Wednesday December 07, 2016
Latest Updates

കോഴിക്കോട് വിമാനത്താവളം ഒരു വര്‍ഷത്തേക്ക് ഭാഗീകമായി  അടച്ചിടുന്നു, നഷ്ടമാകുന്നത് കോടികള്‍

കോഴിക്കോട് വിമാനത്താവളം ഒരു വര്‍ഷത്തേക്ക് ഭാഗീകമായി  അടച്ചിടുന്നു, നഷ്ടമാകുന്നത് കോടികള്‍

കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിന്റെ റണ്‍വെ മെയ് മാസം ഒന്നാം തിയതി മുതല്‍ ഒരു വര്‍ഷത്തേക്ക് ഭാഗീകമായി അടച്ചിടുന്നു. അറ്റകുറ്റ പണികള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് റണ്‍വെ അടയ്ക്കുന്നതെന്നാണ് അധികൃതരൂടെ വിശദീകരണം. ചെറിയ പെരുന്നാള്‍, വേനലവധി, ഓണം എന്നിവ അടുത്ത ആറ് മാസത്തിനുള്ളില്‍ വരാനിരിക്കെ വലിയ വിമാനങ്ങള്‍ക്കൊന്നും കരിപ്പൂരില്‍ ഇറങ്ങാന്‍ സാധിക്കില്ല. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ ഒന്നുകില്‍ മംഗലാപുരത്ത് ഇറങ്ങണം അല്ലെങ്കില്‍ കൊച്ചിയില്‍ ഇറങ്ങണം. ഈ സാഹചര്യത്തില്‍ കോടികളുടെ നഷ്ടമാകും കരിപ്പൂര്‍ വിമാനത്താവളത്തിന് ഉണ്ടാകുന്നത്.

137 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ അധികമായി ഏറ്റെടുത്താണ് വിമാനത്താവള അധികൃതര്‍ റണ്‍വെ വികസനം വിഭാവനം ചെയ്യുന്നത്. എന്നാല്‍ ഇതിന്റെ ഭൂമി ഏറ്റെടുക്കല്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഇതിന് കാലതാമസമുണ്ടാകുകയാണെങ്കില്‍ റണ്‍വെ നിര്‍മ്മാണവും വൈകും. ഇത് വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തെ വീണ്ടും പ്രതികൂലമായി ബാധിക്കും.

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെയില്‍ വിള്ളലുകള്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അത് പരിഹരിക്കുന്നതിനായി ഓഫ് സീസണുകളില്‍ സമയമുണ്ടായിരുന്നു. അതിന് മുതിരാതെ സീസണ്‍ അടുത്തപ്പോഴുള്ള ഈ നടപടി പല സംശയങ്ങളിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. മുംബൈ വിമാനത്താവളം ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ ലോബിയെ സഹായിക്കാനുള്ള മനപ്പൂര്‍വമായ ശ്രമമാണോ ഇതിന് പിന്നില്‍ എന്ന് സംശയമുണ്ട്.

സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് കമ്മറ്റി നേരത്തെ കരിപ്പൂരിലെ റണ്‍വെ സന്ദര്‍ശിച്ച് ഇത് സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് റണ്‍വെയുടെ അറ്റകുറ്റപ്പണി നടത്താനും നീളം കൂട്ടാനും അധികൃതര്‍ തീരുമാനം കൈക്കൊണ്ടത്.

നിലവിലെ ക്രമീകരണം അനുസരിച്ച് മുന്നൂറിലേറെ യാത്രക്കാരുള്ള വലിയ വിമാനങ്ങള്‍ കരിപ്പൂറില്‍ ഇറക്കാന്‍ സാധിക്കില്ല. ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടു മണി വരെ വിമാനത്താവളം പൂര്‍ണമായും അടച്ചിടും. ചെറു വിമാനങ്ങള്‍ മാത്രമായിരിക്കും ഇനി കരിപ്പൂരില്‍ ലാന്‍ഡ് ചെയ്യുക.

Scroll To Top