Saturday December 03, 2016
Latest Updates

ഇനി മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് രക്ത പരിശോധന നിര്‍ബന്ധമാക്കുമെന്ന് സൂചന, ഇന്ന് നിയമ ഭേദഗതി പ്രഖ്യാപിക്കും 

ഇനി മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് രക്ത പരിശോധന നിര്‍ബന്ധമാക്കുമെന്ന് സൂചന, ഇന്ന് നിയമ ഭേദഗതി പ്രഖ്യാപിക്കും 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി രക്ത പരിശോധനയും വേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. ഇതുവരെ ബ്രീത്ത് അനലൈസര്‍ (ഊത്ത്) പരിശോധന മാത്രം മതിയായിരുന്നു. എന്നാല്‍ ക്രിസ്തുമസ് അടുത്ത സാഹചര്യത്തില്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. ആനുവല്‍ ക്രിസ്തുമസ് റോഡ് സേഫ്റ്റി ക്യാംപെയ്‌നു തുടക്കം കുറിച്ച് ഇന്ന് നിയമ ഭേദഗതി പ്രഖ്യാപിക്കും. ഗതാഗത മന്ത്രി പാസ്‌ക്കള്‍ ഡോണഗാണ് നിയമ ഭേദഗതി പ്രഖ്യാപിക്കുന്നത്. പിടിക്കപ്പെടുന്ന ഡ്രൈവര്‍മാരുടെ രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവ് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കും. 

രക്ത സാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ അത് കുറ്റകൃത്യമായി പരിഗണിച്ച് കേസെടുക്കും. വാഹനമോടിക്കുന്നതില്‍ നിന്ന് വിലക്കുനത് ഉള്‍പ്പെടെയുള്ള ശിക്ഷകള്‍ ഇതിനു ലഭിച്ചേക്കാം. മയക്കുമരുന്ന് ഉപയോഗിച്ച് ശേഷം വാഹനം ഓടിക്കുന്നവരെ പിടികൂടാനുള്ള നിയമങ്ങളും ഈ ക്രിസ്തുമസ് കാലയളവില്‍ നടപ്പിലാക്കും. വാഹന പരിശോധനയ്ക്ക് ഗാര്‍ഡയ്ക്ക് കൂടുതല്‍ അധികാരം നല്കുന്ന നിയമ ഭേദഗതികളാണ് അവതരിപ്പിക്കുന്നത്. വാഹനമോടിക്കുന്നതിനിടെയുള്ള നിയമ ലംഘനങ്ങളുടെ പരിധിയില്‍ കൂടുതല്‍ ഭേദഗതികള്‍ ഉള്‍പ്പെടുത്തും. 

റോഡപകടങ്ങളിലുള്ള മരണസംഖ്യ കൂടുന്ന സാഹചര്യത്തിലാണ് പുതിയ ഭേദഗതികള്‍ അവതരിപ്പിച്ചത്. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം അയര്‍ലണ്ടില്‍ റോഡപകടത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 179 ആയി. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് 171 പേരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ വരെ ആകെ 190 പേരാണ് റോഡപകടത്തില്‍ മരിച്ചത്. ഈ വര്‍ഷം ഇത് വര്‍ധിക്കുമെന്നാണ് ആശങ്ക. ഈ പശ്ചാത്തലത്തിലാണ് നടപടി.

Scroll To Top