Tuesday December 06, 2016
Latest Updates

സൈക്കിള്‍ ചവിട്ടി തുണിയലക്കുന്ന കില്‍ക്കെനിക്കാര്‍ !

സൈക്കിള്‍ ചവിട്ടി തുണിയലക്കുന്ന കില്‍ക്കെനിക്കാര്‍ !

കില്‍ക്കെന്നി :സൈക്കിള്‍ കൊണ്ട് വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിപ്പിച്ച് വ്യത്യസ്തരാവുകയാണ് കില്‍ക്കെന്നിയില്‍നിന്നുള്ള ഈ ദമ്പതികള്‍. വീട്ടുജോലികള്‍ക്കിടയില്‍ ഫിറ്റ്‌നെസ്സ് നിലനിര്‍ത്തുക എന്ന ആശയത്തില്‍നിന്നാണ് സൈക്കിള്‍ കൊണ്ടുള്ള വാഷിംഗ് മെഷീന്റെ ജനനം. സൈക്കിളിന്റെ പെഡല്‍ ചവിട്ടുമ്പോള്‍ വാഷിംഗ് മെഷീന്‍ പ്രവര്‍ത്തിക്കും. ഇതുവഴിയായി വീട്ടുജോലിയും തീര്‍ന്ന് കിട്ടും ഫിറ്റ്‌നെസ്സും കിട്ടും! എങ്ങനെയുണ്ട് ഐഡിയ !

പ്രകൃതി സ്‌നേഹിയായ പാട്രിക് ഒബ്രെയ്‌നാണ് ഈ വാഷിംഗ് മെഷീന്‍ നിര്‍മ്മിച്ചു ഗേള്‍ ഫ്രണ്ടായ ടീനയ്ക്ക് സമ്മാനിച്ചത്.മുമ്പ് ഫിറ്റ്‌നെസ്സ് ഇന്‍സ്ട്രക്ടറായിരുന്നു ടീന.
ടീനയുടെ പിറന്നാളിന് പാട്രിക് സമ്മാനമായി നല്‍കിയതാണ് വാഷിംഗ് മെഷീന്‍..ഒരു തവണ തുണി അലക്കണമെങ്കില്‍ ഏകദേശം 20 മിനിറ്റ് സമയം മാത്രമേ എടുക്കുകയുള്ളൂവത്രേ .

കില്‍ക്കെന്നിയിലെ റോവറില്‍ കഴിഞ്ഞ 13 വര്‍ഷമായി വൈദ്യുതി ഇല്ലാതെ ജീവിക്കുന്ന വ്യക്തിയാണ് പാട്രിക്. വൈദ്യുതി സ്വയം ഉല്‍പ്പാദിപ്പിച്ച് കാര്യങ്ങള്‍ ചെയ്യാനാണ് ഇയാള്‍ ഇഷ്ടപ്പെടുന്നത്. വ്യായാമം ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയായ ടീനയും പാട്രിക്കിന്റെ കണ്ടുപിടുത്തം ആസ്വദിക്കുകയാണ്.
അയര്‍ലണ്ടില്‍ വര്‍ദ്ധിച്ചുവരുന്ന പൊണ്ണത്തടി കുറയ്ക്കാന്‍ തങ്ങളുടെ ഉപകരണം കൊണ്ട് ഉപകാരപ്പെടട്ടെ എന്ന് ഈ ദമ്പതികള്‍ ആശിക്കുന്നു.എന്തായാലും അയര്‍ലണ്ടിലെ മലയാളികള്‍ക്കും കൗണ്ടി കില്‍ക്കന്നി സന്ദര്‍ശിച്ച് ഓ ബ്രിയാനെ കണ്ട് ഇത്തരം ഒരു വാഷിംഗ് മെഷീന്‍-സൈക്കിള്‍ നിര്‍മ്മിച്ചു നല്‍കാന്‍ വേണമെങ്കില്‍ അഭ്യര്‍ഥിക്കാം! വ്യായാമം ചെയ്യാം,തടി കുറയ്ക്കാം,തുണി അലക്കാം ,വൈദ്യുതി ചാര്‍ജു കുറയ്ക്കാം ….ഒരു വെടിയ്ക്ക് എത്രയോ പക്ഷികള്‍ ! 

Scroll To Top