Sunday October 22, 2017
Latest Updates

ഭാഗ്യവതി ( ‘കണ്ടതും കേട്ടതും’-ജോണ്‍ വര്‍ഗീസ്)

ഭാഗ്യവതി ( ‘കണ്ടതും കേട്ടതും’-ജോണ്‍  വര്‍ഗീസ്)

ഹാലോ….ചേച്ചി..എന്റേച്ചി…ചേച്ചി ബിസിയാണോ?

അല്ലല്ലോ…..

ഇത്തിരി ബിസി ആണേലും കേട്ടോ ചേച്ചി, രാച്ചയാനില്ലേ……..ഇന്നലെ വന്നില്ല ചേച്ചി……ആ ദിലീപിന്റെ കൊച്ചിന്റെ പാര്‍ട്ടി കഴിഞ്ഞപ്പം ഒത്തിരി ലേറ്റ് ആയേ…

രാച്ചാന്‍ അല്യോ കുടിപ്പാര്‍ട്ടി കഴിഞ്ഞാല്‍ എല്ലാരേം വീട്ടി കൊണ്ടാക്കുന്നെ….ന്റേച്ചി കുടിച്ചു കഴിയുമ്പം ഓരോ അവമ്മാര് കാട്ടി കൂട്ടുന്ന കോപ്രായങ്ങള്‍ കാണണം…

രാച്ചായന്‍ തൊടത്തില്ലാത്ത കാരണം ന്റേച്ചി എല്ലാരേം വീട്ടി കൊണ്ടു വിട്ടേച്ചു ഹാളി വന്നപ്പം ഒരുത്തന്‍ തുണീം കോണാനും ഇല്ലാതെ കെടക്കുവാ ചേച്ചി….. 

പിന്നവനെ വീട്ടിക്കൊണ്ടാക്കീട്ടു രാച്ചാന്‍ അവടെ തന്നെ കെടന്നു.അവന്റെ കെട്ട്യോള് പാവം തന്നെ അല്ലേ ഒള്ളോ….അതുങ്ങള് വന്നിട്ടാണേല്‍ മൂന്നോ നാലോ മാസ്സല്ലേ ആയിട്ട് ഉള്ളു….ഒരു കൊച്ചു പെണ്ണ്….കണ്ടാ കെട്ടിച്ചതാന്നു പറയുകേല……..

ഇവനൊക്കെ ഇങ്ങനെ ബോതം കെട്ട് കുടിക്കുന്നതേയ്…പാവം രാച്ചാന്‍ രാവിലെ ഇങ്ങോട്ട് വിളിച്ചു കരയുവാര്ന്നു ….അവനു നേരം വെളുത്തിട്ടും വെളിവ് വീണില്ല…….സാധാരണ നേരത്തോടു നേരം കഴിയുമ്പം തെളിയൂന്നാ ആ പെണ്ണ് പറേന്നെ……അവര് രണ്ടാളും ഒരുപോള കണ്ണടക്കാണ്ട് 
കാവലിരിക്കുവാര്‌ന്നെന്നു…..ഈ മനുഷേന്റെ ഒരു കാര്യം……. 

ഇന്നാളില്ലേ ചേച്ചി….ങ്ഹാ….അതു പറഞ്ഞില്ലല്ലോ….നമ്മുടെ സ്പാറിന്റെ അപ്പുറത്ത് തനിച്ചു താമസിക്കുന്ന തമിഴത്തി ഇല്ലേ……നേഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുന്ന….

അതിനേം കൊണ്ട് വാട്ടര്‍ഫോര്‍ഡില്‍ ഇന്റര്‍വ്യൂനു പോയി…കാറില്‍ പോയത് ഭാഗ്യം……ഇന്റര്‍വ്യൂ താമസിച്ചു……രണ്ടാളും കൂടെ കേറി വന്നിരിക്കുവാ പാതിരാത്രീല്…….ഞാന്‍ നേരത്തെ സിക്ക് വിളിച്ചു പറഞ്ഞില്ലാരുന്നേല്‍…..ചേച്ചി ഒന്നാലോചിച്ചു നോക്യേ…..പാവം ഇപ്പോഴും ആ തമിഴത്തിയാ ഞാനില്ലാത്തപ്പോള്‍ പിള്ളാര്‍ക്ക് കൂട്ടു കിടക്കുന്നെ…….

ചേച്ചി ബിസ്സിയാണോ ചേച്ചി…… ആണോ….എന്നാ പെട്ടന്നൊരു കാര്യം പറയാം…..ഈ രാച്ചാന്‍ എന്നാ ഒരു വ്യക്തിയാ ചേച്ചി…….പണ്ടൊരു ദിവസം രണ്ടു സുന്ദരി പോളീഷുകാരികള്‍ രാച്ചാനോട് അവരുടെ കഷ്ടപ്പാടുകള്‍ പറഞ്ഞു……ഈ മനുഷ്യനില്ലേ അതു കേട്ട പാതി കേള്‍ക്കാത്ത പാതി അവരേം കൂട്ടി ഇങ്ങോട്ട് പോന്നു. ഒരു മാസം വീട്ടി താമസിപ്പിച്ചു. 

ഇക്കാലത്ത് ആരേലും ചെയ്വോ ചേച്ചി…..ആകെ രണ്ടു മുറി….ഭാഗ്യത്തിന് ഞാനപ്പോള്‍ അപ്പച്ചന്‍ മരിച്ചു നാട്ടില്‍ ആയകൊണ്ട് ഇതൊക്കെ പറ്റി…ഒരാലോചെനേം ഇല്ല ചേച്ചി….ചുമ്മാ എടുത്തു ചാടും….മുന്നും പിന്നും നോക്കത്തില്ല അതാ ഒരു സ്വഭാവം….

ഒരു കണക്കിന് പറയുമ്പോള്‍ കഷ്ട്ടം തോന്നും….നമ്മളൊക്കെ എന്തെങ്കിലും കാരണം ഒണ്ടാക്കി എല്ലാ ആണ്ടിലും നാട്ടില്‍ പോവൂലോ…..ഞാനാണെങ്കില്‍ മൂന്ന് തവണ പ്രസവ അവധിക്കു നാല് മാസം വീതം നാട്ടില്‍ പോയി നിന്നിട്ടുണ്ട്.

മരണവും കല്യാണോം വേറെ…..ഇന്ന് വരെ ഈ മനുഷ്യന്‍ ഒരെതിരും പറഞ്ഞിട്ടില്ല….അതാണാ വ്യക്തിത്തം…. അറിയാവോ ……രാച്ചാന്‍ നാട്ടീ പോയിട്ട് കൊല്ലം അഞ്ചായി…..പറഞ്ഞാല്‍ ആരേലും വിശ്വസിക്കുവോ ചേച്ചി…..എന്റെ കൂടെ ജോലി ചെയ്യുന്ന ഐറിഷ്‌കാരികള്‍ പറയുന്നത് ഞാന്‍ മഹാ ഭാഗ്യവതി ആണെന്നാണ്…ശരിക്കും ഞാന്‍ ഒരു ഭാഗ്യവതിയാണ്…അല്ലേച്ചീ ………!

hhiജോണ്‍ വര്‍ഗീസ്
കേരളത്തിലെ കലാ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജോണ്‍ വര്‍ഗീസ് പോര്‍ട്ട് ലീഷില്‍ താമസിക്കുന്നു.കോട്ടയം സ്വദേശിയായ ജോണ്‍ വര്‍ഗീസ് ചലച്ചിത്ര മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട് .ജോണ്‍ വര്‍ഗീസിന്റെ തൂലികയില്‍ നിന്നുള്ള പുതിയ പംക്തി ‘മൗന മന്ദഹാസം ‘അടുത്ത ആഴ്ച്ച മുതല്‍ ഐറിഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

Scroll To Top