Friday December 09, 2016
Latest Updates

ബീഹാറിലെ അധ്യാപകരില്‍ ബഹുഭൂരിപക്ഷവും വ്യാജ ബിരുദക്കാര്‍,കോടതി പിടിച്ചപ്പോള്‍ കൂട്ട രാജി 

ബീഹാറിലെ അധ്യാപകരില്‍ ബഹുഭൂരിപക്ഷവും വ്യാജ ബിരുദക്കാര്‍,കോടതി പിടിച്ചപ്പോള്‍ കൂട്ട രാജി 

പറ്റ്‌ന:ആശാനക്ഷരം ഒന്ന് പിഴച്ചാല്‍ അമ്പത്തൊന്നു പിഴയ്ക്കും ശിഷ്യന് എന്നാണു പഴമൊഴി.എന്നാല്‍ ബീഹാറിലെ ആശാന്മാര്‍ തന്നെ വ്യാജന്മാര്‍ ആണെന്നാണ് പുതിയ ആരോപണം.
ബിഹാറില്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചു തട്ടിപ്പു നടത്തി ജോലിയില്‍ പ്രവേശിച്ച 1,400 പ്രൈമറി അധ്യാപകരാണ് കഴിഞ്ഞ ആഴ്ച്ചയില്‍ മാത്രം രാജിവെച്ചത്. വ്യാജ വിദ്യാഭ്യാസ യോഗ്യത കാണിച്ച് ജോലിയില്‍ പ്രവേശിച്ചവര്‍ നിയമ നടപടിക്ക് മുമ്പ് രാജിവെച്ചൊഴിയണമെന്ന ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കൂട്ടരാജി.

സ്വമേധയാ രാജിവെച്ചില്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 1400ഓളം പേര്‍ ജോലി വിട്ടതായി ബിഹാര്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രാജിവെക്കുന്നതിന് ജൂലൈ എട്ടുവരെ സമയം നല്‍കിയ സാഹചര്യത്തില്‍ നിരവധി അധ്യാപകര്‍ വരും ദിവസങ്ങളില്‍ രാജിവെക്കാന്‍ തയാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്.

എട്ടാം തീയതിയോടെ മാത്രമേ വ്യാജ ഡിഗ്രി ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ചവരുടെ ഏകദേശ കണക്കു ലഭിക്കുകയുള്ളുവെന്നും വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആര്‍.കെ മഹാജന്‍ വ്യക്തമാക്കി. സമയപരിധിക്കു ശേഷവും വ്യാജ വിദ്യാഭ്യാസ യോഗ്യത ഉപയോഗിച്ച് ജോലിയില്‍ തുടരുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും. ഇവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു പുറമെ ജോലിയില്‍ പ്രവേശിച്ചതിനു ശേഷം കൈപ്പറ്റിയ ശമ്പള തുകയും ആനുകൂല്യങ്ങളും തിരികെ വാങ്ങാനാണ് തീരുമാനമെന്നും മഹാജന്‍ അറിയിച്ചു.

സന്നദ്ധ പ്രവര്‍ത്തകനായ രഞ്ജിത്ത് പണ്ഡിറ്റ് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എല്‍. നരസിംഹ റെഡ്ഢി, സുദീര്‍ സിങ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ് വ്യാജ തട്ടിപ്പുകാര്‍ക്കെതിരെ ഉത്തരവു പുറപ്പെടുവിച്ചത്. ബിഹാറില്‍ 3.5 ലക്ഷത്തോളം പ്രൈമറി അധ്യാപകരുള്ളതില്‍ ഭൂരിഭാഗവും വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ജോലി നേടിയതെന്ന് ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു.

Scroll To Top