Sunday December 04, 2016
Latest Updates

‘പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട’,പുതിയ ധനമന്ത്രി ഗ്രീക്കിന്റെ നിലപാടുകള്‍ കര്‍ശനമാക്കിയെന്ന് യൂറോപ്യന്‍ നേതാക്കള്‍,ഇടക്കാല തീരുമാനം ഉടന്‍

‘പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട’,പുതിയ ധനമന്ത്രി ഗ്രീക്കിന്റെ നിലപാടുകള്‍ കര്‍ശനമാക്കിയെന്ന് യൂറോപ്യന്‍ നേതാക്കള്‍,ഇടക്കാല തീരുമാനം ഉടന്‍

ഫോട്ടോ:ഇന്ന് വൈകിട്ട് ആരംഭിച്ച യൂറോപ്യന്‍ നേതാക്കളുടെ യോഗത്തിനെത്തിയ ഗ്രീസ് പ്രധാനമന്ത്രിയ്ക്ക് കാപ്പി ഒഴിച്ചു കൊടുക്കുന്ന ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍

ആതന്‍സ് : യൂറോപ്യന്‍ യൂണിയന്റെയും ഐഎംഎഫിന്റെയും സമ്മര്‍ദവ്യവസ്ഥകള്‍ക്കു വഴങ്ങേണ്ടെന്ന നിലപാട് ഗ്രീസ് തുടരുകയാണ്.ഇന്ന് വൈകിട്ട് ആറ് മണിയ്ക്ക് ആരംഭിച്ച യൂറോ സോണ്‍ ഉന്നതാധികാര ഉച്ചകോടിയില്‍ ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസ് തന്റെ രാജ്യത്തിന്റെ പുതിയ നിലപാട് യൂറോപ്യന്‍ നേതാക്കളെ അറിയിക്കുമെന്നാണ് കരുതപ്പെടുന്നത്.ഇതിന്റെ അടിസ്ഥാനത്തില്‍ കടാശ്വാസം നല്കണമോയെന്ന് യൂറോപ്യന്‍ നേതാക്കള്‍ തീരുമാനിക്കും.
കടാശ്വാസം നല്കണം എന്ന് തീരുമാനിക്കുകയാണെങ്കില്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഗ്രീസിന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ താല്‍കാലികമായി പിന്‍വലിച്ചേക്കും എന്നും പറയപ്പെടുന്നു.

ഇത് സംബന്ധിച്ച് ഇന്ന് നിശ്ചിത തീരുമാനം ഉണ്ടായില്ലെങ്കില്‍ ഞായറാഴ്ച്ച സമ്പൂര്‍ണ്ണ യൂറോപ്യന്‍ നേതാക്കളുടെ ഉച്ചകോടി ചേരും.ആ ഉച്ചകോടിയില്‍ ഗ്രീസിന് വീണ്ടും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം നല്‍കും.

ഗ്രീസിന്റെ കടുംപിടുത്തങ്ങളെ തുടര്‍ന്ന് പരിഭ്രാന്തിയിലായ യൂറോപ്യന്‍ നേതാക്കള്‍ വിട്ടുവീഴ്ച്ചകള്‍ക്ക് തയാറാകുന്നുവെന്ന സൂചനകളുമുണ്ട്.

ഹിതപരിശോധനയ്ക്ക് ശേഷം ഇന്ന് ബ്രസല്‍സില്‍ യൂറോപ്യന്‍ നേതാക്കളുമായി നടന്ന ആദ്യഘട്ട ചര്‍ച്ചയില്‍ ഗ്രീസിന്റെ പുതിയ ധനകാര്യമന്ത്രി യൂക്ലിഡ് സാകലാറ്റോസ് തന്റെ മുന്‍ഗാമി യാനിസ് വാര്‍ഫാകിസിനെക്കാള്‍ കര്‍ശനമായ നിലപാടുകളുമായാണ് ചര്‍ച്ചകള്‍ തുടങ്ങിയതെന്ന് യൂറോപ്യന്‍ രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാര്‍ പരാതിയുയര്‍ത്തി കഴിഞ്ഞു.

ഇന്നു രാവിലെ നടന്ന യൂറോ സോണ്‍ നേതാക്കളുടെ യോഗത്തില്‍ ഗ്രീക്ക് ധനകാര്യ മന്ത്രി പുതിയ നയ നിര്‍ദേശങ്ങളുമായി വരുമെന്ന് കരുതി കാത്തിരുന്നെങ്കിലും വെറും കയ്യോടെ വന്ന് ഹിത പരിശോധനയ്ക്ക് മുമ്പ് ഗ്രീസ് സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ആവര്‍ത്തിക്കുകയായിരുന്നു.
യൂറോപ്യന്‍ യൂണിയനില്‍ ഗ്രീസ് തുടരുന്നതിന് ആവശ്യമായ ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ സുഗമമാക്കാനായിരുന്നു കടുത്ത യൂറോവിരുദ്ധനായ ധനമന്ത്രിയായിരുന്ന യാനിസിന് സ്ഥാനമൊഴിയേണ്ടിവന്നത്.

യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി അവസാനഘട്ട ചര്‍ച്ചയ്ക്ക് ഒരുങ്ങുന്ന ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ്, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലടക്കം മിക്ക നേതാക്കളുമായി ഫോണില്‍ സംസാരിച്ച ശേഷമാണു വൈകിട്ട് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുള്ളത്. ജനപിന്തുണയുടെ ബലത്തില്‍ വായ്പ ഇളവുകള്‍ നേടിയെടുക്കാനാകുമെന്നാണു ഗ്രീസിന്റെ പ്രതീക്ഷയെങ്കിലും ഹിതപരിശോധനയ്ക്കുശേഷവും ജര്‍മിനി ഇടഞ്ഞു തന്നെയാണ് നില്ക്കുന്നത്.

ഗ്രീസ് നിലപാട് മാറ്റുകയില്ലെന്നും കടുത്ത നിയന്ത്രണങ്ങള്‍ ഒരു കാരണവശാലും സ്വീകരിക്കുകയില്ലെന്നും ഇന്ന് വൈകിട്ട് ഗ്രീക്ക് പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്നലെ റഷ്യന്‍ പ്രസിഡണ്ട് ബ്ലാട്മീര്‍ പുടിന്‍ ഗ്രീസ് പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു.അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയും സിപ്രാസിയെ വിളിച്ചു സംസാരിച്ചു.

അതേസമയം ഗ്രീസിലെ ബാങ്കുകള്‍ ഈയാഴ്ച്ച കൂടി അടഞ്ഞുകിടക്കും.എടിഎമ്മുകളില്‍നിന്നു പണം പിന്‍വലിക്കാനുള്ള നിയന്ത്രണവും തുടരും.

 

Scroll To Top