Saturday December 03, 2016
Latest Updates

ബ്രേയിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ നവജാതശിശുവിന്റെ ജഡം, സെന്റ് ജെയിംസ് ഹോസ്പിറ്റലിനു സമീപം മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ ദുരൂഹതകള്‍ തുടരുന്നു

ബ്രേയിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ നവജാതശിശുവിന്റെ ജഡം, സെന്റ് ജെയിംസ് ഹോസ്പിറ്റലിനു സമീപം മനുഷ്യശരീരത്തിന്റെ അവശിഷ്ടങ്ങള്‍ ദുരൂഹതകള്‍ തുടരുന്നു

ബ്രേ: കൌണ്ടി വിക്ക്‌ലോയിലെ ബ്രേയിലെ മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നവജാത ശിശുവിന്റെ ജഡം കണ്ടെത്തി. ഇന്നലെ രാവിലെ ഇവിടെ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരനാണ് ഒരു പെണ്‍കുഞ്ഞിന്റെ ജഡം കണ്ടെത്തിയതായി അറിയിച്ചത്. തുടര്‍ന്ന് ഗാര്‍ഡ സ്ഥലത്തെത്തി.

കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യത്തെപ്പറ്റിയാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് ഗാര്‍ഡ പിന്നീട് അറിയിച്ചു. ഇവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും ഇവര്‍ക്ക് അടിയന്തര വൈദ്യസഹായം ആവശ്യമാണെന്നാണ് ഗാര്‍ഡ പറയുന്നത്. കുട്ടി ജനിച്ചത് ചാപിള്ളയായായിരിക്കാം എന്ന സംശയവും ഗാര്‍ഡ പങ്കുവച്ചു. എങ്കിലും മരണകാരണം അറിയുന്നതിനായി ബോഡി പോസ്റ്റ്‌മോര്‍ട്ടം നടത്തും.

കുഞ്ഞിന്റെ അമ്മ എത്രയും പെട്ടെന്ന് ബ്രേ ഗാര്‍ഡ സ്റ്റേഷനുമായി ബന്ധപ്പെടണമെന്നും ഗാര്‍ഡ അധികൃതര്‍ അറിയിച്ചു.

അതേ സമയം ഡബ്ലിനിലെ സെന്റ് ജെയിംസ് ഹോസ്പിറ്റലിന് സമീപം മനുഷ്യന്റേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതും പരക്കെ ഞെട്ടലുളവാക്കി. ഗ്രാന്‍ഡ് കനാല്‍ വ്യൂവിനു സമീപം ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ വീണ മരത്തിനു സമീപമാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്ന് ഗാര്‍ഡയുടെ വക്താവ് അറിയിച്ചു. മരത്തിന്റെ വേരുകള്‍ക്കിടയിലായിരുന്നു അവശിഷ്ടങ്ങള്‍.

ഇന്ന് രാവിലെയോടെ ഫോറന്‍സിക് വിദഗ്ദ്ധര്‍ സംഭവസ്ഥലത്ത് എത്തുമെന്നാണ് കരുതപ്പെടുന്നത്. ഇവിടെ ഗാര്‍ഡ സീല്‍ ചെയ്തിരിക്കുകയാണ്. അവശിഷ്ടങ്ങള്‍ ചരിത്രപരമാണെന്നാണ് കരുതുന്നതെങ്കിലും, അന്വേഷകര്‍ ഇതുവരെ ഇക്കാര്യം തീര്‍ച്ചപ്പെടുത്തിയിട്ടില്ല.

Scroll To Top