Saturday December 03, 2016
Latest Updates

ബജറ്റ് അടുത്ത ചൊവ്വാഴ്ച, വാഗ്ദാനങ്ങള്‍ക്ക് കുറവില്ല,നടപ്പാകുന്നത് കാത്തിരുന്നു കാണാം !

ബജറ്റ് അടുത്ത ചൊവ്വാഴ്ച, വാഗ്ദാനങ്ങള്‍ക്ക് കുറവില്ല,നടപ്പാകുന്നത് കാത്തിരുന്നു കാണാം !

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ 2017 ബജറ്റ് ഒക്ടോബര്‍ 11ാം തീയതി ചൊവ്വാഴ്ച അവതരിപ്പിക്കും. ജനോപകാരപ്രദമാകുന്ന ഒരുപിടി കാര്യങ്ങള്‍ ബജറ്റിലുണ്ടാകുമെന്നാണ് പൊതുവെയുള്ള പ്രതീക്ഷ. ബജറ്റ് പ്രതീക്ഷകളിലേയ്ക്ക് കണ്ണോടിക്കുമ്പോള്‍ തെളിയുന്ന പ്രധാനപ്പെട്ടവ ഇവയാണ്:
പലതരം ടാക്സുകള്‍ക്ക് ഇളവ് നല്‍കും എന്നാണ് ധനമന്ത്രിയടക്കമുള്ളവരുടെ ഇതുവരെയുള്ള പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. ഐറിഷ് സമ്പദ് വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലാണ് എന്നതാണ് ടാക്സ് വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ബ്രെക്‌സിറ്റ് പ്രഖ്യാപനത്തിനു ശേഷം അയര്‍ലണ്ടിന്റേയും വളര്‍ച്ചാ നിരക്ക് കുറഞ്ഞുവെന്നാണ്.ധനമന്ത്രിയ്ക്ക് അത്ര നിസാരമായി ബജറ്റിനെ ഉദാരവത്കരിക്കാന്‍ ആവില്ലെന്ന് തന്നെ.

അയര്‍ലണ്ടിലെ പ്രധാന വ്യവസായങ്ങളിലൊന്നായ മദ്യ വ്യവസായത്തെ സഹായിക്കുന്ന ബജറ്റായിരിക്കും ഇത്തവണത്തേത് എന്നാണ് പ്രതീക്ഷ. ആല്‍ക്കഹോളിന് പുതിയ ടാക്സൊന്നും ഏര്‍പ്പെടുത്താന്‍ സാധ്യതയില്ല.

അതേസമയം സിഗരറ്റിന് ചെറിയ തോതില്‍ വില കൂടുവാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ബജറ്റില്‍ സിഗരറ്റിന് 50 സെന്റ് വര്‍ദ്ധിപ്പിച്ചിരുന്നു.

രാജ്യത്തെ നിലവിലെ മിനിമം ശമ്പളം 9.15 യൂറോ ആണ്. ഇത് വര്‍ദ്ധിപ്പിക്കണം എന്ന് നാനാഭാഗത്തു നിന്നും ആവശ്യമുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അതിന് മുതിര്‍ന്നേക്കും.

മോട്ടോര്‍ ടാക്സ് ഈയിടെ വിവാദമായ ഏറ്റവും വലിയ വിഷയങ്ങളിലൊന്നാണ്. എന്നാല്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് ടാക്സ് ഇളവ് ഈ ബജറ്റില്‍ പ്രതീക്ഷിക്കേണ്ട. അതേസമയം കൊമേഴ്സ്യല്‍ വാഹനങ്ങളുടെ ടാക്സ് കുറയും.

സ്റ്റേറ്റ് പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണം എന്ന ഫിയനാഫാളിന്റെ ആവശ്യം ഒരു പരിധി വരെ അംഗീകരിക്കപ്പെട്ടേക്കും.

ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി ഇത്തവണത്തെ ബജറ്റില്‍ 50 മില്ല്യണ്‍ യൂറോ വകയിരുത്തും. മറ്റൊരു പ്രധാന പ്രശ്നമായ ഭവനപ്രതിസന്ധിക്ക് തടയിടാന്‍, ആദ്യമായി വീടു വാങ്ങുന്നവര്‍ക്ക് ഇന്‍സന്റീവ് നല്‍കും.

അതേസമയം വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ഷുഗര്‍ ടാക്സ് എന്ന ആവശ്യം ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്താതെ, 2018ലേയ്ക്ക് മാറ്റാനാണ് സാധ്യത.ചൈല്‍ഡ് കെയര്‍ സംബന്ധിച്ച നിരവധി ആനുകൂല്യങ്ങളാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങളില്‍ മറ്റൊന്ന്.

Scroll To Top