Saturday December 03, 2016
Latest Updates

ഇലക്ഷന് ഒരുങ്ങാന്‍ ലേബര്‍ നേതാക്കളോട് ജോണ്‍ ബര്‍ട്ടണ്‍:ഫിനഗേല്‍-ഫിയനാഫാള്‍ ധാരണയിലും അവ്യക്തത

ഇലക്ഷന് ഒരുങ്ങാന്‍ ലേബര്‍ നേതാക്കളോട് ജോണ്‍ ബര്‍ട്ടണ്‍:ഫിനഗേല്‍-ഫിയനാഫാള്‍ ധാരണയിലും അവ്യക്തത

ഡബ്ലിന്‍ :വീണ്ടും ഒരു ഇലക്ഷന്‍ വന്നേക്കാമെന്നും അതിന് ഒരുങ്ങിയിരിക്കണമെന്നും അറിയിച്ചുകൊണ്ട് ലേബര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് പാര്‍ട്ടി നേതാവും കാവല്‍ ഉപപ്രധാനമന്ത്രിയുമായ ജൊവാന്‍ ബര്‍ട്ടന്റെ ഇമെയില്‍ സന്ദേശം. ഇപ്പോഴത്തെ അനിശ്ചിതാവസ്ഥ, വീണ്ടുമൊരു ഇലക്ഷനെ തള്ളിക്കളയുന്നതല്ല എന്നാണ് ബര്‍ട്ടന്റെ പക്ഷം.

ഫിനഗേലുമായി ഈയിടെ നടത്തിയ ചര്‍ച്ചകളില്‍, ന്യൂനപക്ഷ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിന്തുണയ്ക്കാമെന്നും, സര്‍ക്കാരില്‍ പങ്കാളികളാകാമെന്നുമായിരുന്നു ബര്‍ട്ടന്റെ നിലപാട്. എന്നാല്‍ വീണ്ടും ഫിനഗേലുമായി കക്ഷി ചേരുന്നത് അപമാനകരമാണ് എന്നായിരുന്നു അണികളുടെ പ്രതികരണം. തുടര്‍ന്നാണ് ബര്‍ട്ടന്റെ ഇമെയില്‍ സന്ദേശം പുറത്തുവന്നിരിക്കുന്നത്.

ഫിയനാഫാള്‍ ഫിനഗേലിനെ പിന്തുണയ്ക്കുമെങ്കിലും സര്‍ക്കാരില്‍ കക്ഷിയാകാന്‍ താല്‍പര്യം പ്രകടിപ്പിക്കാത്തതും, സിന്‍ ഫെയ്ന്‍, സ്വതന്ത്രര്‍ എന്നിവരുമായി ഫിനഗേലിന് ധാരണയിലെത്താന്‍ കഴിയാത്തതുമാണ് രണ്ടാമതും ഇലക്ഷന്‍ വന്നേക്കും എന്ന് ചിന്തിക്കാന്‍ ബര്‍ട്ടനെ പ്രേരിപ്പിച്ചിരിക്കുന്നത്. പുറമെ വാട്ടര്‍ ചാര്‍ജ്ജിന്റെ കാര്യത്തില്‍ ഫിയനാഫാളുമായി ഫിനഗേലിന് ധാരണയിലെത്താന്‍ കഴിയാത്തതും ഇങ്ങനെ വിശ്വസിക്കാന്‍ ബര്‍ട്ടനെ പ്രേരിപ്പിക്കുന്നുണ്ട്. എങ്കിലും പാര്‍ട്ടി അണികളുടെ സമ്മതത്തോടെ ഫിനഗേല്‍ രൂപീകരിക്കുന്ന സര്‍ക്കാരില്‍ പങ്കു ചേരുന്നത് പരിഗണിക്കണം എന്നും അവര്‍ പറയുന്നു.

ഇതിനെല്ലാം പുറമെ സോഷ്യല്‍ ഡെമോക്രാറ്റ്‌സും ഗ്രീന്‍ പാര്‍ട്ടിയുമായിച്ചേര്‍ന്ന് പ്രതിപക്ഷത്തിരുന്ന് ജനങ്ങളുടെ നല്ലതിനു വേണ്ടി പ്രവര്‍ത്തിക്കാം എന്ന നിര്‍ദ്ദേശവും ബര്‍ട്ടന്‍ മുന്നോട്ടു വച്ചിട്ടുണ്ട്. പ്രതികരിച്ചവരില്‍ 90% അണികളും ഈ നിര്‍ദ്ദേശത്തെയാണ് പിന്തുണയ്ക്കുന്നത്.

Scroll To Top