Monday December 05, 2016
Latest Updates

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവിനുള്ളില്‍ ചുട്ടുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം ജയില്‍ ശിക്ഷ 

ഒരു മാസം പ്രായമുള്ള കുഞ്ഞിനെ മൈക്രോവേവിനുള്ളില്‍ ചുട്ടുകൊന്ന അമ്മയ്ക്ക് ജീവപര്യന്തം ജയില്‍ ശിക്ഷ 

കാലിഫോര്‍ണിയ:ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞ് പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ സ്ത്രീ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി.34 വയസുകാരിയായ ഇവര്‍ക്കെതിരെ 26 വര്‍ഷത്തെ ജീവപര്യന്തം തടവ് ശിക്ഷ അടുത്ത മാസം വിധിക്കും. കാലിഫോര്‍ണിയയിലെ വീട്ടമ്മയായ കാ യാംഗ് ആണ് മനുഷ്യത്വരഹിതമായ ഈ ക്രൂരകൃത്യം ചെയ്തത്.

2011 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നാലു ആഴ്ച മാത്രം പ്രായമായ മിറബെല്ലെ താവോലോയെന്ന സ്വന്തം മകളെ യാംഗ് വീട്ടിലെ മൈക്രോവേവില്‍ രണ്ടര മിനുട്ടോളം ഇട്ടതാണ് കുഞ്ഞിന്റെ മരണകാരണമെന്ന് പ്രോസിക്യൂട്ടര്‍ കോടതില്‍ പറഞ്ഞു. എന്നാല്‍ യാംഗ് അപസ്മാര രോഗിയാണെന്നും പെട്ടെന്ന് രോഗമുണ്ടായി ബോധം നഷ്ട്ടപെട്ടതാണ് സംഭവത്തിനു കാരണമായതെന്നും മന:പൂര്‍വം കുറ്റം ചെയ്തതല്ലെന്നുമാണ് പ്രതിഭാഗം കോടതിയില്‍ വാദിച്ചത്. 

മിറബെല്ലെയെ മടിയിലിരുത്തി കംപ്യൂട്ടറില്‍ ജോലി ചെയ്യുന്നതിനിടെ ചുഴലിരോഗത്താല്‍ ബോധരഹിതയാകുകയും പിന്നീട് ഉണര്‍ന്നപ്പോള്‍ തറയില്‍ ചോരയില്‍ കുളിച്ചുകിടക്കുന്ന കുഞ്ഞിനായാണ് കണ്ടതെന്നുമാണ് യാംഗ് ആദ്യം പോലീസിന് സത്യവാങ്മൂലം നല്കിയത്. 

എന്നാല്‍ മുമ്പെങ്ങും യാംഗിന് ചുഴലിരോഗം ഉണ്ടായതായുള്ള മെഡിക്കല്‍ റിപ്പോര്‍ട്ടൊന്നും ഇല്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് യാംഗ് പറയുന്നതെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയപ്പോള്‍ താന്‍ ഇരട്ട വ്യക്തിത്വം ഉള്ളയാളാണെന്നും യാംഗ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്നാല്‍ കുഞ്ഞിനെ ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ മൈക്രോവേവിലാണ് കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ മൊഴി നല്‍കി.ശരീരം മുഴുവന്‍ പൊള്ളലേറ്റുവെങ്കിലും കുഞ്ഞിന്റെ ഉടുപ്പും,തലമുടിയും കരിഞ്ഞു പോയിരുന്നില്ലയെന്നും പോലിസ് പറഞ്ഞു.വിവാഹിതയായ യാംഗിന് മറ്റു മൂന്നു മക്കളുമുണ്ട്.

Scroll To Top