Wednesday December 07, 2016
Latest Updates

വെള്ളാപ്പള്ളി-ബി ജെ പി സഖ്യം തീര്‍ച്ചയാകുന്നു,തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയായേക്കും 

വെള്ളാപ്പള്ളി-ബി ജെ പി സഖ്യം തീര്‍ച്ചയാകുന്നു,തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്രമന്ത്രിയായേക്കും 

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മകനും യോഗം വൈസ് പ്രസിഡന്റുമായ തുഷാര്‍ വെള്ളാപ്പള്ളിയെ കേന്ദ്ര മന്ത്രിസഭയില്‍ എടുക്കാന്‍ അണിയറ നീക്കം നടക്കുന്നതായി വാര്‍ത്ത.

കേരളത്തിലെ ഏറ്റവും വലിയ സമുദായമായ എസ്എന്‍ഡിപിയുടെ പിന്തുണയോടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ ലക്ഷ്യമാണ് ഇതിനു പിന്നിലെന്നാണ് അറിയുന്നത്. തുഷാറിനെ രാജ്യസഭാംഗമാക്കി അതുവഴി കേന്ദ്ര മന്ത്രിസഭയില്‍ എടുക്കാനും കാബിനറ്റ് റാങ്ക് നല്കാനുമാണ് നീക്കമെന്ന് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.തുഷാര്‍ കഴിഞ്ഞ ദിവസം തിരക്കിട്ട് ഡല്‍ഹിയില്‍ എത്തി ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ചനടത്തിയിരുന്നു.ഇടതു പക്ഷവുമായി ഇടഞ്ഞതിനെ തുടര്‍ന്നാണ് തുഷാര്‍ തിരക്കിട്ട് ഡല്‍ഹിക്കു പോയതെന്നും ബിജെപിയുടെ പിന്തുണ യോഗത്തിന് ഉറപ്പാക്കിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ സുഭാഷ് വാസുവും വെള്ളാപ്പള്ളിയെ അനുഗമിച്ചിരുന്നു.

നേരത്തേയും തുഷാറിനു ബിജെപി മന്ത്രിസഭാംഗത്വം വാഗ്ദനം ചെയ്തിരുന്നുവെന്നും വെള്ളാപ്പള്ളിക്കു ഗവര്‍ണര്‍ സ്ഥാനം നല്കാമെന്നു പറഞ്ഞിരുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. അന്ന് സിപിഎം നേതൃത്വത്തിലെ ചിലര്‍ ഇടപെട്ട് വെള്ളാപ്പള്ളിയെ പിന്തിരിപ്പിക്കുകയായിരുന്നുവെന്ന് വാര്‍ത്തയുണ്ടായിരുന്നു.

ഗുരുദേവനെ കുരിശിലേറ്റിയ സിപിഎം നടപടിക്കെതിരേ ഇരുകൂട്ടരും രൂക്ഷമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് തുഷാര്‍ ഡല്‍ഹിയില്‍ പോയി അമിത് ഷായെ കണ്ടിരിക്കുന്നത്.

ഇതിനിടെ, എസ്എന്‍ഡിപി യോഗത്തെ കാവിവത്കരിക്കാന്‍ വെള്ളാപ്പള്ളി നടേശന്‍ ശ്രമിക്കുകയാണെന്നും ഇതിനു ഗുരുതരമായ ഭവിഷ്യത്തുണ്ടാകുമെന്നും കെപിസിസി അദ്ധ്യക്ഷന്‍ വിഎം സുധീരന്‍ കഴിഞ്ഞ ദിവസം പറയുകയും ചെയ്തിരുന്നു. ഇതും ബിജെപിയുമായുള്ള ചങ്ങാത്ത നീക്കം മണത്തറിഞ്ഞാണെന്നാണ് സൂചന.

ഈ മാസം 20ന് എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി, പ്രസിഡന്റ് വൈസ് പ്രസിഡന്റ് തുടങ്ങിയവരുടെ യോഗം വെള്ളാപ്പള്ളി വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ബിജെപിയുമായി കൂട്ടുകൂടന്നതു സംബന്ധിച്ചു സുപ്രധാന തീരുമാനം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Scroll To Top