Friday December 09, 2016
Latest Updates

കാഞ്ഞിരപ്പള്ളി ബിഷപ്പ്, വെള്ളാപ്പള്ളിയെ കണ്ടു,ഇടുക്കി ബിഷപ്പിനെതിരെയുള്ള സമരം എസ് എന്‍ ഡി പി അവസാനിപ്പിച്ചു 

കാഞ്ഞിരപ്പള്ളി ബിഷപ്പ്, വെള്ളാപ്പള്ളിയെ കണ്ടു,ഇടുക്കി ബിഷപ്പിനെതിരെയുള്ള സമരം എസ് എന്‍ ഡി പി അവസാനിപ്പിച്ചു 

കാഞ്ഞിരപ്പള്ളി : വിവാദ പ്രസ്താവന നടത്തിയ ഇടുക്കി ബിഷപിനെതിരെയുള്ള സമരം അവസാനിപ്പിക്കാന്‍ എസ്.എന്‍.ഡി.പി നിര്‍ദേശം. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് നിര്‍ദേശം നല്‍കിയത്.വിവാദ പ്രസ്താവന വിഷയത്തില്‍ വെള്ളാപ്പള്ളിയോട് കാഞ്ഞിരപ്പള്ളി ബിഷപ് നേരിട്ടു ഖേദം അറിയിച്ചു.
മാര്‍ മാത്യു ആനികുഴിക്കാട്ടിലിനെതിരായ സമരങ്ങള്‍ അവസാനിപ്പിക്കണമെന്ന് കൂടിക്കാഴ്ചയില്‍ കാഞ്ഞിരപ്പള്ളി ബിഷപ് അഭ്യര്‍ഥിച്ചിരുന്നു. മിശ്ര വിവാഹത്തെ കുറിച്ചുള്ള ഇടുക്കി ബിഷപിന്റെ പ്രസ്താവന മനഃപൂര്‍വമല്ലെന്നും ആരെയും വേദനിപ്പിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും മാര്‍ മാത്യു അറയ്ക്കല്‍ മാധ്യമങ്ങളോട് പറഞ്ഞു.

സഭയുമായി യോജിച്ചു മുന്നോട്ടു പോകുമെന്നുമെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. 

വിവാദ പ്രസ്താവനയില്‍ ഇടുക്കി ബിഷപ് മാര്‍ മാത്യു ആനികുഴിക്കാട്ടില്‍ രാവിലെ ഖേദം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാഞ്ഞിരപ്പള്ളി ബിഷപ് വെള്ളാപ്പള്ളിയെ ആലപ്പുഴയിലെ വസതിയില്‍ സന്ദര്‍ശിച്ചത്. വിവാദ പ്രസ്താവനയില്‍ എസ്.എന്‍.ഡി.പി ഇടുക്കി ഘടകം അരമനയുടെ മുന്നില്‍ പ്രതിഷേധിച്ചിരുന്നു. പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘവും ആവശ്യപ്പെട്ടിരുന്നു. ഇന്നു കൂടുതല്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കാനിരിക്കെയാണ് ബിഷപിന്റെ ഖേദപ്രകടനം.

മിശ്രവിവാഹം ക്രൈസ്തവ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നായിരുന്നു ആനിക്കുഴിക്കാട്ടിലിന്റെ പരാമര്‍ശം. ഒരു ഇടവകയില്‍ നൂറു വിവാഹങ്ങള്‍ നടക്കുമ്പോള്‍ അതില്‍ ആറെണ്ണം മിശ്ര വിവാഹമാണ്. സര്‍ക്കാര്‍ മിശ്ര വിവാഹത്തെ പ്രോല്‍സാഹിപ്പിക്കുന്നുണ്ടെങ്കിലും നമ്മള്‍ എതിര്‍ക്കണമെന്നുമുള്ള ബിഷപിന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്.

Scroll To Top