Wednesday December 07, 2016
Latest Updates

പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു,പൗണ്ട് വില 90 ലേയ്ക്ക്,ഓഹരി വിലയിടയുന്നു

പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു,പൗണ്ട് വില 90 ലേയ്ക്ക്,ഓഹരി വിലയിടയുന്നു

ലണ്ടന്‍: യൂറോപ്യന്‍ യൂണിയനില്‍നിന്നു ബ്രിട്ടന്‍ പുറത്തുപോയതിനു പിന്നാലെ പ്രധാനമന്ത്രി ഡേവിഡ് കാമറോണ്‍ രാജി പ്രഖ്യാപിച്ചു. തന്റെ അഭിപ്രായത്തില്‍നിന്നു വിഭിന്നമായി ജനവിധിയുണ്ടായ സാഹചര്യത്തില്‍ അമരക്കാരനായി നില്‍ക്കുന്നത് ഒട്ടും ഉചിതമല്ലെന്ന് കാമറോണ്‍ പറഞ്ഞു.

യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള 52 ശതമാനം ജനങ്ങളുടെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ബ്രിട്ടന്റെ പ്രധാനമന്ത്രിയായിരിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നു പറഞ്ഞ അദ്ദേഹം ബ്രിട്ടന്‍ സാമ്പത്തികമായി ഭദ്രമാണെന്നും പറഞ്ഞു.ഒക്ടോബറില്‍ നടക്കുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കോണ്‍ഫറന്‍സില്‍ പുതിയ പ്രധാനമന്ത്രി അധികാരമേല്‍ക്കും.

ഇന്നലെ 101 രൂപ വിലയുണ്ടായിരുന്ന പൗണ്ട് വില ഒരൊറ്റ ദിവസം കൊണ്ടു 90 വരെയായി കുറഞ്ഞിട്ടുണ്ട്.ബ്രിട്ടീഷ് ബാങ്കുകളുടെയടക്കം എല്ലാ പ്രധാന ഓഹരികളിലും ഇടിവ് സംഭവിച്ചിട്ടുണ്ട്.പൗണ്ട് വില 70 രൂപ വരെ താഴ്‌ന്നേക്കുമെന്നുള്ള സൂചനയാണ് സാമ്പത്തിക വിദഗ്ദര്‍ നല്‍കുന്നത്.പൗണ്ട് വിലയില്‍ 10 ശതമാനം റിക്കാര്‍ഡ് വില തകര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.

എച്ച് എസ് ബി സി യുടെ ഓഹരി വിലയില്‍ 5 ശതമാനമാണ് ഇടിവ്.

ബ്രിട്ടനിന്റെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള പിന്മാറ്റം ആഗോള വിപണയിലും പ്രതിഫലിച്ചു. സ്വര്‍ണവില പവന് 480 രൂപയാണ് കേരളത്തില്‍ വര്‍ധിച്ചത്. ആഗോളവിപണിയിലെ വിലമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചത്. ഗ്രാമിന് 60 രൂപ കൂടി പവന് 22,400 രൂപയിലെത്തി.

അതേസമയം, ബ്രെക്‌സിറ്റ് തീരുമാനം ഇന്ത്യയെ ദീര്‍ഘകാല അടിസ്ഥാനത്തില്‍ ബാധിക്കില്ലന്ന് ബാങ്കിങ് സെക്രട്ടറി അഞ്ജുലി ദുഗ്ഗല്‍ പറഞ്ഞു. ബ്രെക്‌സിറ്റിനെത്തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികള്‍ നേരിടാന്‍ കേന്ദ്ര സര്‍ക്കാരും ആര്‍.ബി.ഐയും എല്ലാ നടപടികളും എടുത്തിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറിയും അറിയിച്ചു.

 

Scroll To Top