Sunday December 11, 2016
Latest Updates

അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ ഇന്ത്യയില്‍ നിന്നും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു,മൂന്നു വര്‍ഷം കൊണ്ട് 50,000 ഭവനങ്ങള്‍ പണിയുമെന്ന് സര്‍ക്കാര്‍:കാത്തിരിക്കുകയാണോ മെച്ചം ?

അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ ഇന്ത്യയില്‍ നിന്നും ഫണ്ട് ട്രാന്‍സ്ഫര്‍ ചെയ്യുന്നവരുടെ എണ്ണം കൂടുന്നു,മൂന്നു വര്‍ഷം കൊണ്ട് 50,000 ഭവനങ്ങള്‍ പണിയുമെന്ന് സര്‍ക്കാര്‍:കാത്തിരിക്കുകയാണോ മെച്ചം ?

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഭവന പ്രതിസന്ധിക്ക് പരിഹാരമായി സര്‍ക്കാര്‍ കൂടുതല്‍ വീടുകള്‍ നിര്‍മ്മിക്കുന്നു. അടുത്ത ആറ് വര്‍ഷത്തിനകം സര്‍ക്കാര്‍ 110,000 വീടുകള്‍ നിര്‍മ്മിക്കും. 3.8 ബില്യന്‍ യൂറോ ചെലവിലാണ് പുതിയ ഭവന നിര്‍മ്മാണ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രി അലന്‍ കെല്ലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 110,000 വീടുകള്‍ നിര്‍മ്മിക്കുന്നതില്‍ 35,000 വീടുകള്‍ സോഷ്യല്‍ ഹൌസിംഗ് മേഖലയിലായിരിക്കും. 

അയര്‍ലണ്ടില്‍ ആകെ 90,000 കുടുംബങ്ങളാണ് വീടിനായി കാത്തിരിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും പ്രതിസന്ധി രൂക്ഷമായിരിക്കുന്നത് ഡബ്ലിനിലാണ്.ഡബ്ലിനില്‍ 19,000 കുടുംബങ്ങളാണ് വീടിനായി സര്‍ക്കാര്‍ ലിസ്റ്റ് പ്രകാരം മാത്രം കാത്തിരിക്കുന്നത്.മലയാളികള്‍ അടക്കം വാടകയ്ക്ക് താമസിക്കുന്ന ആയിരക്കണക്കിന് കുടിയേറ്റക്കാരെ ഉള്‍പ്പെടുത്താതെയുള്ള കണക്കാണിത്.അതെ സമയം ബംഗ്ലാദേശ്,പാക്കിസ്ഥാന്‍,ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും തലസ്ഥാനത്തു കുടിയേറിയിരിക്കുന്ന മുസ്ലീങ്ങളില്‍ ഭൂരിപക്ഷവും സോഷ്യല്‍ ഹൗസിങ്ങിനായി അപേക്ഷ നല്‍കിയിട്ടുല്ലവരാണ്.

ഇത്രയും ഭവനങ്ങള്‍ നിര്‍മ്മിക്കുകയും ജനസംഖ്യയില്‍ കാര്യമായ മാറ്റം വരാതിരിക്കുകയും ചെയ്യുമെങ്കില്‍ അടുത്ത വര്‍ഷങ്ങളില്‍ വാടക നിരക്കില്‍ ഗണ്യമായ കുറവ് വരുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന ആയിരക്കണക്കിന് പേര്‍ സോഷ്യല്‍ ഹൗസിംഗ് മേഖലയിലേയ്ക്കും,സ്വന്തം വീടുകളിലേയ്ക്കും മാറുമ്പോഴാണ് ഇത് സംഭവിക്കുക. 

രണ്ട് ഘട്ടമായിട്ടാക്കും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതി പൂര്‍ത്തിയാക്കുക. 2017 അവസാനത്തോടെ ആദ്യ ഘട്ടം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാകും.ഈ ഘട്ടത്തില്‍ 18,000 അധിക യൂണിറ്റുകളും സര്‍ക്കാര്‍ വാടക നല്‍കുന്ന 32,000 യൂണിറ്റുകളുമാകും നിര്‍മ്മിക്കുക.രണ്ടാം ഘട്ടം 2020 അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 17,000 അധിക യൂണിറ്റ് വീടുകളും സര്‍ക്കാര്‍ വാടക നല്‍കുന്ന 43,000 യൂണിറ്റുകളും ഉണ്ടായിരിക്കുന്നതാണ്.

2018 അവസാനത്തോടെ 10,000 വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഒക്ടോബര്‍ ബജറ്റില്‍ 2.2 ബില്യന്‍ യൂറോ വകയിരുത്തിയിരുന്നു. ഈ തുക ഉപയോഗിച്ചാക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.സര്‍ക്കാര്‍ അനുമതിയോടെ വിദേശ സംരംഭകര്‍ അടക്കമുള്ളവര്‍ അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ പണിതു കൊണ്ടിരിക്കുന്ന വീടുകള്‍ക്ക് പുറമെയാണിത്.ഇതോടെ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് ഭവനവിലയിലും ഗണ്യമായ കുറവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.

വീട് വാങ്ങാന്‍ മലയാളികള്‍ അടക്കമുള്ളവര്‍ തിടുക്കം കൂട്ടുന്നതാണ് നിലവില്‍ കാണുന്ന അവസ്ഥയെന്ന് ഹൗസിംഗ് സെക്റ്ററുകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവര്‍ സൂചിപ്പിക്കുന്നു.കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ കേരളത്തില്‍ നിന്നും നിക്ഷേപം അയര്‍ലണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത് വീട് വാങ്ങാനുള്ള അഡ്വാന്‍സ് സ്വരൂപിക്കുന്നവരുടെ എണ്ണം കൂടി വരുന്നുണ്ടെന്നു മണി ട്രാന്‍സ്ഫര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യൂ എ ഇ എക്‌സ്‌ചേഞ്ച് പോലെയുള്ള സ്ഥാപനങ്ങള്‍ വെളിപ്പെടുത്തുന്നു.

കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ബ്യൂമോണ്ടിലെ ഒരു കുടുംബം ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്തത് 70,000 യൂറോയാണ്.ചിലരാവട്ടെ അയര്‍ലണ്ടില്‍ വീട് വാങ്ങാന്‍ നാട്ടിലെ പ്രോപ്പര്‍ട്ടി വില്‍ക്കുന്നതായി പോലും റിപ്പോര്‍ട്ട്കളുണ്ട്.

സര്‍ക്കാരിന്റെ ഭവന മേഖലയിലെ പുതിയ ഇടപെടലുകള്‍ ഭവനവിലയില്‍ ഇടിവുണ്ടാക്കും എന്ന് കരുതപ്പെടുന്നതിനാല്‍ ഇത്തരം നിക്ഷേപങ്ങള്‍ പെട്ടന്ന് നടത്തുന്നത് രണ്ടു വട്ടം ആലോചിച്ചു വേണമെന്നാണ് പൊതു അഭിപ്രായം.

Scroll To Top