Tuesday December 06, 2016
Latest Updates

അയര്‍ലണ്ടില്‍ അനുവദിക്കുന്ന ബിസിനസ് വിസകളില്‍ മൂന്നിലൊന്നും ഇന്ത്യാക്കാര്‍ക്ക്,ജോലി തേടി അയര്‍ലണ്ടിലേയ്ക്ക് വരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് 

അയര്‍ലണ്ടില്‍ അനുവദിക്കുന്ന ബിസിനസ് വിസകളില്‍ മൂന്നിലൊന്നും ഇന്ത്യാക്കാര്‍ക്ക്,ജോലി തേടി അയര്‍ലണ്ടിലേയ്ക്ക് വരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് 

ഡബ്ലിന്‍;സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കര കയറിയതോടെ പ്രവാസികളെ ആകര്‍ഷിക്കുന്നതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന രാജ്യമായി അയര്‍ലണ്ട് മാറുന്നു. വര്‍ഷംതോറും ഇവിടേക്ക് ജോലി സ്വപ്നവുമായി വരുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.

അയര്‍ലണ്ടിലെ പ്രവാസികളില്‍ ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ കുതിപ്പാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അയര്‍ലണ്ടില്‍ അനുവദിക്കപ്പെട്ട ബിസിനസ് വിസയില്‍ മൂന്നിലൊന്നും ഇന്ത്യക്കാര്‍ക്കെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍.4610 ഇന്ത്യക്കാര്‍ക്ക് 2014 ല്‍ ബിസിനസ് വിസ അനുവദിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള ചൈനയ്ക്ക് 2618 വിസകളാണ് അനുവദിക്കപ്പെട്ടത്.

2010 ന് ശേഷം ഇന്ത്യാക്കാരടക്കമുള്ള വിദേശജോലിക്കാരുടെ കുതിച്ചുകയറ്റമാണ് അയര്‍ലണ്ടിലേയ്ക്ക് ഉണ്ടായിട്ടുള്ളത്.നാല് വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 15 ശതമാനം വര്‍ദ്ധനവ്.

കഴിഞ്ഞ വര്‍ഷം ആകെ അനുവദിക്കപ്പെട്ട 90,400 വിസകളില്‍ 17 ശതമാനം ബിസിനസ് വിസകളാണ്.ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ പ്രകാരം 2010 ല്‍ 13,365 വിസകള്‍ അനുവദിച്ചപ്പോള്‍ 2014 ല്‍ 15,400 ബിസിനസ് വിസകള്‍ അനുവദിച്ചു.

33 ശതമാനം വിസകള്‍ ഇന്ത്യയ്ക്ക് അനുവദിച്ചപ്പോള്‍ 18 ശതമാനത്തോളമാണ് ചൈനക്കാര്‍ അയര്‍ലണ്ടില്‍ ബിസിനസ് വിസയില്‍ എത്തിയത്.തൊട്ടു പിന്നാലെ 13 ശതമാനം റഷ്യക്കാരും ബിസിനസ് വിസ നേടി.

എന്നാല്‍ വിസ ആവശ്യമില്ലാത്ത അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ ബിസിനസ് സന്ദര്‍ശകര്‍ ഇന്ത്യാക്കാരെകാള്‍ കുറവാണെന്നാണ് കണക്കാക്കപ്പെടുന്നത്.

ഐ ടി മേഖലയില്‍ ജോലിയ്‌ക്കെത്തുന്ന ഇന്ത്യാക്കാരുടെ എണ്ണം വര്‍ദ്ധിച്ചതാണ് അയര്‍ലണ്ടിലേയ്ക്കുള്ള ബിസിനസ് വിസ അനുവദിക്കുന്നതില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്താന്‍ കാരണമായത് .2011 ല്‍ ആകെ അയര്‍ലണ്ടില്‍ ഉണ്ടായിരുന്ന പതിനെണ്ണായിരത്തില്‍പരം  ഇന്ത്യാക്കാരുടെ എണ്ണം ഇരട്ടിയെങ്കിലുമായി കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് വര്‍ദ്ധിച്ചിട്ടുണ്ടാവും എന്നാണ് അനൌദ്യോഗിക കണക്കുകള്‍ നല്കുന്ന സൂചന.

ഐ ടി,ഫിനാന്‍സ്,മേഖലകളില്‍ നല്‍കപ്പെടുന്ന വിസകളെ ക്കാള്‍ കുറവാണ് പുതിയതായി ആരോഗ്യ മേഖലയില്‍ ഇന്ത്യാക്കാര്‍ക്ക് ഇപ്പോള്‍ അനുവദിക്കപ്പെടുന്നവിസകളുടെ എണ്ണം..അര്‍ഹതയുള്ള നഴ്‌സുമാരെ ലഭ്യമാവാത്തതാണ് ഇതിന് കാരണം.

എറ്റിപ്പിക്കല്‍ വര്‍ക്കിംഗ് സ്‌കീം അനുസരിച്ച് അയര്‍ലണ്ടില്‍ എത്തിയ ഇന്ത്യാക്കാരുടെ എണ്ണം ആദ്യ വര്‍ഷം കുറവായിരുന്നു.അയര്‍ലണ്ടില്‍ ജോലിയ്ക്കായി പ്രവേശിക്കുവാന്‍ ഇന്ത്യാക്കാര്‍ക്ക് ഏറ്റവും സാധ്യതകള്‍ കൂടുതലുള്ള വഴിയാണ് എറ്റിപ്പിക്കല്‍ വര്‍ക്കിംഗ് സ്‌കീം.വേണ്ട വിധത്തില്‍ അപേക്ഷകള്‍ തയാറാക്കാത്തതും,ഇവിടെ ജോലി ഒഴിവുള്ള സ്ഥാപനങ്ങളെ കണ്ടെത്തി ഇന്ത്യന്‍ ഉദ്യോഗാര്‍ഥികളുമായി ബന്ധപ്പെടാന്‍ കാര്യക്ഷമമായ ഏജന്‍സികള്‍ ഇല്ലാത്തതുമാണ് എറ്റിപ്പിക്കല്‍ വര്‍ക്കിംഗ് സ്‌കീം.വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ ഇന്ത്യാക്കാര്‍ക്ക് സാധിക്കാതെ പോകുന്നത്.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച എറ്റിപ്പിക്കല്‍ വര്‍ക്കിംഗ് സ്‌കീം വഴി ആകെ 1,300 പേര്‍ക്കേ വിസ ലഭിച്ചുള്ളു.ഇതില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്.എന്നാല്‍ വരും വര്‍ഷങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രവേശനം ലഭിക്കുക ഈ സ്‌കീം വഴിയാവുമെന്നു വിദഗ്ദര്‍ സൂചിപ്പിക്കുന്നു.പുതിയതായി അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാര്‍ക്ക് ഇപ്പോള്‍ ഈ സ്‌കീം വഴിയാണ് പ്രവേശനം അനുവദിക്കുന്നത്.വിദഗ്ദ മേഖലയിലുള്ള തൊഴിലാളികളെ തിരഞ്ഞെടുക്കുന്ന വഴിയായി എറ്റിപ്പിക്കല്‍ വര്‍ക്കിംഗ് സ്‌കീം മാറി കഴിഞ്ഞിട്ടുണ്ട്.

Scroll To Top