Tuesday January 16, 2018
Latest Updates

ധീരമായ തീരുമാനം; പക്ഷെ രാജിയിലൂടെ മുഖം രക്ഷിക്കാന്‍ ബ്‌ളാറ്റര്‍ക്കാവുമോ?

ധീരമായ തീരുമാനം; പക്ഷെ രാജിയിലൂടെ മുഖം രക്ഷിക്കാന്‍ ബ്‌ളാറ്റര്‍ക്കാവുമോ?

സെപ് ബ്‌ളാറ്റര്‍ രാജി വയ്ക്കണമെന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ ഏറ്റവും കടുത്ത വിമര്‍ശകര്‍ പോലും ഇത്ര പെട്ടെന്ന് അത് പ്രതീക്ഷിച്ചു കാണില്ല. കായിക രംഗത്ത് ലോകത്തിലെ ഏറ്റവും ശക്തിയാര്‍ജ്ജിച്ചു കഴിഞ്ഞ ഭരണസമിതിയില്‍ നിന്നും പൊടുന്നനെ ഒരു രാജി, അതും തിരഞ്ഞെടുക്കപ്പെട്ട് ഒരാഴ്ച്ച തികയും മുന്‍പായി തന്നെ.

വെള്ളിയാഴ്ച്ചയാണ് ഫിഫ പ്രസിഡണ്ട് സ്ഥാനത്തേക്ക് അഞ്ചാമൂഴത്തിനായി ബ്‌ളാറ്റര്‍ തിരഞ്ഞെടുക്കപ്പെട്ടത്. മറുപടി പ്രസംഗത്തില്‍ ബ്‌ളറ്റര്‍ പറഞ്ഞതു പോലെ തന്നെ പ്രായം വെറും സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ശരീരഭാഷ. എന്നാല്‍ രാജി പ്രസംഗമായപ്പോഴേക്കും ബ്‌ളാറ്റര്‍ ഏറെ ക്ഷീണിതനായിരുന്നു. 79 വയസ്സിന്റെ എല്ലാ പരാക്ഷീണതകളും അവിടെ പ്രകടമായിരുന്നു. ചൊവ്വാഴ്ച്ച ഫൂട്‌ബോള്‍ ലോകത്തെ പരമോന്നത ബഹുമതിയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങവെയുള്ള ആ വാക്കുകള്‍ നാലു തവണ ഫൂട്‌ബോള്‍ രംഗം അടക്കി വാണ ആ അതികായന്റെ ഏറ്റവും ക്ഷീണിതമായ സ്വരമായിരുന്നുവെന്നു വേണമെങ്കില്‍ പറയാം.

ഫിഫ മെമ്പര്‍മാരില്‍ ഭൂരിഭാഗത്തിന്റെയും പിന്തുണയെനിക്കുണ്ട്. എന്നാല്‍ ഫൂട്‌ബോള്‍ മാത്രം ചിന്തിക്കുന്ന, ശ്വസിക്കുന്ന, ഒരു ലോകത്തിന്റെ പിന്തുണയെനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ബ്‌ളാറ്റര്‍ പറഞ്ഞു നിര്‍ത്തി. സ്ഥാനമൊഴിയുന്നുവെന്നു പ്രഖ്യാപിച്ച ബ്‌ളാറ്റര്‍ അടുത്ത തിരഞ്ഞെടുപ്പ് ഉടനെയാക്കാന്‍ ഫിഫയോട് അഭ്യര്‍ഥിക്കുമെന്നും അറിയിച്ചു.

പ്രതീക്ഷിച്ചതു പോലെ തന്നെ സോഷ്യല്‍ മീഡിയയും തീരുമാനം ഏറ്റെടുത്തു, കൂടുതലും വിമര്‍ശനങ്ങളായിരുന്നു. ഒരു മഹാശല്യമൊഴിവായി എന്ന തരത്തില്‍ പോലും വലിയൊരു വിഭാഗം പ്രതികരിച്ചു. എന്നാല്‍ നല്ല വാക്കുകളും കുറവായിരുന്നില്ല. ബ്‌ളാറ്ററുടെ ഏറ്റവും വലിയ വിമര്‍ശകനും, ഒരു പരിധി വരെ ഈ തീരുമാനത്തിനു പോലും കാരണക്കാരനുമായ യുവേഫ പ്രസിഡണ്ട് മിഷേല്‍ പ്‌ളാറ്റിനിയുടെ പ്രതികരണമായിരുന്നു ശ്രദ്ധേയം. കടുത്തതും, ധീരവും, നല്ലതുമായ തീരുമാനം എന്നാണ് പ്‌ളാറ്റിനി രാജിയെ വിശേഷിപ്പിച്ചത്. എന്തായാലും വലിയൊരു മഞ്ഞു മല ഉരുകുന്നതിന് തുടക്കം കുറിക്കാന്‍ ബ്‌ളാറ്റര്‍ക്കായി എന്നത് സത്യമാണ്. ബ്‌ളാറ്റര്‍ തന്നെ പലതവണ പറഞ്ഞിട്ടുള്ളതു പോലെ ഫിഫയുടെ മുക്കിലും മൂലയിലും മുഴുവന്‍ ശ്രദ്ധ പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയാതെ പോയി എന്നു മാത്രമേ ഇനി കുറേയാളുകളെങ്കിലും പ്രശ്‌നങ്ങളെ വിലയിരുത്തുകയുള്ളൂ.

അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് കഴിഞ്ഞാഴ്ച്ച ഫിഫയുടെ 7 ഉന്നതരടക്കം 14 ഒഫീഷ്യലുകളെ അറസ്റ്റ് ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. 1998ല്‍ സ്ഥാനമേറ്റതു മുതല്‍ അഴിമതിക്കെതിരെ പോരാടി പേരെടുത്ത ബ്‌ളാറ്റര്‍ക്ക് തന്റെ കണ്‍വെട്ടത്ത് അഴിമതി നടക്കുന്നത് കണ്ടില്ലെന്ന് പറയാനാവുമായിരുന്നുല്ല. കൂനിന്‍മേല്‍ കുരുവെന്ന പോലെ ബ്‌ളാറ്ററുടെ വലംകയ്യും ഫിഫ സെക്രട്ടറി ജനറലുമായ ജെറോം വാല്‍ക്കെ ലോകക്കപ്പ് വേദികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന് ന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.ഇതോടെ തന്റെ കയ്യില്‍ കറ പുരണ്ടിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യത ബ്‌ളാറ്ററുടെ ചുമലിലായി. കൂടാതെ സ്ഥാനമൊഴിയാന്‍ കുടുംബവും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. പ്രത്യേകിച്ചും മകള്‍ കോറിന്‍.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അടുത്ത പ്രസിഡണ്ടിനെ കണ്ടെത്തുന്നത് അത്ര പെട്ടെന്ന് നടപ്പാവുന്ന കാര്യമല്ല. നോട്ടീസ് നല്‍കി നാലുമസത്തിനു ശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടുത്തി അടുത്തയാളെ സ്ഥനമേല്‍പ്പിക്കല്‍ സാധ്യമാവൂ. ഈ കാലയളവിനുള്ളില്‍ മുഖം രക്ഷിച്ച് പടിയിറങ്ങാമെന്നാണ് ബ്‌ളാറ്റര്‍ കരുതുന്നത്. എല്ലാവരും തിരഞ്ഞെടുപ്പിന്റെ ചൂടിലാവുമ്പോള്‍ കുറച്ച് കാലം തനിക്ക് ഏറ്റവും മികച്ച രീതിയില്‍ സ്വതന്ത്രമായി ജോലിചെയ്യാനാവുമെന്ന് ബ്‌ളാറ്റര്‍ പറഞ്ഞു വച്ചതിന്റെയും അര്‍ത്ഥം മറ്റൊന്നാവില്ല.

 

Scroll To Top