Thursday December 08, 2016
Latest Updates

ബ്രെക്‌സിറ്റ് പാസായാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടുമായുള്ള സാമ്പത്തിക-സാമൂഹ്യ ബന്ധങ്ങളെ ബാധിക്കുമെന്ന ആശങ്കയില്‍ അതിര്‍ത്തിയിലെ ജനങ്ങള്‍

ബ്രെക്‌സിറ്റ് പാസായാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടുമായുള്ള സാമ്പത്തിക-സാമൂഹ്യ ബന്ധങ്ങളെ  ബാധിക്കുമെന്ന ആശങ്കയില്‍ അതിര്‍ത്തിയിലെ ജനങ്ങള്‍

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ അതിര്‍ത്തി മേഖലകളും ബ്രെക്‌സിറ്റ് റഫറണ്ടത്തിന്റെ ചൂടിലേയ്ക്ക്.ഏതെങ്കിലും കാരണവശാല്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനായി ബ്രിട്ടീഷ് ജനത തീരുമാനിക്കുകയാണ് എങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ ഏറ്റവും അനുഭവിക്കേണ്ടി വരുക നോര്‍ത്തേന്‍ അയര്‍ലണ്ടും,അയര്‍ലണ്ടും തന്നെയാവും എന്നതിനാല്‍ അതിര്‍ത്തിയിലെ ജനങ്ങള്‍ ഏറെ ആകാംഷയോടെയാണ് ജനഹിത പരിശോധനയെ ഉറ്റുനോക്കുന്നത്.ഇപ്പോഴുള്ള യാത്രാ,വിനിമയ സൌകര്യങ്ങള്‍ പോലും ബ്രെക്‌സിറ്റ് തീരുമാനം വന്നാല്‍ ഇല്ലാതാകുമെന്ന ആശങ്കയിലാണ് അതിര്‍ത്തി മേഖലയിലെ താമസക്കാര്‍.

അതേ സമയം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്ന സാഹചര്യം (ബ്രെക്‌സിറ്റ് ബ്രിട്ടന്‍ എക്‌സിറ്റ്) ഉടലെടുക്കുകയാണെങ്കില്‍ അത് ബ്രിട്ടനില്‍ സാമ്പത്തിക വളര്‍ച്ച മുരടിക്കാനും ഓഹരി വിപണി, ഹൗസിങ് വിപണി എന്നിവിടങ്ങളില്‍ വിലക്കുറവിനും കാരണമാകുമെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്). ഐ.എം.എഫിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഫണ്ട്, ഈ മുന്നറിയിപ്പു നല്‍കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണോ എന്നതു സംബന്ധിച്ചുള്ള ജനഹിത പരിശോധന അടുത്ത മാസമാണ് നടക്കുക.

ബ്രെക്‌സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനുമായും മറ്റ് രാജ്യങ്ങളുമായുമുള്ള വാണിജ്യ ബന്ധങ്ങള്‍ പുനഃസ്ഥാപിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാത്രമല്ല ബ്രെക്‌സിറ്റ് ആഗോളമായി സാമ്പത്തിക അസ്വസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്യും. അങ്ങനെയെങ്കില്‍ ബ്രിട്ടനു പുറമെ ഏറ്റവും അധികം തിരിച്ചടി നേരിടുക അയര്‍ലണ്ടാകുമെന്ന് കഴിഞ്ഞ മാസം പുറത്തുവിട്ട റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കിയിരുന്നു.

അതേസമയം ഇത്തരമൊരു സാഹചര്യം ചരിത്രത്തില്‍ ഏറെയില്ലാത്തിനാല്‍ എത്രത്തോളം ഇത് സാമ്പത്തികാവസ്ഥയെ ബാധിക്കുമെന്നത് കൃത്യമായി പറയാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ ഈ സാമ്പത്തിക അസ്ഥിരതയെ എങ്ങനെ നേരിടാണെന്നും. എങ്കിലും ബ്രിട്ടന്റെ സാമ്പത്തിക രംഗം വലിയ തളര്‍ച്ച നേരിടേണ്ടി വരുമെന്നാണ് ഇത് സംബന്ധിച്ച് ദി ബാങ്ക് ഓഫ് ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. കൂടാതെ ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ ബ്രിട്ടനിലെ വോട്ടര്‍മാര്‍ തങ്ങളുടെ മസശമ്പളത്തിന് തുല്യമായ തുക 2020ഓടെ ‘ബ്രെക്‌സിറ്റ് ടാക്‌സ്’ ആയി നല്‍കേണ്ടി വരുമെന്ന് ദി ഓര്‍ഗനൈസേഷന്‍ ഫോര്‍ എക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് മുന്നറിയിപ്പു നല്‍കുന്നു.

അഭിപ്രായ സര്‍വേ പ്രകാരം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതാണ് നല്ലതെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്നു. എന്നാല്‍ ജൂണ്‍ 23ന് നടക്കുന്ന വോട്ടെടുപ്പിലൂടെ മാത്രമേ ചിത്രം വ്യക്തമാകൂ. ബ്രെക്‌സിറ്റിനെ എതിര്‍ത്തും പിന്തുണച്ചും ബ്രിട്ടനില്‍ ക്യാംപെയ്‌നുകള്‍ നടന്നു വരികയാണ്.

 

Scroll To Top