Wednesday December 07, 2016
Latest Updates

പക്ഷിപ്പനി മനുഷ്യരിലേക്കും ബാധിച്ചതായി ആശങ്ക; 7 പേര്‍ ആശുപത്രിയില്‍

പക്ഷിപ്പനി മനുഷ്യരിലേക്കും ബാധിച്ചതായി ആശങ്ക; 7 പേര്‍ ആശുപത്രിയില്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി പടര്‍ന്നു പിടിച്ച പഞ്ചായത്തുകളില്‍ മനുഷ്യരിലേക്കും പനി ബാധിച്ചതായി ആശങ്ക. ആലപ്പുഴയില്‍ ഏറ്റവുമധികം പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പുറക്കാട്, ഇല്ലിച്ചിറ മേഖലയില്‍ നിന്ന് രണ്ട് കുടുംബങ്ങളിലെ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് കുടുംബങ്ങളില്‍ നിന്ന് മൂന്നും നാലും പേരെ വീതമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രതിരോധ മരുന്നുകളോ മറ്റ് പ്രതിരോധ മാര്‍ഗങ്ങളോ കൃത്യമായി ലഭ്യമല്ലാത്തതിനാല്‍ ജനങ്ങള്‍ ആശങ്കയിലാണ്.

അതിനിടെ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ തീരുമാനിച്ചു. നാല് പഞ്ചായത്തുകളിലെ രണ്ട് ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കും. ഇന്നലെ ആഭ്യതര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ആലപ്പുഴ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. താറാവ് കര്‍ഷകരുടെ നഷ്ടപരിഹാരം വര്‍ധിപ്പിച്ചു നല്കാനും തീരുമാനമായി. ചെറിയ താറാവുകള്‍ക്ക് നൂറു രൂപയും വലുതിനു 200 രൂപയും വരെ നഷ്ടപരിഹാരം നല്കും. കര്‍ഷകരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി.

അതിനിടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. കേന്ദ്രസംഘം രോഗബാധിത മേഖലകള്‍ സന്ദര്‍ശിക്കും. ആദ്യം ആലപ്പുഴ ജില്ലയിലും കോട്ടയം ജില്ലയുടെ ചില മേഖലകളിലും റിപ്പോര്‍ട്ട് ചെയ്ത പക്ഷിപ്പനി ഇന്ന് കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പത്തനംതിട്ട ജില്ലയിലും തിരിവനന്തപുരം ജില്ലയിലും ഇന്ന് താറാവുകള്‍ ചത്തൊടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. കോട്ടയം ജില്ലയിലെ ചില മേഖലകളില്‍ ഇറച്ചി കോഴികള്‍ക്കും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Scroll To Top