Wednesday December 07, 2016
Latest Updates

കണ്ണു തള്ളാനൊരുങ്ങിക്കോളൂ, 250 കിലോമീറ്റര്‍ മൈലേജുമായി ബി എം ഡബ്‌ളിയു എത്തുന്നു

കണ്ണു തള്ളാനൊരുങ്ങിക്കോളൂ, 250 കിലോമീറ്റര്‍ മൈലേജുമായി ബി എം ഡബ്‌ളിയു എത്തുന്നു

ബി എം ഡബ്‌ളിയു ഷോറൂമില്‍ ചെന്ന് കാറിന്റെ മൈലേജിനെക്കുറിച്ച് ചോദിച്ചാല്‍ കാര്‍ വില്‍ക്കില്ല എന്നാണ് സാധാരണയായി പറയാറ്. പണമുള്ളവന്‍ മൈലേജിനെക്കുറിച്ച് വേവലാതിപ്പെടുന്നില്ല എന്നാണ് ഇതിനു പിന്നിലെ ന്യായം. എന്നാല്‍ ഇത്തരം ചിന്തകളുടെ കാലം കഴിഞ്ഞുവെന്നാണ് പുതുതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്‌ളിയു ലിറ്ററിന് 250 കിലോമീറ്റര്‍ മൈലേജ് നല്‍കുന്ന കാര്‍ വികസിപ്പിച്ചെടുക്കുകയാണെന്നാണ് വാര്‍ത്തകള്‍.

അഗോളതലത്തില്‍ ഇന്ധന സുരക്ഷിതത്വത്തെകുറിച്ചും, അന്തരീക്ഷമലിനീകരണം മൂലമുള്ള ആഗോളതാപനത്തെ കുറിച്ചുമുള്ള ബോധവല്‍ക്കരണ ശ്രമങ്ങളാണ് ഈ മേഖലയില്‍ ഗവേഷണങ്ങള്‍ നടത്താന്‍ കമ്പനിയെ പ്രേരിപ്പിച്ചത്. എന്തായാലും പഠനങ്ങള്‍ ഗംഭീരവിജയമായിരിക്കുന്നു എന്നുതന്നെയാണ് പുറത്തുവരുന്ന സൂചനകള്‍. രഹസ്യമായി നടപ്പാക്കിവരുന്ന പദ്ധതി വിജയിക്കുകയാണെങ്കില്‍ ലോക വാഹനവിപണിയില്‍ ഒരു വന്‍ വിപ്ലവത്തിനു തന്നെ അത് വഴിവക്കുമെന്നുറപ്പാണ്.

കാര്‍ബണ്‍ ഫൈബര്‍ കൊണ്ടുള്ള 4 സീറ്റര്‍ കാറാണ് ബിഎംഡബ്‌ളിയു നിര്‍മിക്കുന്നത്. എന്‍ജിന്‍ സാങ്കേതികതയിലൂടെ മാത്രമല്ല ഇത് സാധ്യമാവുന്നതെന്നാണ് ലഭ്യമായ സൂചനകളില്‍ നിന്നും വ്യക്തമാകുന്നത്. കാറിന്റെ ഭാരം കുറയ്ക്കല്‍, ഡിസൈനിലെ എയ്‌റോഡൈനമിക്‌സ് വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിരവധി ഘടകങ്ങളും കൂടിയ മൈലേജ് ലഭിക്കുന്നതിനായി ഉപയോഗപ്പെടുത്തും. പൂര്‍ണമായും ഭൗമ ഇന്ധനത്തിലായിരിക്കില്ല കാര്‍ പ്രവര്‍ത്തിക്കുക. ഇലക്ട്രിക് ഹൈബ്രിഡ് ആയിരിക്കാനാണ് സാധ്യത.

ഇന്ധനപുനരുപയോഗം കാറിനുള്ളില്‍ തന്നെ സാധ്യമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഒരു ഇലക്ട്രിക് മോട്ടോറും 2 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനുമായിരിക്കും വാഹനത്തിലുണ്ടാവുക. ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ജനറേറ്റര്‍ എന്ന നിലയിലായിരിക്കും 2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ പ്രവര്‍ത്തിക്കുക.

ഇലക്ട്രിക് ഹൈബ്രിഡ് കാറിന് 111 കിലോമീറ്റര്‍ മൈലേജ് നല്‍കി നേരത്തെ ഫോക്‌സ്‌വാഗണ്‍ വാഹന ലോകത്തെ ഞെട്ടിച്ചിരുന്നു. 800 സിസി ശേഷിയുള്ള ഒരു ഡീസല്‍ എന്‍ജിനാണ് കാറില്‍ ഘടിപ്പിച്ചിരുന്നത്. ഇലക്ട്രിക് മോട്ടോറും ഡീസല്‍ എന്‍ജിനും ചേര്‍ന്ന് 74 കുതിരശക്തി ഉല്‍പാദിപ്പിക്കുന്ന കാറായിരുന്നു ഫോക്‌സ്‌വാഗണ്‍ നിര്‍മ്മിച്ചത്. കൂടുതല്‍ മൈലേജ് നല്‍കുന്ന സാങ്കേതികതകള്‍ കൊണ്ടുവരാന്‍ ലോകമെമ്പാടും ഗവണ്‍മെന്റുകള്‍ കാര്‍നിര്‍മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

 

Scroll To Top