Sunday December 04, 2016
Latest Updates

നികുതി ഇളവിനെച്ചൊല്ലി ഭരണ കക്ഷിയില്‍ ഭിന്നത,വന്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്നു പ്രധാനമന്ത്രി 

നികുതി ഇളവിനെച്ചൊല്ലി ഭരണ കക്ഷിയില്‍ ഭിന്നത,വന്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ടെന്നു പ്രധാനമന്ത്രി 

ഡബ്ലിന്‍: അടുത്ത ബജറ്റില്‍ വരുത്തേണ്ട നികുതി ഇളവുകളെച്ചൊല്ലി അയര്‍ലണ്ട് ഭരണകക്ഷിയില്‍ ഭിന്നത. നികുതി ഇളവിന്റെ ഘടന എന്തായിരിക്കണമെന്നതിനെ ചൊല്ലിയാണ് ഭിന്നത. നിപ്പോള്‍ നിലവിലുള്ള 52 ശതമാനം മാര്‍ജിനല്‍ ടാക്‌സ് വരുന്ന മൂന്ന് വര്‍ഷങ്ങളിലെ ബജറ്റിലും കുറവ് വരുത്തുമെന്നും പ്രധാനമന്ത്രി എന്‍ഡ കെന്നി പ്രഖ്യാപിച്ചു. അടുത്തമാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റ് മുതല്‍ മാര്‍ജിനല്‍ ടാക്‌സ് കുറച്ചു തുടങ്ങും. തുടര്‍ന്ന് 2015 ബജറ്റിലും 2016 ബജറ്റിലും ഇളവ് പ്രതീക്ഷിക്കാം.അതെ സമയം വന്‍ തോതിലുള്ള നികുതി ഇളവ് പ്രതീക്ഷിക്കണ്ടന്ന് പ്രധാനമന്ത്രി പറഞ്ഞു.. എല്ലാ നികുതിയും വെട്ടിച്ചുരുക്കാവുന്ന സാമ്പത്തിക സ്ഥിതിയിലേക്ക് ഗവണ്‍മെന്റ് ഇനിയും വന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. . 

ആദായ നികുതി, പി.ആര്‍.എസ്.ഐ, യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് എന്നിവ ഉള്‍പ്പെടുന്നതാണ് മാര്‍ജിനല്‍ ടാക്‌സ്. 52 ശതമാനം നിരക്കിലാണ് ഈ നികുതി ഈടാക്കുന്നത്. എന്നാല്‍ ഈ ഉയര്‍ന്ന നികുതി നിരക്ക് വിദേശ നിക്ഷേപകര്‍ പിന്തിരിയാന്‍ കാരണമാകുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു. കൂടാതെ വിദേശങ്ങളില്‍ കുടിയേറിയവര്‍ നാട്ടിലേക്ക് മടങ്ങി വരാതിരിക്കാനും ഈ ഉയര്‍ന്ന നികുതി നിരക്ക് കാരണമാണ്. ഈ സാഹചര്യം കണക്കിലെടുത്ത് നികുതിയില്‍ നേരിയ ഇളവ് ഉണ്ടാകും.

എന്നാല്‍ വന്‍ തോതിലുള്ള നികുതി ഇളവ് പ്രതീക്ഷിക്കേണ്ടന്നാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. ഈ വര്‍ഷം ആദ്യത്തെ ആറ് മാസം കൊണ്ട് ജിഡിപി നിരക്ക് 5.7 ശതമാനം വര്‍ദ്ധിച്ചതായി സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്‌സ് ഓഫീസ് പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ നികുതി ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന ഉണ്ടായിരുന്നു. അതേസമയം നികുതി ഇളവിനെക്കുറിച്ച് അമിത പ്രതീക്ഷ വേണ്ടന്നാണ് ഫിനഗേലും ലേബര്‍ പാര്‍ട്ടിയും സൂചിപ്പിക്കുന്നത്. 

കുറഞ്ഞ വരുമാനക്കാര്‍ക്ക് പ്രതിവാരം 5 യൂറോയോ 10 യൂറോയോ ബെനഫിറ്റ് നല്‍കണമെന്നാണ് ആരോഗ്യമന്ത്രി ലിയോ വരദ്കര്‍ വാദിക്കുന്നത്. ഇത് സര്‍ക്കാരിന് 300 മില്യന്‍ യൂറോയുടെ അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കും. അതേസമയം നികുതി ഘടന മൊത്തത്തില്‍ പരിഷ്‌ക്കരിക്കണമെന്നാണ് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്റെ നിര്‍ദ്ദേശം. 32800 യൂറോയ്ക്ക് മുകളില്‍ വരുമാനമുള്ളവരില്‍ നിന്നാണ് 52 ശതമാനം നിരക്കില്‍ നികുതി ഈടാക്കുന്നത്. ഈ നികുതി ഘടന മൂലം സാധാരണക്കാര്‍ സമ്പാദിക്കുന്ന ഓരോ യൂറോയില്‍ നിന്നും 48 സെന്റ് വീതം ഖജനാവിലേക്ക് പോകുന്നു. ഈ സാഹചര്യത്തിലാണ് നികുതി ഇളവ് വേണമെന്ന് വ്യാപക ആവശ്യം ഉയര്‍ന്നത്. 

നികുതി ഘടനയില്‍ എന്തൊക്കെ മാറ്റങ്ങളാണ് കൊണ്ടുവരേണ്ടത്. അവ നടപ്പിലാക്കേണ്ടത് എങ്ങനെ എന്നീ വിഷയങ്ങളില്‍ ഭരണകക്ഷിയില്‍ ഭിന്നതയുണ്ടെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ സമ്മതിച്ചു. ആദായ നികുതി, പി.ആര്‍.എസ്.ഐ, യൂണിവേഴ്‌സല്‍ സോഷ്യല്‍ ചാര്‍ജ് എന്നിവ ഉള്‍പ്പെടുന്നതാണ് 52 ശതമാനം മാര്‍ജിനല്‍ ടാക്‌സ്. 52 ശതമാനം മാര്‍ജിനല്‍ ടാക്‌സ് നിക്ഷേപ അന്തരീക്ഷത്തിനു തിരിച്ചടിയാണെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പ്രസ്താവിച്ചിരുന്നു.

Scroll To Top