Monday December 05, 2016
Latest Updates

പരിഭ്രമം മറയ്ക്കാതെ അയര്‍ലണ്ട്,ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ബദല്‍ നടപടി തയാറായികഴിഞ്ഞെന്ന് എന്‍ഡ കെന്നി

പരിഭ്രമം മറയ്ക്കാതെ അയര്‍ലണ്ട്,ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ ബദല്‍ നടപടി തയാറായികഴിഞ്ഞെന്ന് എന്‍ഡ കെന്നി

ഡബ്ലിന്‍:യൂറോപ്പ് ആകാംഷയോടെ കാത്തിരിക്കുന്ന ബ്രെക്‌സിറ്റ് ഹിതപരിശോധന നാളെ നടക്കും.പതിറ്റാണ്ടുകള്‍ നീണ്ട യൂറോപ്യന്‍ യൂണിയന്‍ എന്ന മഹാ പ്രസ്ഥാനത്തിലെ ഏറ്റവും പ്രധാന അംഗങ്ങളില്‍ ഒന്നായ ബ്രിട്ടണ്‍ ഇ യൂ വിട്ട് സ്വതന്ത്രനിലപാടിലേക്ക് പോകാനുള്ള നിലപാട് സ്വീകരിക്കുമെന്ന സൂചനകളാണ് നിരീക്ഷകര്‍ നല്‍കുന്നത്.

ഏത് കാര്യത്തിലും ബ്രിട്ടനെ ആശ്രയിക്കുകയോ,അനുകരിക്കുകയോ ചെയ്യാറുള്ള അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രത്യാഘാതങ്ങളാവും ബ്രെക്‌സിറ്റ് തീരുമാനം വഴി ഉണ്ടാവുന്നത്.വ്യാപാര മേഖലയില്‍ മാത്രമല്ല,ജനജീവിതത്തിലെ അനുദിന ക്രമങ്ങളില്‍ പോലും മാറ്റം വരും എന്നുറപ്പാണ്.

അതുകൊണ്ടു തന്നെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുകയാണ് ജനഹിതപരിശോധനയ്ക്കു ശേഷം സംഭവിക്കുന്നതെങ്കില്‍ സര്‍ക്കാരിന് ആ സാഹചര്യത്തെ നേരിടാന്‍ കൃത്യമായ പദ്ധതിയുണ്ടെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി ഇന്നലെ വെളിപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം 5 മണിയോടെ ബ്രെക്‌സിറ്റിനെ സംബന്ധിച്ച ഫലം ലഭ്യമാകുമെന്നാണ് കരുതുന്നത് എന്നും കെന്നി ഡോളില്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് ഡോളില്‍ ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. .

ബ്രെക്‌സിറ്റ് സംഭവിക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുക മാത്രമാണ് പല ഉദ്യോഗസ്ഥരും എന്നും, അങ്ങനെ സംഭവിക്കുന്ന പക്ഷം നേരിടാന്‍ പദ്ധതികളൊന്നുമില്ലെന്നും ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു.

ബ്രെക്‌സിറ്റ് സംഭവിച്ചാല്‍ നേരിടാന്‍ വിശദമായ പ്ലാന്‍ ഉണ്ടെന്നു പറഞ്ഞ കെന്നി, ആവശ്യമെങ്കില്‍ വെള്ളിയാഴ്ച രാവിലെ തന്നെ മന്ത്രിസഭ കൂടുമെന്നും പറഞ്ഞു. ഇതിനു പുറമെ യൂറോപ്യന്‍ യൂണിയനിലെ എല്ലാ സര്‍ക്കാരുകളുമായും വിവരങ്ങള്‍ കൈമാറാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടുത്ത ആഴ്ച ഇയു നേതാക്കളുടെ സമ്മേളനവും ബ്രസ്സല്‍സില്‍ നടക്കും.

അതേസമയം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരാന്‍ വേണ്ടിയായിരിക്കും ഭൂരിപക്ഷവും നാളെ വോട്ട് രേഖപ്പെടുത്തുകയെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

Scroll To Top