Tuesday February 28, 2017
Latest Updates

ഭൂരിപക്ഷം എം എല്‍ എ മാരുമായി നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ടു,രാജിവെയ്ക്കില്ലെന്ന് മാഞ്ചി

ഭൂരിപക്ഷം എം എല്‍ എ മാരുമായി നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ടു,രാജിവെയ്ക്കില്ലെന്ന് മാഞ്ചി

പാറ്റ്‌ന: ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഗവര്‍ണര്‍ കേസരിനാഥ് തൃപാഠിയെ കണ്ടു. ബീഹാര്‍ നിയമസഭയില്‍ ആകെയുള്ള 243 അംഗങ്ങളില്‍തന്നെ അനുകൂലിക്കുന്ന 130 എംഎല്‍എമാരുമായാണ് നിതീഷ് കുമാര്‍ ഗവര്‍ണറെ കണ്ടത്.

ജെഡിയു അധ്യക്ഷന്‍ ശരത് യാദവും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവും നിതീഷ് കുമാറിനൊപ്പം ഗവര്‍ണറെ കാണാന്‍ എത്തിയിരുന്നു. എത്രയും പെട്ടെന്ന് സത്യപ്രതിജ്ഞയ്ക്കു വിളിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടതായി ശരത് യാദവ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ നിലവിലെ മുഖ്യമന്ത്രി ജിതിന്‍ റാം മഞ്ചും ഗവര്‍ണറെ കണ്ടിരുന്നു.തനിക്ക് ഭൂരിപക്ഷം ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബീഹാറില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന്നിയമസഭ പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി ഗവര്‍ണറോട് ശിപാര്‍ശ ചെയ്തതിന് പിന്നാലെ മാഞ്ചിയെ ജനതാദള്‍ യുനൈറ്റഡില്‍ നിന്ന് പുറത്താക്കിയിരുന്നു.തുടര്‍ന്ന് മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി എം എല്‍ എമാരുടെ യോഗത്തില്‍ തിരഞ്ഞെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബീഹാറില്‍ ജെ ഡിയുവിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് നിതീഷ് കുമാര്‍ മുമ്പ്രാജിവെച്ചതിനെ തുടര്‍ന്നാണ് മാഞ്ചി മുഖ്യമന്ത്രിയാകുന്നത്. 243 അംഗ നിയമസഭയില്‍ ഇപ്പോള്‍ നിതീഷ് കുമാറിന്വ്യക്തമായ ഭൂരിപക്ഷമുണ്ട് എന്നതാണ് സൂചനകള്‍.. 24 അംഗങ്ങളുള്ള ആര്‍ ജെ ഡിയും അഞ്ച് അംഗങ്ങളുള്ള കോണ്‍ഗ്രസും ഒരംഗമുള്ള സി പി ഐയും ജെ ഡിയുവിന് പിന്തുണ നല്‍കുന്നുണ്ട്. 88 അംഗങ്ങളാണ് ബി ജെ പിക്കുള്ളത്.

 

Scroll To Top