Thursday August 17, 2017
Latest Updates

ബ്രക്സിറ്റ് :ലണ്ടനിലെ ഭവനവിപണിയില്‍ തകര്‍ച്ച, വരാന്‍ പോകുന്നത് മാന്ദ്യമെന്ന് റിപ്പോര്‍ട്ടുകള്‍ 

ബ്രക്സിറ്റ് :ലണ്ടനിലെ ഭവനവിപണിയില്‍ തകര്‍ച്ച, വരാന്‍ പോകുന്നത് മാന്ദ്യമെന്ന് റിപ്പോര്‍ട്ടുകള്‍ 

ലണ്ടന്‍ :ബ്രക്സിറ്റ് ഭീഷണിയെ തുടര്‍ന്ന് ലണ്ടന്റെ ഭവനവിപണി തകര്‍ച്ച നേരിടുന്നതായി റിപോര്‍ട്.മധ്യ ലണ്ടനിലും മറ്റും വില്‍ക്കപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ വീടുകള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കുകയാണെന്നാണ് വിവരം.തലസ്ഥാനത്തെ ഭവന വിപണിയുടെ മാന്ദ്യമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള വോട്ടെടുപ്പിനു ശേഷം തന്നെ ഭവനവിപണി പിന്നോക്കം പോകാന്‍ തുടങ്ങിയിരുന്നതായും നിരീക്ഷകര്‍ പറയുന്നു.

ലണ്ടനില്‍ കെട്ടിടങ്ങളുടെ സ്‌ക്വയര്‍ഫീറ്റ് വാല്യുവില്‍ 2014ലെ നിരക്കില്‍ നിന്നും നാലുശതമാനം കുറഞ്ഞു.പ്രശസ്തമായ പ്രൈം സെന്‍ട്രലില്‍ പോലും പ്രോപ്പര്‍ട്ടിവിലയില്‍ 11ശതമാനത്തിന്റെ കുറവാണ് വന്നിരിക്കുന്നത്.ബ്രക്സിറ്റ് തീരുമാനം വന്നതോടെ ആഗോള നിക്ഷേപകര്‍ ഇവിടുത്തെ ഭവന വിപണിയില്‍ പണം മുടക്കാന്‍ മടി കാണിക്കുന്നതാണ് വിലയിടിവിന് കാരണമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഇവിടെ വസ്തുവകകള്‍ വാങ്ങാന്‍ നിക്ഷേപകര്‍ മടിക്കുകയാണെന്നും വ്യക്തമാക്കുന്നതാണ് പ്രതിസന്ധി.

ഏതാണ്ട് 58% പ്രോപ്പര്‍ട്ടികളും മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചുവെന്നാണ് റിസേര്‍ച്ച് സ്ഥാപനമായ ലോണ്‍ റെസ് നല്‍കുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള വോട്ടെടുപ്പിനെ തുടര്‍ന്നുതന്നെ വിപണി തകര്‍ന്നു തുടങ്ങിയതായി എസ്റ്റേറ്റ് ഏജന്റുമാര്‍ പറയുന്നു.ആഗോള നിക്ഷേപകരാണ് മധ്യ ലണ്ടന്റെ ഭവന വിപണിയെ നിയന്ത്രിക്കുന്നത്.ബ്രിട്ടന്റെ പ്രോപ്പര്‍ട്ടി വിപണി തകര്‍ച്ചയുടെ വക്കിലാണെന്നു ലോണ്‍റെസും പറയുന്നു.കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് വിറ്റ വീടുകളേക്കാള്‍ കൂടുതല്‍ പിന്‍വലിക്കപ്പെടുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപോര്‍ട് ചെയ്യുന്നു.

ലണ്ടന്റെ സാമൂഹ്യ ,സാമ്പത്തിക രംഗത്തും ഭവനവിണിയിലെ തകര്‍ച്ച പ്രതിഫലിക്കുമെന്നാണ് സൂചന. നിരവധി പേര്‍ തൊഴില്‍രഹിതരാവുന്നതു മാത്രമല്ല ഒട്ടേറെപ്പേര്‍ക്ക് മോര്‍ട്ട്‌ഗേജ് തിരിച്ചടയ്ക്കാന്‍ കഴിയാത്ത നിലയുമുണ്ടാകുമെന്നും ആശങ്കയുണ്ട്.മുമ്പ് 2008-2009ല്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിക്കു സമാനമായാണ് കാര്യങ്ങളുടെ പോക്കെന്നും കരുതുന്നവരുണ്ട്.

Scroll To Top