Tuesday December 06, 2016
Latest Updates

ഐറിഷ് ബജറ്റ് ഇന്ന്, ഇലക്ഷന്‍ മാജിക്കുമായി നൂനന്‍, പ്രതീക്ഷയോടെ ജനം

ഐറിഷ് ബജറ്റ് ഇന്ന്, ഇലക്ഷന്‍ മാജിക്കുമായി നൂനന്‍, പ്രതീക്ഷയോടെ ജനം

ഡബ്ലിന്‍:അയര്‍ലണ്ട് സമയം ഉച്ചയ്ക്ക് 2.15 ന് ബജററ് അവതരിപ്പിക്കാനായി മൈക്കില്‍ നൂനനും,പബ്ലിക് എക്‌സ്പന്‍ഡിച്ചര്‍ മന്ത്രി ബ്രണ്ടന്‍ ഹൌളിനും ഡയലില്‍ എഴുന്നേല്‍ക്കുമ്പോള്‍, എന്ത് മാജിക്കാവും അദ്ദേഹം കാട്ടാന്‍ പോകുന്നതെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അയര്‍ലണ്ട്. ഇലക്ഷന്‍ പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, ഭരണകക്ഷിയുടെ കഴിഞ്ഞ മൂന്ന് ബജറ്റുകളിലേതിനെക്കാളും ഉദാരമായ പ്രഖ്യാപനങ്ങളുമായി ജനത്തെ കയ്യിലെടുക്കുന്ന ഒരു മാന്ത്രിക ബജറ്റാവും അവതരിപ്പിക്കപ്പെടുകയെന്ന ഉറച്ച പ്രതീക്ഷയിലാണ് ജനം. രാജ്യം സാമ്പത്തികമായി മെച്ചപ്പട്ടതും ഖജനാവിലേക്കുള്ള വരുമാനം വര്‍ദ്ധിച്ചതും ഈ പ്രതീക്ഷയെ ബലപ്പെടുത്തുന്നു. ടാക്‌സുകള്‍ വെട്ടിക്കുറയ്ക്കുകയും ജനപ്രിയ പദ്ധതികള്‍ക്ക് കൂടുതല്‍ പണം ചിലവഴിക്കുകയും ചെയ്യുന്ന ഒരു ബജറ്റാവുമോ വരാന്‍ പോകുന്നത് ? ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നത്തെ ബജറ്റില്‍ നൂനന്‍ പ്രഖ്യാപിക്കാന്‍ സാദ്ധ്യതയുള്ള നടപടികള്‍ ഇവയൊക്കെയാണ്.
ഓരോ ജീവനക്കാര്‍ക്കും 1000 യൂറോ തിരിച്ചു നല്‍കാന്‍ സംവിധാനം 
ഓരോ ജീവനക്കാര്‍ക്കും വിവിധ പദ്ധതികളിലൂടെ ഓരോ വര്‍ഷവും ശരാശരി 1000 യൂറോ തിരിച്ചു നല്കാനുള്ള ഒരു പദ്ധതി ബജറ്റില്‍ ഉണ്ടാവുമെന്ന ലാന്‍ഡ്‌സ്‌ഡൌണ്‍ റോഡ് കരാറിലെ സര്‍ക്കാര്‍ ധാരണ ബജറ്റില്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.
യു എസ് സി 
ഏറെ വെറുക്കപ്പെടുന്ന യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ്ജ് വെട്ടിക്കുറയ്ക്കുന്നതാവും ബജറ്റിന്റെ പ്രധാന ആകര്‍ഷണം. മിക്ക നികുതി ദായകര്‍ക്കും ഈ കുറവിന്റെ ഗുണം ലഭിക്കും. ഏറ്റവും കൂടിയ നിരക്കായ 7 ശതമാനം കുറഞ്ഞത് 5.5 ശതമാനത്തിലേക്കെങ്കിലും താഴ്ത്തപ്പെടും. 3.5 ശതമാനം നിരക്കുകള്‍ 3 ലേക്കും 1.5 ശതമാനമായും നിരക്കുകകള്‍ 1 ശതമാനമായും വെട്ടിക്കുറയ്ക്കും. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ഘട്ടം ഘട്ടമായി യു എസ് സി പൂര്‍ണ്ണമായും ഇല്ലാതാക്കുമെന്ന കെന്നിയുടെ നിലപാട് ഈ ബജറ്റ് നടപടിക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. 
ഇന്‍കം ടാക്‌സ് 
ഏറ്റവും ഉയര്‍ന്ന നിരക്കായ 40 ശതമാനം നികുതി ഈടാക്കുന്നതിനുള്ള കുറഞ്ഞ പരിധി നിലവിലുള്ള 33,800 യൂറോയില്‍ നിന്ന് ഉയര്‍ത്തണം എന്ന നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കിലും നടപടി ഉണ്ടാവുമോ എന്ന കാര്യം ഉറപ്പിക്കാന്‍ കഴിയില്ല. 
വേതനം
ഏറ്റവും കുറഞ്ഞ വേതനം നിലവിലുള്ള 8.65 ല്‍ നിന്ന് 9.15 യൂറോ ആയി ഉയര്‍ത്തിയേക്കാം. ലോ പേ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചാല്‍ ആണ് ഇത് സാദ്ധ്യമാവുക.
ചൈല്‍ഡ് ബെനിഫിറ്റ്/ ചൈല്‍ഡ് കെയര്‍
ചൈല്‍ഡ് ബെനിഫിറ്റ് തുക 5 യൂറോ വര്‍ദ്ധിപ്പിച്ച് 140 യൂറോയിലേക്ക് തിരിച്ചു കൊണ്ടു വരും. 2011 ല്‍ ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ഉണ്ടായിരുന്ന തുകയാണ് അത്. ചൈല്‍ഡ് കെയര്‍ ചിലവുകള്‍ വരുതിയിലാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടികളുടെ ഭാഗമാണ് ഇത്. രണ്ട് ആഴ്ചത്തെ ശമ്പളത്തോട് കൂടിയ പറ്റേണിറ്റി ലീവും പ്രഖ്യാപിക്കപ്പെടും. മൂന്ന് വയസ്സ് തികയുമ്പോള്‍ സൗജന്യ പ്രീ സ്‌കൂളും പ്രഖ്യാപിക്കപ്പെടും എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു. 
ക്രിസ്തുമസ് ബോണസും മറ്റ് വെല്‍ഫയര്‍ പേമെന്റുകളും
ക്രിസ്തുമസ്സ് ബോണസ് ഒരാള്‍ക്ക് 168 യൂറോയും ദമ്പതികള്‍ക്ക് 264 യൂറോയുമായി ഉയര്‍ത്താന്‍ സാദ്ധ്യത. 2009 ല്‍ ഇല്ലാതാക്കിയ ക്രിസ്തുമസ് ബോണസ് കഴിഞ്ഞ വര്‍ഷം ഭാഗികമായി പുനസ്ഥാപിച്ചതിന്റെ തുടര്‍ച്ചയാണ് ഇത്. ഫ്യൂവല്‍ അലവന്‍സ് ഉയര്‍ത്താനും കെയര്‍ ഗ്രാന്റിലെ വെട്ടിക്കുറവ് നികത്തി 17,00 യൂറോ ആക്കാനും പദ്ധതിയുണ്ട്. വെട്ടിക്കുറവ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ ഒന്നായിരുന്നു. 
ജസ്റ്റിസ് / നിയമ പാലനം
വരും വര്‍ഷം കുറഞ്ഞത് 500 ഗാര്‍ഡകളെ എങ്കിലും പുതുതായി നിയമിക്കും. 10 മില്യണ്‍ യൂറോ ആണ് ഇതിന് ചിലവ് പ്രതീക്ഷിക്കുന്നത്. ആന്‍ ഗാര്‍ഡ സിയോച്ചനയുടെ ഐ ടി ശേഷി വര്‍ദ്ധിപ്പി്ക്കുന്നതിനും തുക വകയിരുത്താം.
ഹൗസിംഗ് / പാര്‍പ്പിട പദ്ധതി
മാര്‍ക്കറ്റ് വിലയില്‍ താഴെ ഉള്ള നിരക്കില്‍ വീടുകള്‍ വില്‍ക്കുന്ന ബില്‍ഡര്‍മാരുടെ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഉള്‍പ്പടെ പാര്‍പ്പിട നിര്‍മ്മാണ മേഖലയെ ഉണര്‍ത്തും. 
ഓള്‍ഡ് റിലയബിള്‍സ്
20 സിഗരറ്റുകളുള്ള ഒരു പാക്കറ്റിന്റെ വില 10. 50 യൂറോ ആവും എന്നാല്‍ മദ്യ വില കഴിഞ്ഞ ബജറ്റിലേത് പോലെ മാറ്റമില്ലാതെ തുടരാനാണ് സാദ്ധ്യത. സിഗരറ്റിന്റെ എക്‌സൈസ് തീരുവ 50 സെന്റ് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഫലമായാണ് വില ഉയരുക. 
പെന്‍ഷന്‍കാര്‍ക്കും ആനുകൂല്യം 
ഏറ്റവും അവസാനം പെന്‍ഷന്‍കാരുടെ വരുമാനത്തില്‍ ആഴ്ചയില്‍ 3 യൂറോ വീതം വര്‍ദ്ധിപ്പിക്കാനും ഫാമിലി പെന്‍ഷനില്‍ നേരിയ വര്‍ധനവ് വരുത്താനും സര്‍ക്കാരിന് പരിപാടിയുണ്ട്. 
എന്താണ് മറ്റുള്ളവര്‍ ആവശ്യപ്പെടുന്നത്? 
30,000 യൂറോ മുതല്‍ 100,000 യൂറോ വരെ വരുമാനമുള്ള നികുതി ദായകര്‍ക്ക് 300 യൂറോ തിരികെ നല്‍കണം എന്നാണ് ഫിയാന ഫെയിലിന്റെ ആവശ്യം. വസ്തുക്കരവും വെള്ളത്തിനുള്ള പണവും ഇല്ലാതാക്കണം എ്ന്നാണ് സിന്‍ ഫെയിന്‍ ആവശ്യപ്പെടുന്നത്. റെനുവാ ആവട്ടെ എല്ലാ വരുമാനക്കാര്‍്ക്കും 23 ശതമാനം ഫ്‌ലാറ്റ് ടാക്‌സ് ഏര്‍പ്പെടുത്തണമെന്ന നിലപാടിലാണ്. സോഷ്യലിസ്റ്റുകളും ആന്റ് ആസറ്റിറിറ്റി സഖ്യവും താഴ്ന്ന വരുമാനക്കാരെ യു എസ് യില്‍ നിന്ന് ഒഴിവാക്കണമെന്ന നയമാണ് ഉയര്‍ത്തുന്നത്. വെള്ളക്കരം ഇല്ലാതാക്കിയാല്‍ വെറും 13 യൂറോ മാത്രമേ നഷ്ടം വരൂ എന്ന് സോഷ്യല്‍ ഡെമോക്രാറ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും മാധ്യമങ്ങളിലൂടെയും,മന്ത്രിമാരിലൂടെയും കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചതില്‍ അധികമായി ബജറ്റില്‍ എന്തുണ്ടെന്ന് കാത്തിരിക്കുകയാണ് ജനം,ഐറിഷ് ബജറ്റില്‍ അത്തരം അധികം രഹസ്യങ്ങള്‍ ഒന്നും കാണാന്‍ വഴിയില്ല എന്നതാണ് സത്യം.



Scroll To Top