Sunday December 04, 2016
Latest Updates

അയര്‍ലണ്ടിലെ തണുപ്പില്‍ ദൈവത്തോട് കരഞ്ഞു നിലവിളിച്ചു കാരണം ചോദിച്ച പഴയ വെയര്‍ഹൌസ് തൊഴിലാളി ഇനി അങ്കമാലിയുടെ ജനഹിതമറിയും

അയര്‍ലണ്ടിലെ തണുപ്പില്‍ ദൈവത്തോട് കരഞ്ഞു നിലവിളിച്ചു കാരണം ചോദിച്ച പഴയ വെയര്‍ഹൌസ് തൊഴിലാളി ഇനി അങ്കമാലിയുടെ ജനഹിതമറിയും

കൊച്ചി:അങ്കമാലിയില്‍ ബെന്നി മുഞ്ഞേലി (ജനതാദള്‍)എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാവും.

ജനതാദള്‍ മണ്ഡലം കമ്മിറ്റിയുടെ നിലപാട് തള്ളി അങ്കമാലിയില്‍ സിറ്റിങ് എം.എല്‍.എ. ജോസ് തെറ്റയിലിനെ മത്സരിപ്പിക്കേണ്ടന്ന ജനതാദള്‍(എസ്) ജില്ലാ നേതൃയോഗത്തിന്റെ തീരുമാനം സംസ്ഥാന കമ്മിറ്റിയും കേന്ദ്രക്കമ്മിറ്റിയും അംഗീകരിച്ചതിനെ തുടര്‍ന്നാണ് മുഞ്ഞേലിയെ സ്ഥാനാര്‍ഥിയാക്കി ഇപ്പോള്‍ ഔദ്യോഗികപ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

അയര്‍ലണ്ടില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച ബെന്നി മുഞ്ഞേലി ഏതാനം വര്‍ഷം മുന്‍പ് അങ്കമാലിയിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായതിനെ തുടര്‍ന്നാണ് നാട്ടിലേയ്ക്ക് മടങ്ങിയത്.

താലയില്‍ താമസമാക്കിയിരുന്ന അദ്ദേഹം അയര്‍ലണ്ടിലെ സാമൂഹ്യസംഘടനാ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്നു.
ഐറിഷ് മലയാളി അസോസിയേഷന്‍,നെടുമ്പാശ്ശേരി ഫാമിലിസ് ഇന്‍ അയര്‍ലണ്ട് എന്നി അയര്‍ലണ്ടിലെ ആദ്യകാല സംഘടനകളുടെ സ്ഥാപക നേതാക്കളില്‍ ഒരാളായിരുന്ന ബെന്നി, അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭാ സമുഹത്തിന് തുടക്കമിടുന്നതിനായും സുസ്ത്യര്‍ഹമായ സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്.നാട്ടില്‍ തിരികെയെത്തിയ ശേഷം അങ്കമാലി നഗരസഭ ചെയര്‍മാനായും ജനതാദള്‍ നിയോജകമണ്ഡലം പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിരുന്നു.

കഴിഞ്ഞ ദശകത്തില്‍ അയര്‍ലണ്ടില്‍ ആദ്യത്തെ മലയാളി കുടിയേറ്റക്കാരില്‍ ഒരാളായ ബെന്നി മുഞ്ഞേലി. 2000-2001 കാലഘട്ടം മുതല്‍ അയര്‍ലണ്ടില്‍ മലയാളികള്‍ക്ക് അവസരം ഒരുക്കുന്നതില്‍ മുന്നിട്ടു പ്രവര്‍ത്തിച്ചവരില്‍ ഒരാളാണ്.നൂറു കണക്കിന് നഴ്‌സുമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അയര്‍ലണ്ടില്‍ എത്തുവാന്‍ ഇദ്ദേഹവും ബേബി പെരെപ്പാടനും അടക്കമുള്ള ആദ്യകാല കുടിയേറ്റ സംഘം നല്കിയ പിന്തുണ പിന്നീട് മലയാളി സമൂഹത്തിന്റെ അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റത്തിന് സഹായകമായി.വെറും ഏഴു പേരില്‍ 15 വര്‍ഷം മുമ്പ് ആരംഭിച്ച ജോലിക്ക് വേണ്ടിയുള്ള കുടിയേറ്റം ഇപ്പോള്‍ ആയിരക്കണക്കിന് പേര്‍ക്കുള്ള വഴിത്താരയായി.അയര്‍ലണ്ടില്‍ എത്തി ഇവിടുത്തെ കാര്യക്രമങ്ങള്‍ പഠിച്ചതനുസരിച്ച് കേരളത്തില്‍ നിന്നും വന്നവര്‍ക്ക് പകര്‍ന്നുനല്‍കിയെന്നത് നിസാര കാര്യമൊന്നുമല്ല.അങ്കമാലി മേഖലയില്‍ നിന്നും മാത്രം ഉണ്ടായ കുടിയേറ്റം പിന്നീട് കേരളത്തില്‍ ഒട്ടാകെ വ്യാപിക്കുകയും ചെയ്യുന്നതിന് ഇത് വഴിയൊരുക്കി.

ഐറിഷ് നഴ്‌സിംഗ് ബോര്‍ഡില്‍ ആദ്യമായി രജിസ്‌ട്രേഷന്‍ നേടിയ രണ്ടു മലയാളികളില്‍ ഒരാളായി രജിസ്റ്റര്‍ ചെയ്ത ഭാര്യ റീന തോമസിന് ഒപ്പം അയര്‍ലണ്ടില്‍ എത്തിയ ബെന്നി മുഞ്ഞേലി അക്കാര്യങ്ങള്‍ ഓര്‍മ്മിച്ചെടുക്കുന്നത് ഇങ്ങനെ:

‘ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതൊരു അത്ഭുതമാണ്.പരിചയക്കാര്‍ ആരുമില്ലാത്ത ഒരു സ്ഥലത്ത് വന്ന് അദ്ദ്യം താമസിക്കാന്‍ തുടങ്ങുമ്പോള്‍ തെല്ലു പരിഭ്രമം ഉണ്ടായിരുന്നു.അയര്‍ലണ്ടില്‍ പണ്ട് മുതലേ ജോലി ചെയ്തു വന്ന ഏതാനം ഡോക്ടര്‍മാരൊഴികെ അധികമാരും മലയാളികളായി ഉണ്ടായിരുന്നില്ല.ഏതാനം മാസങ്ങള്‍ക്ക് മുമ്പേ ടെമ്പിള്‍ സ്ട്രീറ്റ് ആശുപത്രിയില്‍ ജോലിയ്ക്കായെത്തിയ ഏഴോളം മലയാളികളാണ് ഡബ്ലിന്‍ നഗരത്തിലെ മലയാളി സാന്നിധ്യമായി ആകെ ഉണ്ടായിരുന്നത്.നഴ്‌സുമാരായി ആദ്യം രജിസ്‌ട്രേഷന്‍ ലഭിക്കാഞ്ഞതിനാല്‍ അവര്‍ കെയറര്‍മാരായി ജോലി ചെയ്തു വരികയായിരുന്നു’.

‘ജോലിയുള്ളവരുടെ പങ്കാളികള്‍ക്ക് ജോലി കിട്ടാന്‍ ആദ്യ കാലത്ത് ഒരു സാധ്യതയും ഇല്ലായിരുന്നുവെന്നതാണ് ഏറെ പ്രശ്‌നമായത്.’കിട്ടിയ ജോലി ഒരു വെയര്‍ഹൗസ് സ്ഥാപനത്തിലെ ചരക്ക് കയറ്റിയിറക്ക് ജോലിയാണ്.അക്കാലത്ത് ആ വലിയ സ്ഥാപനത്തിലെ ലിഫ്റ്റില്‍ ആരും കാണാതെയിരുന്നു കരഞ്ഞിട്ടുണ്ട് ഞാന്‍!.28 മത്തെ വയസില്‍ കേരളത്തിലെ ഏറ്റവും പ്രശസ്തമായ അങ്കമാലി പള്ളിയുടെ ട്രസ്റ്റിയായി  നിയോഗിച്ച എന്നെ ഇവിടെ ഈ മഞ്ഞിലും ശീതക്കാറ്റിലും ദൈവം എന്തിനാണ് കൊണ്ട് വന്നതെന്ന് പല തവ ണ ചോദിച്ചു.’

‘പൊതുപ്രവര്‍ത്തനം കൊണ്ട് നാട്ടുകാര്‍ക്ക് ഗുണം ഉണ്ടാകണം.ഇല്ലെങ്കില്‍ അതിനു പോകരുതെന്നാണ് എന്റെ അഭിപ്രായം.അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ ഏറ്റവും സങ്കടപ്പെടത് നാട്ടിലെ പൊതു സാമൂഹ്യ ബന്ധങ്ങള്‍ അകലങ്ങളിലായി പോകുമല്ലോ എന്നോര്‍ത്താണ്.എന്നാല്‍ വ്യാപാര സ്ഥാപനത്തിലെ ജോലിക്കിടയില്‍ അതിനുള്ള അവസരം കണ്ടെത്തണം എന്ന ആഗ്രഹത്തില്‍ നിന്നാണ് നാട്ടിലെ സുഹൃത്തുക്കളുടെ കുടുംബങ്ങളിലെ നഴ്‌സുമാരെ അയര്‍ലണ്ടില്‍ എത്തിക്കാന്‍ ശ്രമം നടത്തിയത്.എല്ലാ സ്ഥലത്തും ജോലി ഒഴിവുകള്‍ ധാരാളം ഉള്ള കാലമായിരുന്നു അത്’.
‘ഭാഷ അത്രയ്ക്ക് വശമൊന്നും ഇല്ലായിരുന്നെങ്കിലും നഴ്‌സിംഗ് ഹോമുകള്‍ കയറിയിറങ്ങി ഒഴിവുകള്‍ കണ്ടെത്തി മലയാളികള്‍ക്ക് അവസരം ഒരുക്കി.സ്വന്തമായി കാറ് പോലും ഉണ്ടായിരുന്നില്ല ആദ്യത്തെ രണ്ടു വര്‍ഷം.പരിമിതമായ ബസുകളില്‍ കയറിയായിരുന്നു യാത്ര. നാട്ടില്‍ നിന്നുമെത്തുന്നവരെ കൊണ്ടുവരാന്‍ എയര്‍ പോര്‍ട്ടില്‍ പോയിരുന്നത് പോലും ബസില്‍ ആയിരുന്നു.ലഗേജുകള്‍ കയറ്റി വീണ്ടും ബസില്‍ തന്നെ യാത്ര.അങ്ങനെ നിരവധി അനവധി കുടുംബങ്ങളെ ആദ്യ കാലഘട്ടത്തില്‍ സഹായിക്കാനായി. അതൊരു സാമൂഹ്യ പ്രവര്‍ത്തനമായിരുന്നു ആദ്യമൊക്കെ. പിന്നീട് നിലവിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് പൂര്‍ണ്ണസമയം റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതോടെ സര്‍വീസ് ചാര്‍ജ് തരാന്‍ പലരും സന്നദ്ധരായി.’

‘ഇതിന്റെ പേരിലും പലരും പഴിക്കുന്നുണ്ട്.പിന്നീട് ഒരിക്കല്‍ കൊച്ചിയില്‍ നിന്നും ഡബ്ലിനിലേയ്ക്ക് വരുമ്പോള്‍ അടുത്തിരുന്നയാള്‍ ആളറിയാതെ ‘ബെന്നി മുഞ്ഞേലിയുടെ’കുറ്റം പറഞ്ഞത് മണിക്കൂറുകളോളമാണ്.ഡബ്ലിനില്‍ എത്തിയപ്പോഴാണ് അയാള്‍ക്ക് മനസിലായത് താന്‍ ഇത്രയും നേരം കുറ്റം ആരോപിച്ചയാള്‍ തന്റെ ശ്രോതാവ് തന്നെയായിരുന്നുവെന്ന്.ഇന്നയാള്‍ എന്റെ ഏറ്റവും സുഹൃത്താണ്’.മുഞ്ഞേലി പറഞ്ഞു.

ഡബ്ലിനിലെ സീറോ മലബാര്‍ സഭയുടെയും അയര്‍ലണ്ടിലെ ആദ്യ കാലത്തുണ്ടായ കലാ സാംസ്‌കാരിക സംഘടനകളുടെയും ആദ്യകാല പ്രവര്‍ത്തനങ്ങളില്‍ സജീവ ഭാഗഭാഗിത്വം വഹിക്കുവാന്‍ കഴിഞ്ഞുവെന്നത് ഒരു ഭാഗ്യമായാണെന്നും ഇദ്ദേഹം കരുതുന്നു.

അയര്‍ലണ്ടിലെ പ്രവര്‍ത്തനമേഖല വിട്ട് കേരളത്തിലേയ്ക്ക് തിരിച്ച് പോകാനുള്ള തീരുമാനം ജന്മനാടിന്റെ വളര്‍ച്ചയില്‍ പങ്കാളിയാവാനുള്ള ഉറച്ച വിശ്വാസത്തോടെയായിരുന്നു.അത് പിഴച്ചുമില്ല.അങ്കമാലിയിലെ ജനങ്ങള്‍ കൌണ്‍സിലര്‍ സ്ഥാനത്തേയ്ക്ക് മാത്രമല്ല,പിന്നീട് നഗരത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്കും എത്തിച്ചത് വികസന കാഴ്ച്ചപ്പാടില്‍ ബെന്നി മുഞ്ഞേലി പുലര്‍ത്തിയ പ്രത്യേകതകള്‍ കണ്ടറിഞ്ഞു തന്നെയായിരിക്കണം.

ജനതാദളിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ മുഞ്ഞേലി കഴിഞ്ഞ ജൂണില്‍ അയര്‍ലണ്ടില്‍ വീണ്ടും എത്തിയിരുന്നു. പഴയ സുഹൃത്തുക്കളെ മാത്രം കാണാനുള്ള അവസരമായല്ല അതിനെ അദ്ദേഹം കണ്ടത്.’അയര്‍ലണ്ടില്‍ പ്രാവര്‍ത്തികമാക്കി വരൂന്ന നിരവധി വികസന മാതൃകകള്‍ ഇവിടെ ആയിരിക്കുമ്പോള്‍ തന്നെ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.ഒന്നാമതായി ഇവിടുത്തെ നഗരങ്ങളിലെ വൃത്തിയും ശുചിത്വവും തന്നെ. കൌണ്ടി കൌണ്‍സിലുകള്‍ മേല്‍നോട്ടം മാത്രമേ വഹിക്കുന്നുള്ളുവെങ്കിലും എത്ര സുന്ദരമായാണ് ഇവിടുത്തെ പ്രദേശങ്ങള്‍ സംരക്ഷിക്കപ്പെടുന്നത്.അതിന്റെ രഹസ്യം അറിയാനാണ് സിറ്റി കൌണ്‍സിലുകള്‍ കഴിഞ്ഞ തവണ കയറിയിറങ്ങിയത്.സ്വകാര്യ സ്ഥാപനങ്ങള്‍ നിര്‍വഹിക്കുന്ന മാലിന്യ സംസ്‌കരണം കൃത്യമായും നിര്‍വഹിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക മാത്രമാണ് കൌണ്‍സിലുകള്‍ ഇവിടെ ചെയ്യുന്നതുള്ളൂ.അതിനായി കൌണ്‍സിലുകള്‍ നടപ്പാക്കുന്ന രീതികളും,നിയന്ത്രണമാര്‍ഗങ്ങളും അനുവര്‍ത്തിച്ചാല്‍ നമ്മുടെ നാട്ടിലും ഇതൊക്കെ പ്രാവര്‍ത്തികമാക്കാവുന്നതെയുള്ളൂവെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം.അങ്കമാലിയിലെ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും മാറിയെങ്കിലും ജനഹിതം തനിക്ക് അനുകൂലമാകുമെന്ന ശുഭപ്രതീക്ഷയോടെ പൊരുതാന്‍ ഇറങ്ങുകയാണ് ഈ പഴയ പ്രവാസി.

Scroll To Top