Thursday September 21, 2017
Latest Updates

ബാബു 10 കോടി,മാണി 1 കോടി …ബിജു രമേശിന്റെ സമ്പൂര്‍ണ്ണ മൊഴി പുറത്ത് 

ബാബു 10 കോടി,മാണി 1 കോടി …ബിജു രമേശിന്റെ സമ്പൂര്‍ണ്ണ മൊഴി പുറത്ത് 

തിരുവനന്തപുരം:ബിജു രമേശ് കോടതിയ്ക്ക് നല്കിയ രഹസ്യ മൊഴിയുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ പുറത്തായി.കെ ബാബുവിന് പത്തു കോടി കോഴ കൊടുത്തപ്പോള്‍ കെ എം മാണി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടതില്‍ ഒരു കോടിയെ  നല്‍കിയുള്ളൂ എന്നും ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറിനും പണം നല്‍കിയെന്നുംകോടതിക്കു നല്‍കിയ രഹസ്യമൊഴിയാണ് പുറത്തുവന്നിരിക്കുന്നത്. ഇതോടെ ധനമന്ത്രി കെ.എം മാണിയെക്കാള്‍ പുലിവാലു പിടിച്ചിരിക്കുന്നത് എക്‌സൈസ് മന്ത്രി കെ. ബാബുവാണ്.

കഴിഞ്ഞ മാര്‍ച്ച് 30ന് ക്രിമിനല്‍ നടപടിച്ചട്ടം 164 പ്രകാരം കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയിലാണ് മൂന്നു മന്ത്രിമാര്‍ പണം വാങ്ങിയെന്ന് ബിജു വെളിപ്പെടുത്തിയത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കെ. വിഷ്ണുവാണ് വിജിലന്‍സിന്റെ ആവശ്യപ്രകാരം ബിജു രമേശിന്റെ മൊഴി രേഖപ്പെടുത്തിയത്.
മൊഴിയുടെ പൂര്‍ണ രൂപം ചുവടെ:
1) ഇന്ന് കോടതിയില്‍ വന്നതെന്തിനാണ്?
മൊഴി പറയുന്നതിന് വേണ്ടിയാണ്.
2) കോടതിയില്‍ വരാന്‍ നോട്ടീസ് കിട്ടിയോ?
കിട്ടി.
3) ഏതെങ്കിലും പ്രത്യേകരീതിയില്‍ മൊഴികൊടുക്കണമെന്ന് ആരെങ്കിലും പ്രേരിപ്പിക്കുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടുണ്ടോ?
ഇല്ല.
4) എന്താണ് പറയുവാനുള്ളത്?
ഞാന്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായി കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്നു. 418 ബാര്‍ അടച്ച വിഷയങ്ങളെക്കുറിച്ച് ചാനലുകളില്‍ പല ചര്‍ച്ചകളിലും ഞാന്‍ പങ്കെടുക്കുകയുണ്ടായി. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താക്കള്‍ പറയുന്ന കളവുകള്‍ കേട്ടിട്ട് 31102014 മനോരമ ചാനലില്‍ ഞാന്‍ സംസാരിക്കവെ സത്യം ഇതല്ല.
ബാര്‍ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് 418 ബാറുകള്‍ കെ.പി.സി.സി പ്രസിഡന്റുമായി ആലോചിച്ചതിന് ശേഷം പുതുക്കിയാല്‍ മതിയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ എക്‌സൈസ് മന്ത്രി കെ. ബാബുവിനോട് പറഞ്ഞതായി കെ. ബാബു, ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു.

അതേത്തുടര്‍ന്ന് മുഖ്യമന്ത്രിയെ അസോസിയേഷന്‍ ഭാരവാഹികള്‍ അദ്ദേഹത്തിന്റെ ഔദ്യോഗികവസതിയില്‍ പോയി കാണുകയും അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം മന്ത്രിമാരായ കെ.എം. മാണിയേയും കുഞ്ഞാലിക്കുട്ടിയേയും നേരിട്ട് കണ്ട് ബാര്‍ലൈസന്‍സ് പുതുക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിയ്ക്കാന്‍ അസോസിയേഷന്‍ ഭാരവാഹികളോട് നിര്‍ദ്ദേശിച്ചു. വരുന്ന കാബിനറ്റില്‍ വച്ച് 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന വിഷയത്തില്‍ തീരുമാനം ഉണ്ടാക്കി തരാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ബാര്‍ഹോട്ടല്‍ ഭാരവാഹികള്‍ 21-03-2014ല്‍ തിരുവനന്തപുരത്ത് എത്തുകയും എന്റെ ഉടമസ്ഥതയിലുള്ള മൗര്യ രാജധാനി എന്ന ഹോട്ടലില്‍ താമസിക്കുകയും ചെയ്തു. ബാര്‍ഹോട്ടല്‍ അസോസിയേഷന്റെ പ്രസിഡന്റായ ഡി. രാജ്കുമാര്‍(ഉണ്ണി), സെക്രട്ടറി എം.ഡി. ധനേഷ്, വൈസ് പ്രസിഡന്റ് കൃഷ്ണദാസ് ഉപദേശകസമിതി അംഗം ഇടശേരി ജോസ്, ജോണ്‍ കല്ലാട്ട് തുടങ്ങിയവരായിരുന്നു താമസിച്ചിരുന്നത്. 22032014ന് രാവിലെയാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗികവസതിയായ ക്ലിഫ്ഹൗസില്‍ ചെന്ന് അദ്ദേഹത്തെ കണ്ടത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം രാവിലെ തന്നെ പാലായിലേക്ക് ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ മേല്‍പ്പറഞ്ഞ ഭാരവാഹികള്‍ പോകുകയും ചെയ്തു. പോകുമ്പോള്‍ കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ കോട്ടയം ജില്ലാ സെക്രട്ടറിയോടും സംസ്ഥാന ട്രഷററായ തങ്കച്ചനോടും കുറച്ച് കാഷ് അടിയന്തിരമായി കലക്ട് ചെയ്ത് പാലായില്‍ മാണിസാറിന്റെ വസതിയിലെത്തിക്കണമെന്ന് ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ആവശ്യപ്പെട്ടു.

ഇതിന്റെ അടിസ്ഥാനത്തില്‍ 15 ലക്ഷം രൂപ കോട്ടയം ജില്ല അസോസിയേഷന്‍ കലക്ട് ചെയ്ത് സാജൂ ഡൊമനിക്കിനെ ഏല്‍പ്പിക്കുകയും സാജു ഡൊമനിക്ക് 15 ലക്ഷം രൂപ മാണിസാറിന്റെ വസതിയില്‍ കൊണ്ടുവരികയും അവിടെയുണ്ടായിരുന്ന ബാര്‍ ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാന ട്രഷററായ ശ്രീ. തങ്കച്ചനെ ഏല്‍പ്പിക്കുകയും ചെയ്തു. ഈ സമയത്ത് ബാര്‍ഹോട്ടല്‍ അസോസിയേഷന്റെ സംസ്ഥാനഭാരവാഹികളായ ശ്രീ: രാജ്കുമാര്‍, എം.ഡി. ധനേഷ്, ശ്രീ: കൃഷ്ണദാസ്, ജോണ്‍ കല്ലാട്ട്, ഇടശേരി ജോസ് തുടങ്ങിയവര്‍ മാണിസാറിന്റെ പാലായിലെ വസതിയില്‍ ഉണ്ടായിരുന്നു.

ശ്രീ തങ്കച്ചന്‍ കൊണ്ടുവന്ന 15 ലക്ഷം രൂപ മാണി സാറിന്റെ വസതിക്ക് ഉള്ളിലുണ്ടായിരുന്ന ജോണ്‍ കല്ലാട്ടിനെ പുറത്തേക്ക് വിളിച്ച് ഏല്‍പ്പിച്ചതായി തങ്കച്ചന്‍, എന്നോടും ഞങ്ങളുടെ മീറ്റിംഗിലും പറഞ്ഞു. 15 ലക്ഷം രൂപ അസോസിയേഷന്‍ ഭാരവാഹികള്‍ നല്‍കിയപ്പോള്‍ മാണിസാര്‍ 5 കോടി രൂപ ആവശ്യപ്പെട്ടതായി അസോസിയേഷന്‍ പ്രസിഡന്റും മറ്റ് അംഗങ്ങളും ഞങ്ങളെ മീറ്റിംഗില്‍ വച്ച് ധരിപ്പിക്കുകയുണ്ടായി.
അടുത്തദിവസം ഫോണിലൂടെയും ശ്രീ രാജ്കുമാര്‍ ഈ വിവരം എന്നോട് പറയുകയുണ്ടായി. 26032014ല്‍ ഉണ്ടായ കാബിനറ്റ് മീറ്റിംഗില്‍ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന വിഷയം വരികയും മാണിസാര്‍ ഫയല്‍ പഠിച്ചില്ലെന്ന് കാബിനറ്റില്‍ പറയുകയും ഫയല്‍ പഠിക്കുന്നതിന് സമയം വേണമെന്ന് കാബിനറ്റില്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് എക്‌സൈസ് മന്ത്രി കാബിനറ്റ് കഴിഞ്ഞശേഷം അസോസിയേഷന്‍ പ്രസിഡന്റായ രാജ്കുമാറിനേയും വൈസ് പ്രസിഡന്റായ ശ്രീ കൃഷ്ണദാസിനേയും ധരിപ്പിച്ചത്.

ഇതിന്റെ അടിസ്ഥാനത്തില്‍ കുറച്ചുകൂടി തുക മാണിസാറിന് നല്‍കി പ്രശ്‌നം പരിഹരിക്കുന്നതിന് വേണ്ടി തൃശൂര്‍, എറണാകുളം ജില്ലകളിലെ അസോസിയേഷനില്‍ നിന്നും ശ്രീ അനിമോന്റെ നേതൃത്വത്തില്‍ 50 ലക്ഷം രൂപ കലക്ട് ചെയ്യുകയും ആ തുക അനിമോന്‍ തന്നെ പാലായില്‍ കൊണ്ടുവരികയും ശ്രീ കൃഷ്ണദാസും രാജ്കുമാറും എം.ഡി. ധനേഷും പാലായിലെ മാണിസാറിന്റെ വസതിയില്‍ വരികയും മേല്‍പറഞ്ഞ 50 ലക്ഷം രൂപ അനിമോനും മാണിസാറിന്റെ അടുത്ത സുഷഹൃത്ത് കൂടിയായ കുഞ്ഞാപ്പ അവിടെ എത്തുകയും മേല്‍പ്പറഞ്ഞ അസോസിയേഷന്‍ ഭാരവാഹികളായ 3 പേരും അനിമോനും കുഞ്ഞാപ്പയും കൂടിചേര്‍ന്ന് മാണിസാറിന് 50 ലക്ഷം രുപ നേരിട്ട് നല്‍കുകയും ചെയ്തു.
ബാക്കി തുക മാണിസാര്‍ ആവശ്യപ്പെടുകയും കുറച്ച് സാവകാശം വേണമെന്ന് പ്രസിഡന്റ് മാണിസാറിനോട് അപേക്ഷിക്കുകയും ചെയ്തു. 2042014ലെ കാബിനറ്റിന് മുമ്പായി ബാക്കിതുക നല്‍കണമെന്ന മാണിസാര്‍ നിര്‍ദ്ദേശിച്ചുവെന്ന് രാജ്കുമാര്‍ എന്നോട് നേരിട്ട് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 10-4-2014 പ്രസിഡന്റ് ശ്രീ രാജ്കുമാര്‍ തിരുവനന്തപുരത്ത് വരികയും ഉച്ചയോടുകൂടി എന്റെ ഓഫീസില്‍ വരികയും അവിടെയിരുന്ന് തന്നെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ ശ്രീ സുനിലുമായി ബന്ധപ്പെടുകയും തുടര്‍ന്ന് ശ്രീ പി. സുരേന്ദ്രന്‍ അതായത് യമഹാ സുരേന്ദ്രന്‍, ഇന്ദ്രപാലന്‍ എന്നിവരെ ഫോണിലൂടെ വിളിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ യമഹാസുരേന്ദ്രന്‍ 10 ലക്ഷം രുപയും സുനില്‍ (ജില്ലാ സെക്രട്ടറി) 10 ലക്ഷം രുപയും ഇന്ദ്രപാലന്‍ 5 ലക്ഷം രുപയും എത്തിക്കാമെന്ന് പറയുകയും എന്നോട് 10 ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു.
രാജ്കുമാര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഇന്ദ്രപാലന്റെ അട്ടക്കുളങ്ങരയില്‍ സ്ഥിതിചെയ്യുന്ന ബാര്‍ഹോട്ടലില്‍ പോയി അവിടുത്തെ മാനേജരുടെ പക്കല്‍ നിന്ന് 5ലക്ഷം രൂപ കലക്ട് ചെയ്തതായും തുടര്‍ന്ന് ശ്രീ രാജ്കുമാറുമായി പഴവങ്ങാടി ഗണപതികോവിലിന് സമീപത്ത് രാത്രി എട്ടരമണിയോടെ വാഹനം പാര്‍ക്ക് ചെയ്യുകയും അവിടെ ജില്ലാ സെക്രട്ടറിയായ ശ്രീ സുനില്‍കുമാര്‍ കാറില്‍ വരികയും പത്തുലക്ഷം രൂപ രാജ്കുമാറിനെ ഏല്‍പ്പിക്കുയും രാത്രി ഒന്‍പത് മണിയോടുകൂടി ശ്രീ സുരേന്ദ്രന്‍ പഴവങ്ങാടി ഗണപതികോവിലിന് മുന്‍വശത്തായി എത്തുകയും സുരേന്ദ്രന്‍ കൊണ്ടുവന്ന പത്തുലക്ഷം രൂപ രാജ്കുമാറിന്റെ ഏല്‍പ്പിക്കുകയും ചെയ്തതായി ഡ്രൈവറായ വിജയകുമാര്‍ എന്നോട് പറഞ്ഞു.1042014 രാത്രി മാണിസാര്‍ പാലായില്‍ നിന്നു തിരുവനന്തപുരത്തുള്ള ഔദ്യോഗികവസതിയില്‍ എത്തുമെന്നും രാത്രി തന്നെ ഈ തുക അവിടെ എത്തിക്കേണ്ടതാണെന്നും രാജ്കുമാര്‍ എന്നോട് പറഞ്ഞു.

രാജ്കുമാറിന് രാത്രിയില്‍ വിശ്രമിക്കുന്നതിനായി മുറി ആവശ്യപ്പെടുകയും കോട്ടയ്ക്കകത്തെ എന്റെ ഓഫീസിനോട് അനുബന്ധമായി സ്ഥിതിചെയ്യുന്ന പാര്‍ക്ക് രാജധാനി എന്ന ഹോട്ടലില്‍ മുറി നല്‍കുകയും ചെയ്തു. കൂടാതെ രാജ്കുമാറിന് സഞ്ചരിക്കുന്നതിനായി വാഹനവും ഡ്രൈവറേയും ആവശ്യപ്പെടുകയും എന്റെ പേഴ്‌സണല്‍ ഡ്രൈവറായ വിജയകുമാര്‍ ഏലിയാസ് അമ്പിളിയെ ഞാന്‍ ചുമതലപ്പെടുത്തി.
തുടര്‍ന്ന് രാജ്കുമാര്‍ ഹോട്ടല്‍ മുറിയില്‍ വരികയും എന്റെ ഓഫീസില്‍ നിന്നും എന്റെ അക്കൗണ്ടന്റായ ശ്രീ അജേഷ് കൊണ്ടുപോയി കൊടുത്ത 10 ലക്ഷം രുപ അടക്കം രണ്ട് കാരിബാഗുകളിലായി ശ്രീ വിജയകുമാറും ശ്രീ രാജ്കുമാറും കൂടി പാക്ക് ചെയ്ത് വയ്ക്കുകയുണ്ടായി.
ഒന്നരമണിവരെ വിജയകുമാര്‍ മാണിസാറിന്റെ വീട്ടില്‍പോകുവാനായി രാജ്കുമാറിനെ വെയ്റ്റ് ചെയ്ത് നിന്നു. മാണിസാര്‍ വരാന്‍ താമസിക്കുമെന്ന് രാജ്കുമാറിന് ഫോണിലൂടെ അറിയിപ്പ് കിട്ടി. അതിന്റെ അടിസ്ഥാനത്തില്‍ രാവിലെ അഞ്ചരമണിക്ക് വരാന്‍ വിജയകുമാറിനോട് രാജ്കുമാര്‍ നിര്‍ദ്ദേശിച്ചു.

രാവിലെ അഞ്ചരമണിക്ക് അഞ്ചരമണിക്ക് വിജയകുമാര്‍ ഹോട്ടലില്‍ എത്തുകയും രാജ്കുമാറുമായി പത്മനാഭസ്വാമിക്ഷേത്രത്തില്‍ പോയി വന്നശേഷം മുറിയില്‍ സൂക്ഷിച്ചിരുന്ന കാഷും എടുത്ത് മാണിസാറിന്റെ ഔദ്യോഗികവസതിയിലേക്ക് പോകുകയാണുണ്ടായത്. പോകുന്നവഴിയില്‍ നന്തന്‍കോടുള്ള ശ്രീ രാജ്കുമാറിന്റെ കസിന്റെ വീട്ടില്‍ ഈ രണ്ടു ബാഗ് സൂക്ഷിക്കുവാനായി ഏല്‍പ്പിച്ചശേഷം മാണിസാറിന്റെ വസതിയിലേക്ക് പോകുകയാണുണ്ടായത്.

രാജ്കുമാര്‍ മാണിസാറിന്റെ ഔദ്യോഗികവസതിയിലുള്ള ഓഫീസില്‍ ചെന്നപ്പോള്‍ ഔദ്യോഗികവസതിയിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും രാജ്കുമാര്‍ അവിടെ ചെല്ലുകയും ചെയ്തു. 35 ലക്ഷം രൂപയെ കലക്ട് ചെയ്തിട്ടുള്ളുവെന്നും ബാക്കിതുകയ്ക്ക് ഒരാഴ്ച സമയം ആവശ്യപ്പെട്ടതായും രാജ്കുമാര്‍ അതിനുശേഷം എന്നോട് പറഞ്ഞു.

മാണിസാര്‍ സമ്മതിച്ചതിന്റെ അടിസ്ഥാനത്തില്‍ പുറത്തു വെയിറ്റ് ചെയ്ത ഡ്രൈവര്‍ വിജയകുമാറിനോട് രാജ്കുമാറിന്റെ കസിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന 35 ലക്ഷം രൂപ എടുത്തുകൊണ്ടുവരാന്‍ പറയുകയും അതനസുസരിച്ച് വിജയകുമാര്‍ 35ലക്ഷം രൂപ എടുത്തുകൊണ്ടുവരികയും മാണിസാറിന്റെ ഔദ്യോഗികവസതിയുടെ വരാന്തയില്‍ നിന്ന രാജ്കുമാറിനെ ഏല്‍പ്പിക്കുയും, മാണിസാര്‍ ആ സമയം വന്ന ആ കാഷ് രാജ്കുമാറിന്റെ കൈയില്‍ നിന്നും വാങ്ങിക്കൊണ്ടുപോയതായും വിജയകുമാര്‍ എന്നോട് പറഞ്ഞു.

തുടര്‍ന്ന് അന്നത്തെ കാബിനറ്റില്‍ മാണിസാര്‍ നിലവാരമുള്ള ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കികൊടുക്കണമെന്ന് ശക്തമായി ആവശ്യപ്പെടുകയും പക്ഷേ കെ.പി.സി.സി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് 418 ബാറുകളിലെ ലൈസന്‍സ് പുതുക്കുന്ന വിഷയം കെ.പി.സി.സി ചര്‍ച്ചചെയ്ത ശേഷമേ പുതുക്കാവൂവെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാബിനറ്റില്‍ തീരുമാനം എടുക്കാതെ കാബിനറ്റില്‍ നിന്നും ആ വിഷയം മാറ്റുകയാണുണ്ടായത്. തുടര്‍ന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ കെ. ബാബുവിനെ, മാണിസാറിന് പണം നല്‍കിയ വിഷയം ധരിപ്പിക്കുയും ബാക്കി 4 കോടി രൂപ ആവശ്യപ്പെട്ട വിവരവും ശ്രീ കൃഷ്ണദാസ്മുഖേന അറിയിക്കുകയുമുണ്ടായി.

മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ട് പറയാമെന്നായിരുന്നു മന്ത്രി ബാബു പറഞ്ഞത്. തുടര്‍ന്ന് ഈ വിഷയത്തില്‍ മാണിസാറിന് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ബാക്കി തുക നല്‍കേണ്ട എന്നും മുഖ്യമന്ത്രി പറഞ്ഞതായി എക്‌സൈസ് മന്ത്രി ബാബു കൃഷ്ണദാസിനോട് പറയുകയുണ്ടായി.

ഈ ഗവണ്‍മെന്റ് അധികാരത്തില്‍വന്നശേഷം ഓരോവര്‍ഷവും ബാര്‍ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയാണ് അസോസിയേഷന്‍ പിരിച്ച് മന്ത്രി കെ. ബാബുവിനും അദ്ദേഹം പറയുന്ന സ്ഥലങ്ങളിലൂം അസോസിയേഷന്‍ ഭാരവാഹികള്‍ എത്തിച്ചിട്ടുള്ളത്. 20122013 വര്‍ഷത്തെ എക്‌സൈസിന്റെ പ്രീ ബജറ്റ് മീറ്റിംഗില്‍ ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍മാരോടൊപ്പം അസോസിയേഷന്‍ ഭാരവാഹികളും ഞാനും പങ്കെടുത്തിട്ടുള്ളതാണ്.

22 ലക്ഷം രൂപ ബാര്‍ലൈസന്‍സ് ഫീസ് ആയിരുന്നത് 30 ലക്ഷം രൂപയായി ഉയര്‍ത്തുന്നതിലേക്കായാണ് ഗവണ്‍മെന്റിന്റെ തീരുമാനമെന്ന് എക്‌സൈസ് മന്ത്രിയുടെ ഔദ്യോഗിക മുറിയില്‍ കൂടിയ മീറ്റിംഗില്‍ വച്ച് എക്‌സൈസ് മന്ത്രി പറഞ്ഞത്. മീറ്റിംഗില്‍ ടാക്‌സസ് സെക്രട്ടറി, എക്‌സൈസ് കമ്മിഷണര്‍, ജോയിന്റ് കമ്മിഷണര്‍മാരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

അസോസിയേഷന്റെ ഭാഗത്തുനിന്ന് പ്രസിഡന്റ് രാജ്കുമാര്‍ സെക്രട്ടറി ധനേഷ്, കൃഷ്ണദാസ് എലഗന്റ്‌സ് ഹോട്ടല്‍ ഉടമ ബിനോയ്, യമഹാസുരേന്ദ്രന്‍, ഞാന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിലവിലുള്ള ഫീസ് തന്നെ കുറയ്ക്കണമെന്നായിരുന്നു അസോസിയേഷന്റെ വാദം.
പ്രവര്‍ത്തനസമയത്തില്‍ മൂന്നുമണിക്കൂര്‍ കുറച്ച സാഹചര്യത്തില്‍ ലൈസന്‍സ് ഫീസ് ആനുപാതികമായി കുറച്ച് തരണമെന്നായിരുന്നു അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ആവശ്യപ്പെട്ടത്. ലൈസന്‍സ്

ഫീസ് ഒരു രൂപപോലും കുറയ്ക്കുകയില്ലെന്ന് മന്ത്രി ശ്രീ കെ. ബാബു പറയുകയും ആ സമയത്ത് സുരേന്ദ്രന്‍ മധ്യസ്ഥത പറയാന്‍ മുന്നോട്ടുവന്നു, ലൈസന്‍സ് ഫീ 25 ലക്ഷം രൂപയാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ഒരു രൂപപോലും കുറയ്ക്കില്ലെന്നും അതേക്കുറിച്ച് ചര്‍ച്ച വേണ്ട എന്നും ലൈസന്‍സ് ഫീ കൂട്ടുന്നതിനെക്കുറിച്ചുമാത്രം സംസാരിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്നുള്ള ചര്‍ച്ചയ്ക്ക് ശേഷം മീറ്റിംഗ് പിരിഞ്ഞതായി മന്ത്രി അറിയിക്കുകയും ഉദ്യോഗസ്ഥരോട് പോകാന്‍ പറയുകയും സുരേന്ദ്രനോട് പോകാന്‍ പറയുകയും ഞങ്ങളോട് വെയിറ്റ് ചെയ്യാന്‍ പറയുകയും ചെയ്തു.
തുടര്‍ന്ന് മന്ത്രി ശ്രീ കെ. ബാബുവുമായി ഫീസ് കുറയ്ക്കണമെന്നതിനെക്കുറിച്ച് സംസാരിക്കുകയും ലൈസന്‍സ് ഫീ 22 ലക്ഷത്തില്‍ നിന്നും 30 ലക്ഷം രൂപയാക്കണമെന്ന് ഉദ്യോഗസ്ഥര്‍ ഉറച്ചുനില്‍ക്കുകയാണെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. തുടര്‍ന്നുണ്ടായ ചര്‍ച്ചയെത്തുടര്‍ന്ന് മന്ത്രി പത്തുകോടി രൂപ ആവശ്യപ്പെടുകയും ലൈസന്‍സ് ഫീസ് 25ലക്ഷം ആക്കി തരാമെന്ന് പറയുകയും കൃഷ്ണദാസ് അത് 23 ലക്ഷമാക്കിതരണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുകയും അതിന്റെ അടിസ്ഥാനത്തില്‍ 23ലക്ഷം രൂപ ആക്കി മന്ത്രി നിജപ്പെടുത്തിതരികയും ചെയ്തു.

ഇതിന്റെ പേരില്‍ അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്നും ഏപ്രില്‍മെയ് മാസങ്ങളില്‍ 10 കോടി രൂപ സമാഹരിക്കുകയും അസോസിയേഷന്‍ പ്രസിഡന്റായ ശ്രീ രാജ്കുമാര്‍ സെക്രട്ടറിയായ ശ്രീ എം.ഡി. ധനേഷ് വൈസ്പ്രസിഡന്റായ ശ്രീ കൃഷ്ണദാസ് എന്നിവരെ അസോസിയേഷന്‍ ഏല്‍പ്പിക്കുയും മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇവര്‍ ആ തുക പല സ്ഥലങ്ങളിലായി എത്തിച്ചതായും എന്നോടും മറ്റ് ഭാരവാഹികളോടും മീറ്റിംഗില്‍ ഇവര്‍ പറയുകയുണ്ടായി.

ഈ പത്തുകോടി രൂപയുടെ അടിസ്ഥാനത്തിലാണ് 30 ലക്ഷം പ്രീ ബജറ്റില്‍ ഉണ്ടായിരുന്ന ലൈസന്‍സ് തുക 23 ലക്ഷം രൂപയായി എക്‌സൈസ് മന്ത്രി ശ്രീ കെ. ബാബു കുറച്ചുനല്‍കിയത്. അതു കൂടാതെ ഈ ഗവണ്‍മെന്റ് വന്നതിന് ശേഷം നല്‍കിയിട്ടുള്ള ബാര്‍ലൈസന്‍സുകള്‍ക്ക് 25 ലക്ഷം രൂപാവീതം എലഗന്റ്‌സ് ഹോട്ടല്‍ ഉടമയായ ശ്രീ ബിനോയ് വഴി എക്‌സൈസ് വകുപ്പ് മന്ത്രി ശ്രീ ബാബു വാങ്ങിയിട്ടുള്ളതും ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ക്ക് 15 ലക്ഷം രൂപവച്ച് ബിനോയിയെ ഏജന്റാക്കി വച്ചുകൊണ്ടാണ് ശ്രീ കെ. ബാബു ലൈസന്‍സ് നല്‍കിയത്.

ഇതുമായി ബന്ധപ്പെട്ട അസോസിയേഷന്റെ ഉപദേശകസമിതി അംഗങ്ങളും ഭാരവാഹികളും എറണാകുളത്ത് പാലാരിവട്ടത്തുള്ള കെ.ബി.എച്ച്.എ ഭവനില്‍ കൂടുകയുണ്ടായി. പ്രസ്തുത മീറ്റിംഗിലെ പ്രധാന അജണ്ട ബാര്‍കോഴ വിഷയത്തില്‍ ശ്രീ കെ.എം. മാണിയെ എങ്ങനെ സഹായിക്കാം എന്നതായിരുന്നു.

പ്രസ്തുത മീറ്റിംഗില്‍ ശ്രീ രാജ്കുമാറും എം.ഡി. ധനേഷും ഇടശേരി ജോസും ജോണ്‍ കല്ലാട്ടും ഇന്ദ്രപാലനും അനിമോനും കൃഷ്ണദാസും ഞാനും പങ്കെടുത്തിട്ടുണ്ടായിരുന്നു. മീറ്റിംഗിന്റെ ഉദ്ദേശം മാണിസാറിനെതിരെയുള്ള വിജിലന്‍സ് കേസില്‍ കളവായി മൊഴിനല്‍കി മാണിസാറിനെ എങ്ങനെ രക്ഷപ്പെടുത്താം എന്നുള്ളതായിരുന്നു.

നിലവില്‍ മൊഴികൊടുത്തവര്‍ ആ മൊഴിയില്‍ തന്നെ ഉറച്ചുനില്‍ക്കാനും ബാക്കിയുള്ളവര്‍ മൊഴിമാറ്റിപറയാനുമാണ് അന്നത്തെ മീറ്റിംഗില്‍ പ്രധാനമായും എടുത്ത തീരുമാനം. മീറ്റിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ശ്രീ ജോസ് കെ. മാണി ജോണ്‍ കല്ലാട്ടിന്റെ ഫോണില്‍ വിളിക്കുകയും മീറ്റിംഗ് കഴിഞ്ഞശേഷം തിരിച്ചുവിളിക്കാമെന്ന് ശ്രീ ജോണ്‍ കല്ലാട്ട് ജോസ് കെ. മാണിയോട് പറയുകയും ഉണ്ടായി. രാവിലെ പത്തുമണിക്ക് തുടങ്ങിയ മീറ്റിംഗ് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അവസാനിച്ചത്.

മീറ്റിംഗില്‍ മാണിസാറിനെ സഹായിക്കാമെന്നുള്ള തീരുമാനം എടുക്കുകയും പകരംബാര്‍ സംബന്ധമായ കേസ് കോടതിയില്‍ ആര്‍ഗ്യൂമെന്റിന് വരുമ്പോള്‍ തിരിച്ച് സഹായിക്കുമെന്ന് ഉറപ്പു ലഭിക്കുമെങ്കില്‍ മാത്രം മൊഴികള്‍ മാറ്റിപറയാമെന്ന് തീരുമാനിച്ചു. ഈ വിവരം ഒന്നരമണിയോടുകൂടി ശ്രീ ജോണ്‍ കല്ലാട്ട്, ജോസ് കെ. മാണിയെ മൊബൈല്‍ ഫോണിലൂടെ അറിയിച്ചു.

ജോണ്‍ കല്ലാട്ട് മൊബൈല്‍ ഫോണിന്റെ സ്പീക്കര്‍ ഓണ്‍ചെയ്ത് വച്ചാണ് ജോസ് കെ. മാണിയോട് തീരുമാനങ്ങള്‍ അറിയിച്ചത്. അന്ന് നടന്ന മീറ്റിംഗില്‍ ജോസ് കെ. മാണിയുമായി നടന്ന ഫോണ്‍ സംഭാഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഞാന്‍ റെക്കാര്‍ഡ് ചെയ്ത് എടുക്കുകയുണ്ടായി. കാരണം കേസ് അട്ടിമറിക്കുന്നതിലേക്ക് വേണ്ടിയാണ് മീറ്റിംഗ് വിളിച്ചുകൂട്ടിയതെന്ന് ജോണ്‍ കല്ലാട്ടിന്റെ ഭാഗത്തുനിന്നും നേരത്തെ എനിക്ക് അറിയാന്‍ കഴിഞ്ഞു. വിജിലന്‍സ് കേസിലെ സത്യം പുറത്തുകൊണ്ടുവരുന്നതിലേക്ക് വേണ്ടിയാണ് ഞാന്‍ അന്നത്തെ മീറ്റിംഗില്‍ അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ റെക്കാര്‍ഡ് ചെയ്തത്.

പക്ഷേ വിജിലന്‍സിന് നല്‍കിയത് അതിന്റെ പ്രധാനഭാഗങ്ങള്‍ മാത്രമായിരുന്നു. കാരണം മീറ്റിംഗിനിടിയില്‍ തന്നെ പലവ്യക്തിപരമായ പരാമര്‍ശങ്ങളും ചില സ്വകാര്യസംഭാഷണങ്ങളും കടന്നുവന്നിരുന്നു. അത് ഒഴിവാക്കിയാണ് വിജിലന്‍സിന് അതിന്റെ സി.ഡി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് നല്‍കിയത്. 31122014ലെ കോര്‍കമ്മിറ്റി മീറ്റിംഗില്‍ അതിന് മൂന്ന് മാസം മുമ്പ് കൂടിയ ഭാരവാഹികളുടെ ആലോചനായോഗവും മെബൈല്‍ യൂണിറ്റില്‍ റെക്കാര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളതാണ്.

പ്രസ്തുത യൂണിറ്റ് കോടതി മുമ്പാകെ ഞാന്‍ ഹാജരാക്കുന്നു. ഇതോടൊപ്പം മൊബൈല്‍ യൂണിറ്റിലുള്ള ശബ്ദം പകര്‍ത്തിയ സി.ഡിയും ഈ കോടതി മുമ്പാകെ ഹാജരാക്കുന്നു. പ്രസ്തുത സി.ഡിയില്‍ വോയിസ് ഉയര്‍ത്തിയിട്ടുണ്ട്(വിറ്റ്‌നസ് പ്രഡ്യൂസ് മൊബൈല്‍ ഫോണ്‍ ജിയോണി വിത്ത് 8 എം.പി കാമറാ ആന്റ് എ സി.ഡി. മോസര്‍ബിയര്‍ പ്രോ 52ന്‍ 80 മിനിറ്റ്, 700 എം.പി).

ദി മൊബൈല്‍ ഫോണ്‍ ആന്റ് ദി സി.ഡി. ആര്‍ പുട്ടിംഗ് എന്‍വലപ്പ്‌സ് ആന്‍ഡ് സീല്‍ഡ് ഇന്‍ കോര്‍ട്ട് ഇന്‍ ദ പ്രസന്‍സ് ഓഫ് ദി വിറ്റ്‌നസ്. ദ എന്‍വലപ്പ് കണ്ടെന്‍ ദി മൊബൈല്‍ ഫോണ്‍ ആന്റ് സി.ഡി. ലസ് മെയിഡ് ഫോര്‍ ദ പര്‍പ്പസ് ഓഫ് റഫറന്‍സ്. മൊബൈല്‍ ഫോണില്‍ കെ.എം. മാണി പണം വാങ്ങിയ സംഭാഷണം മാത്രമല്ല, ശ്രീ. കെ. ബാബുവും ശിവകുമാറും ഉള്‍പ്പെടെയുള്ളവര്‍ പണംവാങ്ങിയ ശബ്ദരേഖയും സാക്ഷികളെ സ്വാധീനിക്കുന്നതിന് വേണ്ടി ശ്രീ ജോസ് കെ. മാണിയുടെ സംഭാഷണവും പി.ജെ. ജോസഫ്, ശ്രീ തങ്കച്ചനേയും സാജു ഡൊമനിക്കിനെയും മൊഴിമാറ്റി പറയുന്നതായി ആവശ്യപ്പെടുന്നതുമുണ്ട്.

സാജു ഡൊമനിക്കിന്റെയൂം തങ്കച്ചന്റേയും ക്വിക്ക് വെരിഫിക്കേഷനിലുള്ള മൊഴി ശ്രീ പി.ജെ. ജോസഫിന് കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് മൊഴിമാറ്റിപറയാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് എനിക്ക് മനസിലായി. അതിനാല്‍ ഈ കോടതിയില്‍ ഹാജരാക്കിയ മൊബൈല്‍ഫോണും സി.ഡി.യും അന്വേഷണ ഏജന്‍സിയില്‍ നിന്നും നഷ്ടപ്പെടുകയോ, നശിപ്പിക്കുകയോ ചെയ്യാനുള്ള സാദ്ധ്യത മനസില്‍ തോന്നിയതിനാലാണ് കോടതിലവ ഹാജരാക്കിയത്. അതിലുപരി മുഖ്യമന്ത്രി ചാനലുകളിലും മറ്റും പരസ്യമായി ചെയ്ത ‘മന്ത്രിസഭ ഒറ്റക്കെട്ടായി മാണിസാറിനെ എതിരായ അന്വേഷണത്തെ നേരിടുമെന്ന്’ പ്രസ്താവന നടത്തിയിട്ടുണ്ട്.

കൂടാതെ കേരള ബാര്‍ഹോട്ടല്‍ അസോസിയേഷന്റെ ഭാരവാഹികളെ ശ്രീ കെ. ബാബു നേരിട്ട് വിളിച്ചുവരുത്തുകയും മാണിസാറിന് അനുകൂലമായി മൊഴിനല്‍കണമെന്നും പകരം ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയില്‍ നടക്കുന്ന ബാര്‍ വിഷയവുമായി ബന്ധപ്പെട്ട കേസില്‍ അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നും കോടതിയില്‍ നിന്ന് ബാര്‍ഹോട്ടലുകള്‍ക്ക് അനുകൂലമായ വിധി വന്നാല്‍ ഗവണ്‍മെന്റ് ഭാഗത്തുനിന്നും അപ്പീല്‍ പോവില്ലെന്ന് ഉറപ്പുപറയുകയുമുണ്ടായി.
ഈ സാഹചര്യത്തിലാണ് പ്രസിഡന്റ് രാജ്കുമാറും സെക്രട്ടറി ധനേഷും വൈസ് പ്രസിഡന്റ് കൃഷ്ണദാസും മൊഴിമാറ്റി പറഞ്ഞതായി അറിയാന്‍ കഴിഞ്ഞത്.

5) മറ്റെന്തെങ്കിലും പറയാനുണ്ടോ?
ഉ:ഇല്ല
ഐ ആം സാറ്റിസ്‌ഫൈഡ് ദാറ്റ് ന വിറ്റ്‌നസ് ഗേവ് ദി എബൗ സ്‌റ്റേറ്റ്‌മെന്റ് വോളന്ററിലി.
ഇതോടെ, സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്. എങ്ങനെ മറുപടി പറയണമെന്നു പോലും അറിയാതെ വിഷക്കുകയാണ് യുഡിഎഫ് വക്താക്കള്‍.

Scroll To Top