Sunday December 11, 2016
Latest Updates

പ്രവാസി വോട്ടിനുള്ള ബില്‍ സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ;പാസായാല്‍ 2016 മെയില്‍ പ്രവാസികള്‍ക്കും വോട്ടു ചെയ്യാം

പ്രവാസി വോട്ടിനുള്ള ബില്‍ സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ;പാസായാല്‍ 2016 മെയില്‍ പ്രവാസികള്‍ക്കും വോട്ടു ചെയ്യാം

ന്യൂഡല്‍ഹി: വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് നാട്ടില്‍ വരാതെ വോട്ടു ചെയ്യാന്‍ സാധിക്കുന്ന നിയമ ഭേദഗതി പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ അവതരിപ്പിക്കും. 1950ലെ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്താണ് പ്രവാസികള്‍ക്കുള്ള വോട്ടിംഗ് അവകാശം ഉറപ്പിക്കുന്നത്.  പ്രവാസികള്‍ക്കായി തപാല്‍ വോട്ടോ, മുക്ത്യാര്‍ വോട്ടോ ആണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം നിയമമന്ത്രാലയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു.

പ്രവാസികളോടൊപ്പം സൈന്യത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയും. നിലവില്‍ സൈനികര്‍ പകരം ആളെ നിയോഗിച്ച് ചെയ്യുന്ന മുക്ത്യാര്‍ സംവിധാനത്തിലൂടെയാണ് വോട്ട് ചെയ്യുന്നത്. പ്രവാസിവോട്ടിന് മന്ത്രിസഭ അംഗീകാരം നല്‍കിയാല്‍ മാത്രമെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടത്തില്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സാധിക്കുകയുള്ളു. ബില്‍ പാസായാല്‍ അടുത്ത വര്‍ഷം മെയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയും.

പ്രവാസികള്‍ക്ക് തപാലിലൂടെയോ മുക്ത്യാര്‍ സംവിധാനത്തിലൂടെയോ ഓണ്‍ലൈനായോ വോട്ട് രേഖപ്പെടുത്താനുള്ള അവസരം നല്‍കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം നേരത്തെതന്നെ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമമന്ത്രാലയവും തെരഞ്ഞെടുപ്പ് കമ്മീഷനും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് നിര്‍ദ്ദേശം മന്ത്രിസഭയ്ക്ക് സമര്‍പ്പിച്ചത്.

വോട്ടര്‍ക്ക് പകരമായി മറ്റൊരാളെ നിയോഗിച്ച് വോട്ട് ചെയ്യുന്ന രീതിയാണ് മുക്താ്യാര്‍ വോട്ട്. വോട്ടറുടെ മണ്ഡലത്തില്‍ ഉള്ള ഒരു വ്യക്തിയെയാണ് മുക്ത്യാര്‍ ആയി നിയോഗിക്കേണ്ടത്. ഇതിനായി ആറുമാസം മുമ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഒരു തവണ മുക്ത്യാര്‍ ആയി നിയമിപ്പിക്കപ്പെട്ട് കഴിഞ്ഞാല്‍ ഈ വ്യക്തിയെ സ്ഥാനത്ത് നിന്നും മാറ്റാന്‍ അപേക്ഷ നല്‍കും വരെ ഇയാള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്യാം. എന്നാല്‍ റിട്ടേണിംഗ് ഓഫീസര്‍ അയച്ചുകൊടുക്കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്ത് സാക്ഷ്യപ്പെടുത്തി തിരിച്ചയ്ക്കുന്ന രീതിയാണ് ഇലക്ട്രോണിക് തപാല്‍ വോട്ടിംഗ്. ഇതിനും ആറുമാസം മുമ്പ് അപേക്ഷ നല്‍കിയിരിക്കണം. ഇമെയിലായാണ് ബാലറ്റ് പേപ്പര്‍ അയച്ചുകൊടുക്കുന്നത്.

Scroll To Top