Saturday December 03, 2016
Latest Updates

ബ്രെക്‌സിറ്റ്:യൂ കെയില്‍ മഴ,അയര്‍ലണ്ടില്‍ കുട…വ്യാപാരബന്ധങ്ങള്‍ താറുമാറാകുമെന്ന ആശങ്കയോടെ അയര്‍ലണ്ട്

ബ്രെക്‌സിറ്റ്:യൂ കെയില്‍ മഴ,അയര്‍ലണ്ടില്‍ കുട…വ്യാപാരബന്ധങ്ങള്‍ താറുമാറാകുമെന്ന ആശങ്കയോടെ അയര്‍ലണ്ട്

ഡബ്ലിന്‍:ഒരു മാസം മുമ്പുവരെ ബ്രെക്‌സിറ്റിനെ ആരും ഭയാശങ്കയോടെ കണ്ടിരുന്നില്ല. യൂറോപ്യന്‍ യൂണിയനില്‍ നിന്നുമുള്ള സദ് ഫലങ്ങള്‍ അനുഭവിക്കുന്നത് യൂ കെ യിലെ ജനങ്ങള്‍ കൈവിടില്ലെന്ന വിശ്വാസത്തിലായിരുന്നു യൂറോപ്പ്.ഇപ്പോള്‍ സ്ഥിതി മാറുകയാണ്.അഭിപ്രായ വോട്ടെടുപ്പുകളില്‍ സ്വതന്ത്രനിലപാടിലേയ്ക്ക് രാജ്യത്തെ മാറ്റണം എന്ന് കരുതുന്ന യൂ കെ യിലെ വോട്ടര്‍മാരുടെ എണ്ണം കുതിച്ചുയരുകയാണ്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണോ എന്ന ചോദ്യവുമായി നടക്കുന്ന ജനഹിത പരിശോധനയ്ക്ക് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി. വാണിജ്യപരമായും മറ്റും യുകെയോട് അടുത്ത ബന്ധം പുലര്‍ത്തുന്ന അയര്‍ലണ്ടും ജനഹിത പരിശോധനയുടെ ഫലത്തെപ്പറ്റി ആശങ്കയിലാണ്.ബ്രെക്‌സിറ്റ് സംഭവിക്കുകയാണെങ്കില്‍ ബ്രിട്ടനു പുറമെ ഏറ്റവും കൂടുതല്‍ സാമ്പത്തിക അസന്തുലിതാവസ്ഥ നേരിടേണ്ടിവരിക അയര്‍ലണ്ടിനാണ് എന്ന് സാമ്പത്തിക വിദഗദ്ധര്‍ വ്യക്തമാക്കിക്കഴിഞ്ഞ സാഹചര്യത്തിലാണ് ഇത്.

യുകെയിലേയ്ക്ക് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന രാജ്യമാണ് അയര്‍ലണ്ട്. അയര്‍ലണ്ടിലേയ്ക്ക് ഏറ്റവും കൂടുതല്‍ ഇറക്കുമതി നടക്കുന്നതും യുകെയില്‍ നിന്നാണ്. അയര്‍ലണ്ടിലെ ഇറക്കുമതിയുടെ 30% യുകെയില്‍ നിന്നാണ്. ഇരു രാജ്യങ്ങളും തമ്മില്‍ ഒരാഴ്ച നടക്കുന്നത് ഒരു ബില്ല്യണ്‍ യൂറോയുടെ കച്ചവടമാണ്.

അയര്‍ലണ്ട് ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ കയറ്റിയയ്ക്കുന്ന രാജ്യവും യുകെയാണ്. 2014ല്‍ 30 ബില്ല്യണ്‍ യൂറോയുടെ കയറ്റുമതിയാണ് ഇത്തരത്തില്‍നടന്നിട്ടുള്ളത്. ഇത് അയര്‍ലണ്ടിന്റെ ആകെ കയറ്റുമതിയുടെ 17% വരും.

ഭക്ഷണം, പാനീയങ്ങള്‍ എന്നിവയില്‍ യുകെയില്‍ നിന്നും ഏറ്റവും കൂടുതല്‍ കയറ്റുമതി നടത്തുന്നത് അയര്‍ലണ്ടാണ്. വസ്ത്രങ്ങള്‍, ഫാഷന്‍, ഫൂട്‌വെയര്‍ എന്നിവയില്‍ യുകെയുടെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയുമാണ് അയര്‍ലണ്ട്. ഈ പ്രത്യേകതകളാണ് മറ്റേതു രാജ്യത്തേക്കാളും അയര്‍ലണ്ട് ബ്രെക്‌സിറ്റിനെ ഭയപ്പെടാന്‍ കാരണം.

ബ്രെക്‌സിറ്റ് അയര്‍ലണ്ടും യുകെയും തമ്മിലുള്ള യൂറോ വിനിമയത്തില്‍ 10 മുതല്‍ 15% വരെ കുറവ് ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇത് അയര്‍ലണ്ടിലേയ്‌ക്കെത്തുന്ന യുകെ നിര്‍മ്മിത വസ്തുക്കള്‍ക്ക് വില കുറയാന്‍ ഇടയാക്കും. ഇത് അയര്‍ലണ്ടിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കനത്ത നഷ്ടമാണ് നല്‍കുക. മാത്രമല്ല ഇരു രാജ്യങ്ങളും തമ്മിലുള്ള വിപണനം 20 ശതമാനത്തിലേറെ കുറയാനും ബ്രെക്‌സിറ്റ് ഇടയാക്കും.

സാമ്പത്തിക ആഘാതങ്ങള്‍ക്കപ്പുറവും ബ്രെക്‌സിറ്റിന്റെ ഫലങ്ങള്‍ ഇരുരാജ്യങ്ങളും അനുഭവിക്കേണ്ടി വരും. ബ്രെക്‌സിറ്റ് സംഭവിക്കുന്നതോടെ ജോലിക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി ഇപ്പോള്‍ പോകുന്നതു പോലെ ഐറിഷുകാര്‍ക്ക് എളുപ്പത്തില്‍ ബ്രിട്ടനിലെത്തിപ്പെടാന്‍ സാധിക്കില്ല. ഇയുവില്‍ നിന്നും ബ്രിട്ടന്‍ പുറത്തെത്തിയാല്‍ പാസ്‌പോര്‍ട്ടിലും കുടിയേറ്റത്തിലുമെല്ലാം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. അവസാനമായി നടന്ന സെന്‍സസില്‍, അയര്‍ലണ്ടില്‍ ജനിച്ച 400,000 പേര്‍ ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട് എന്നാണ് കണക്ക്. അതുപോലെ ബ്രിട്ടനില്‍ ജനിച്ച 230,000 പേര്‍ അയര്‍ലണ്ടിലും താമസിച്ചുവരുന്നു. ബ്രെക്‌സിറ്റ് സംഭവിക്കുന്നതോടെ ഇവരുടെ പൗരാവകാശങ്ങള്‍ സംബന്ധിച്ച് ചോദ്യങ്ങളുയരാന്‍ തുടങ്ങും.

ഇതെല്ലാമാണ് പൊതുവില്‍ ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിനുള്ള ആശങ്കകള്‍. രണ്ടാഴ്ചയ്ക്കകം നടക്കുന്ന ജനഹിത പരിശോധന ബ്രെക്‌സിറ്റിനു കാരണമാകുമോ എന്നും, എങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മേല്‍പ്പറഞ്ഞവയില്‍ ഒതുങ്ങുമോ എന്നും കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു.

Scroll To Top