Friday December 09, 2016
Latest Updates

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബൈബിള്‍ അച്ചടിക്കുന്നത് ചൈനയില്‍ !

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബൈബിള്‍ അച്ചടിക്കുന്നത് ചൈനയില്‍ !

നാന്‍ജിംഗ് (കിഴക്കന്‍ ചൈന): ഞെട്ടരുത് ! ലോകത്ത് ഏറ്റവും കൂടുതല്‍ ബൈബിള്‍ പ്രസിദ്ധീകരിക്കുന്നത് എവിടെയാണെന്നോ ? ദൈവത്തെ നിഷേധിച്ച കമ്യൂണിസ്റ്റ് ചൈനയില്‍.

കിഴക്കന്‍ ചൈനയിലെ ജിയാംഗ്സു പ്രവിശ്യയുടെ തലസ്ഥാനമായ നാന്‍ജിംഗിലെ അമിറ്റി ബൈബിള്‍ പ്രിന്റിംഗ് കമ്പനിയില്‍ ഇതുവരെ അച്ചടിച്ച വേദപുസ്തകങ്ങളുടെ എണ്ണം പതിനാല് കോടിയോട് അടുക്കുന്നു. 2014 നവംബര്‍ വരെ അച്ചടിച്ചത് 12.5 കോടി കോപ്പികളാണ്. ചൈനീസ് ഭാഷകളില്‍ 6.77 കോടിയും വിദേശ ഭാഷകളില്‍ 5.93 കോടിയും. 2014ല്‍ മാത്രം 1.3 കോടി ബൈബിളുകള്‍ അമിറ്റി പുറത്തിറക്കി. 2015ലെ കണക്ക് ലഭ്യമായിട്ടില്ല.
80 വിദേശ ഭാഷകളിലും മാന്‍ഡരിന്‍ അടക്കമുള്ള ചൈനീസ് ഭാഷകളിലുമാണ് അമിറ്റി വേദപുസ്തകങ്ങള്‍ നിര്‍മിക്കുന്നത്. എഴുപത് രാജ്യങ്ങളിലേക്ക് ബൈബിള്‍ കയറ്റി അയക്കുന്നു. മാന്‍ഡരിന്‍, കാന്റണീസ് എന്നിവ കൂടാതെ ചൈനയിലെ ന്യൂനപക്ഷ ഭാഷകളായ കൊറിയന്‍, മിയാവോ, വ, ദായി, യി, ലിസു, ലഗു, ജിംഗ് പോ എന്നീ ഭാഷകളിലും അവര്‍ വേദപുസ്തകം പുറത്തിറക്കുന്നുണ്ട്. ഇംഗ്ലീഷ്, ജര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നിവ കൂടാതെ പല ആഫ്രിക്കന്‍ ഭാഷകളിലും അച്ചടിക്കുന്നു.

സാര്‍വദേശീയമായി അംഗീകരിച്ച ബൈബിള്‍ തന്നെയാണ് പ്രസിദ്ധീകരിക്കുന്നത്. ഒട്ടും മാറ്റം വരുത്തിയിട്ടില്ലെന്നും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടില്ലെന്നും പ്രസാധക കമ്പനിയായ അമിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാര്‍ ക്വി സാക്ഷ്യപ്പെടുത്തുന്നു.

എണ്‍പതുകളുടെ തുടക്കത്തില്‍ ചൈന അതിന്റെ വാതിലുകള്‍ ലോകത്തിന്റെ മുന്നിലേക്ക് തുറന്നിട്ടതോടെയാണ് ചൈനീസ് ബൈബിളിന്റെ തുടക്കം. ഉദാരവല്‍ക്കരണം വന്നു. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ന്നു. അപ്പോള്‍ അവര്‍ ആത്മീയതയിലേക്ക് തിരിഞ്ഞു. സഭ വളര്‍ന്നു. ചൈനയിലുണ്ടായിരുന്ന വേദപുസ്തകങ്ങള്‍ സാംസ്‌കാരിക വിപ്ലവകാലത്ത് നശിച്ചുപോയിരുന്നു. ബൈബിളിന് വന്‍തോതില്‍ ആവശ്യക്കാരുണ്ടായി. ഇറക്കുമതി ചെലവേറിയതായി. അമിറ്റി ഫൗണ്ടേഷന് ചൈന സര്‍ക്കാരിന്റെ അനുമതി കിട്ടി. ഫൗണ്ടേഷന്‍ യുണൈറ്റഡ് ബൈബിള്‍ സൊസൈറ്റീസുമായി ചര്‍ച്ച നടത്തി. ബിഷപ്പ് ടിംഗ് സൊസൈറ്റിയുമായി ധാരണാപത്രം ഒപ്പിട്ടു. അങ്ങനെ അമിറ്റി പ്രിംന്റിംഗ് നിലവില്‍ വന്നു. അവരുടെ അത്യാധുനിക, കൂറ്റന്‍ പ്രസുകളില്‍ നിന്ന് മികച്ച അച്ചടി നിലവാരമുള്ള വേദപുസ്തകങ്ങള്‍ ഒഴുകി. ചൈനയിലേയും വിദേശ രാജ്യങ്ങളിലേയും ക്രൈസ്തവ കുടുംബങ്ങളില്‍ നിറസാന്നിധ്യമായി.

ചൈനയില്‍ ക്രൈസ്തവ സഭ അതിവേഗം വളരുന്നതിനാല്‍ നാന്‍ജിംഗിലെ വേദപുസ്തക പ്രസാധനത്തില്‍ വന്‍ സാധ്യതകളാണ് ക്വിയും സഹപ്രവര്‍ത്തകരും കാണുന്നത്. മാര്‍പാപ്പയെയൊ ഔദ്യോഗിക കത്തോലിക്കാ സഭയെയൊ ചൈനീസ് ഭരണകൂടം അംഗീകരിക്കുന്നില്ല.അതുകൊണ്ടു തന്നെ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ക്കാണ് വളര്‍ച്ച. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ചൈനീസ് കാത്തലിക് പാട്രിയോട്ടിക് അസോസിയേഷനാണ് അനുമതി. ത്രീ സെല്‍ഫ്സ് പാട്രിയോട്ടിക് മൂവ്മെന്റിന്റെ ബാനറിന്‍ കീഴിലുള്ള പ്രൊട്ടസ്റ്റന്റ് സഭാ വിഭാഗങ്ങള്‍ക്ക് കുറേക്കൂടി പ്രവര്‍ത്തനസ്വാതന്ത്ര്യം ഉണ്ട്.

ചൈനയില്‍ മൂന്നുകോടി ക്രൈസ്തവരുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ അത് 10 കോടിയോളം വരുമെന്ന് അനൗദ്യോഗികമായി കണക്കാക്കുന്നു. അതായത് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗസംഖ്യയേക്കാള്‍ കൂടുതല്‍. 8.67 കോടിയാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ അംഗങ്ങള്‍. 15 വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികള്‍ ഉള്ള രാജ്യമായി ചൈന മാറുമെന്നാണ് കണക്കുകൂട്ടല്‍.

Scroll To Top