക്യാനഡയുടെ കൈവശമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

കീബിയന്‍ രാജ്യങ്ങളില്‍നിന്നും ഫിലിപ്പിന്‍സില്‍നിന്നുമുള്ള 70000 ത്തോളം കെയര്‍ ഗീവേസ് കാനഡയില്‍ ജോലി ചെയ്യുന്നുണ്ട്. സഹായികളായി ജോലി ചെയ്യുന്നവര്‍ക്ക് രണ്ട് മൂന്ന് വര്‍ഷത്തിനകം പിആറിനായി അപേക്ഷിക്കാമെങ്കിലും ഇവരുടെ അപേക്ഷ നടപടികള്‍ പൂര്‍ത്തിയായെത്താന്‍ വര്‍ഷങ്ങളെടുക്കും. കഴിഞ്ഞ ഒക്ടോബറില്‍ ഇവര്‍ക്ക് ഇളവുകള്‍ നല്‍കുകയും തൊഴില്‍ ദാതാവിനൊപ്പം താമസിക്കാമെന്ന് അനുവദിക്കുകയും ചെയ്തിരുന്നു.

സെന്റ് ക്ലെയര്‍ ഈസ്റ്റിലുള്ള സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ വിത്തുകളുമായെത്തിയാണ് തൊഴിലാളികള്‍ പ്രതിഷേധിച്ചത്. തങ്ങള്‍ ഈ സമൂഹത്തില്‍ വേരുറച്ചവരാണെന്ന് പ്രതീകാത്മകമായി സൂചിപ്പിക്കുന്നതായിരുന്നു ഈ സമരരീതി. കാനഡയിലെ തൊഴിലാളി സംഘടനകളും സന്നദ്ധ സംഘടനകളും സര്‍ക്കാരിന്റെ ഈ തീരുമാനത്തോടെ യോജിക്കുന്നില്ല. ബുദ്ധിഹീനമായ തീരുമാനമെന്നായിരുന്നു സംഘടനകളുടെ പ്രതികരണം.





Scroll To Top