Wednesday December 07, 2016
Latest Updates

ബിഗ് സല്യൂട്ട്‌സ്…! ധീര യോദ്ധാവേ…

ബിഗ് സല്യൂട്ട്‌സ്…! ധീര യോദ്ധാവേ…

ന്യൂഡല്‍ഹി : സിയാച്ചിനില്‍ മഞ്ഞിടിച്ചിലില്‍ നിന്ന് രക്ഷപ്പെടുത്തിയ സാനികന്‍ ലാന്‍സ് നായിക് ഹനുമന്തപ്പ കൊക്കാട് ഒടുവില്‍ മരണത്തിന് കീഴടങ്ങി. ദില്ലിയിലെ ആര്‍ആര്‍ സൈനിക ആശുപത്രിയില്‍ വച്ചായിരുന്നു മരണം. സിയാച്ചിനില്‍ ഹിമപാതത്തില്‍ പെട്ട പത്ത് സൈനികരില്‍ ജീവനോടെ രക്ഷപ്പെട്ടത് ഹനുമന്തപ്പ മാത്രമായിരുന്നു. ആറ് ദിവസം മഞ്ഞിനടിയില്‍ ജീവനോടെ കഴിഞ്ഞ ഹനുമന്തപ്പ വൈദ്യശാസ്ത്രത്തിന് പോലും അത്ഭുതമായിരുന്നു. ദില്ലിയിലെ സൈനിക ആശുപത്രിയില്‍ ഇന്ന് ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 11.45 ന് ആയിരുന്നു ഹനുമന്തപ്പ മരണത്തിന് കീഴടങ്ങിയത്.

വെറും നാലു ദിവസം കൊണ്ടാണ് ലാന്‍സ് നായിക് ഹനുമന്തപ്പ കൊപ്പഡ് എന്ന ധീരയോദ്ധാവിനെ ഇന്ത്യയും ലോകവും അറിഞ്ഞു തുടങ്ങിയത്. സിയാച്ചിനില്‍ ഫെബ്രുവരി മൂന്നിന് ഉണ്ടായ ഹിമപാതത്തില്‍ മരിച്ച സൈനികര്‍ക്കൊപ്പം ഹനുമന്തപ്പയും ഉണ്ടായിരുന്നെങ്കില്‍ ഈ ധീരനെ ഒരിക്കലും ലോകം അറിയുമായിരുന്നില്ല. ജീവിക്കുന്ന അദ്ഭുതമായിരുന്നു ഹനുമന്തപ്പ.
ആറു ദിവസമാണ് മഞ്ഞു പാളികള്‍ക്കടിയില്‍ 25 അടി താഴെ ഹനുമന്തപ്പ ജീവനുവേണ്ടി പോരാടിയത്. ഹനുമന്തപ്പയെ കുറിച്ച് അറിയുന്നവരൊക്കെ പറയുന്നത് അദ്ദേഹമൊരു യഥാര്‍ഥ പോരാളി തന്നെയാണെന്നാണ്. ധീരനാണെങ്കിലും മറ്റുള്ളവരോട് വളരെ ശാന്തമായിട്ടാണ് ഹനുമന്തപ്പ പൊരുമാറുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
എപ്പോഴും ചിരിച്ചുകൊണ്ട് സഹപ്രവര്‍ത്തകരോടും പുതിയ സൈനികരോടും പെരുമാറുന്ന ഹനുമന്തപ്പയെ സഹ പ്രവര്‍ത്തകര്‍ക്കു മറക്കാന്‍ കഴിയില്ല. എന്നും വെല്ലുവിളികള്‍ നേരിടാന്‍ ആഗ്രഹിച്ചിരുന്ന യോദ്ധാവായിരുന്നു ഹനുമന്തപ്പ. അതിനാല്‍ അത്തരം ജോലികള്‍ തന്നെയായിരുന്നു ഹനുന്തപ്പ തെരഞ്ഞെടുത്തിരുന്നതും. 2008 മുതല്‍ 2010 വരെ അദ്ദേഹം കശ്മീരിലും അടുത്ത രണ്ട് വര്‍ഷം വടക്കു കിഴക്കിലുമായിരുന്നു സേവനമനുഷ്ടിച്ചിരുന്നത്.
2002 ഒക്ടോബര്‍ 25നാണ് ഹനുമന്തപ്പ സൈന്യത്തിലെത്തിയത്. മദ്രാസ് റെജിമെന്റിലെ 19ാം ബറ്റാലിയനിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യനിയമനം. സേവനമനുഷ്ഠിച്ച 13 വര്‍ഷത്തില്‍ 10 വര്‍ഷവും വെല്ലുവിളികള്‍ നിറഞ്ഞ മേഖലകളിലായിരുന്നു ഹനുമന്തപ്പ പ്രവര്‍ത്തിച്ചത്. 2015 ഓഗസ്റ്റിലാണ് ഹനുമന്തപ്പ സിയാച്ചിനില്‍ എത്തിയത്. ഡിസംബറില്‍ 19,600 അടി ഉയരത്തിലുള്ള സൈനിക പോസ്റ്റിലേക്ക് അദ്ദേഹത്തെ നിയമിച്ചു. കടുത്ത മഞ്ഞിനോടും തണുപ്പിനോടും പോരാടി കാവലായി ഹനുമന്തപ്പ അവിടെ ഉണ്ടായിരുന്നു.
ചെറുപ്പം മുതലേ ധീരനായിരുന്നു ഹനുമന്തപ്പയെന്ന് സഹോദരനും ഓര്‍ക്കുന്നു. പല തവണ സൈന്യത്തില്‍ ചേരാനുള്ള ശ്രമങ്ങള്‍ വിഫലമായെങ്കിലും അത് നേടുന്നതു വരെ ഹനുമന്തപ്പ കഠിനമായി പ്രവര്‍ത്തിച്ചു. ദിവസവും ആറ് കിലോമീറ്റര്‍ നടന്നായിരുന്നു അദ്ദേഹം സ്‌കൂളില്‍ എത്തിയിരുന്നത്.
ഹനുമന്തപ്പ നിത്യവും യോഗ ചെയ്തിരുന്നതായി സഹപ്രവര്‍ത്തകര്‍ പറയുന്നു. അതുതന്നെയാണ് മഞ്ഞിനടിയില്‍ ആറുദിവസം അതിജീവിക്കാന്‍ ഹനുമന്തപ്പയ്ക്ക് കരുത്തായതെന്നും അവര്‍ പറയുന്നു. മഞ്ഞിടിച്ചിലുണ്ടാകുന്നതിന് തലേന്നാളാണ് ഹനുമന്തപ്പ അവസാനമായി ഭാര്യയോട് സംസാരിച്ചത്.
ഒടുവില്‍ സൈനിക പോസ്റ്റില്‍ മഞ്ഞുപാളി വീണ് അപകടമുണ്ടാകുമ്പോഴും ആ യോദ്ധാവ് പോരാട്ടവീര്യം കൈവിട്ടില്ല. ആറു ദിവസവും അതിനു ശേഷം മരിക്കുന്നതു വരെയും അദ്ദേഹം ആ പോരാട്ടം തുടര്‍ന്നു.

Scroll To Top