Saturday December 10, 2016
Latest Updates

അയര്‍ലണ്ടിലെ മതനിന്ദാ നിയമം പാക്കിസ്ഥാനിനേക്കാള്‍ കര്‍ശനമെന്ന് ആരോപണം , റദ്ദാക്കാന്‍ റഫറണ്ടം വരുന്നു 

അയര്‍ലണ്ടിലെ മതനിന്ദാ നിയമം പാക്കിസ്ഥാനിനേക്കാള്‍ കര്‍ശനമെന്ന് ആരോപണം , റദ്ദാക്കാന്‍ റഫറണ്ടം വരുന്നു 

ഡബ്ലിന്‍: അയര്‍ലണ്ടിലെ മതനിന്ദാ നിയമം എടുത്ത് കളയാന്‍ ആലോചന.രാജ്യത്ത് നിലവിലുള്ള മത നിന്ദാനിയമങ്ങള്‍ കടുത്ത യാഥാസ്ഥിതികമാണെന്ന് വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണിത്.കത്തോലിക്കാ സഭയ്ക്ക് അനുകൂലമായുള്ള നിയമങ്ങളാണ് രാജ്യത്ത് നടപ്പാക്കികൊണ്ടിരിക്കുന്നത് എന്ന മുറവിളിയുടെ പശ്ചാത്തലവും ഈ തീരുമാനത്തിനുണ്ട്.ക്രൈസ്തവേതര മതങ്ങള്‍ക്ക് നേരെ വര്‍ദ്ധിച്ചു വരുന്ന ആക്രമണങ്ങളും നിലവിലുള്ള നിയമം പുനപരിശോധിക്കാന്‍ കാരണമായി.

മതനിന്ദയ്‌ക്കെതിരെയുള്ള നിയമം റദ്ദാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഉടന്‍ ജനഹിത പരിശോധന നടത്തും. 2015 ആദ്യം ഇത് സംബന്ധിച്ച ജനഹിത പരിശോധന നടക്കുമെന്ന് ജൂനിയര്‍ മന്ത്രി ഓഥന്‍ ഒ റോര്‍ഡിയന്‍ അറിയിച്ചു. 1937 ലെ ഭരണഘടനാ നിയമ പ്രകാരം മതനിന്ദ കുറ്റകരമാണ്. 2009 ലെ ഡിഫെമേഷന്‍ ആക്റ്റ് പ്രകാരം മതവിശ്വാസികള്‍ പരിശുദ്ധമായി കരുതുന്ന കാര്യങ്ങളെ പരസ്യമായി നിന്ദിച്ച് സംസാരിക്കുകയോ നിന്ദാപരമായ പ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കുകയും ചെയ്യുന്നതിലൂടെ വിദ്വേഷം വളര്‍ത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനുള്ള നിയമമാണ് ഇപ്പോള്‍ നിലവിലുള്ളത്. 

മതനിന്ദ നിലവില്‍ 25000 യൂറോ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്. മതനിന്ദാ നിയമം പൂര്‍ണ്ണമായി ഇല്ലാതാക്കണോ അതോ മതവിദ്വേഷത്തിന് പ്രേരിപ്പിക്കുന്നത് നിരോധിക്കുന്ന മറ്റൊരു നിയമം പകരം നിര്‍മ്മിക്കണോ എന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ല. പരസ്പ്പര വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ നിലവില്‍ അയര്‍ലണ്ടില്‍ നിയമമുണ്ട്. ഈ നിയമത്തില്‍ മതപരമായ കാര്യങ്ങളും പരാമര്‍ശിക്കുന്നുണ്ട്. ഈ നിയമം കൂടുതല്‍ ശക്തമായ വകുപ്പുകള്‍ ചേര്‍ത്തു നടപ്പിലാക്കണോ എന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

മതനിന്ദാ നിയമം റദ്ദാക്കാനുള്ള നീക്കം സ്വാഗതം ചെയ്യുന്നതായി അയര്‍ലണ്ടിലെ യുക്തിവാദികളും മതേതരവാദികളും പ്രതികരിച്ചു. മതനിന്ദാ നിയമത്തിനു പകരം മറ്റൊരു നിയമം കൊണ്ടുവരേണ്ടതില്ലെന്നും മതനിന്ദാ നിയമം പൂര്‍ണ്ണമായി റദ്ദാക്കേണ്ട സമയം അതിക്രമിച്ചുവെന്നും യുക്തിവാദി പ്രവര്‍ത്തകനായ മൈക്കല്‍ നുഗെന്റ് പറഞ്ഞു. പാക്കിസ്ഥാന്‍ പോലെയുള്ള കടുത്ത മതനിന്ദാ നിയമങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങള്‍ പോലും കാടന്‍ നിയമങ്ങള്‍ ന്യായീകരിക്കാന്‍ അയര്‍ലണ്ടിലെ നിയമത്തെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും യുക്തിവാദികള്‍ പറയുന്നു.

Scroll To Top