Sunday December 11, 2016
Latest Updates

മമതയുടെ സ്വപ്നങ്ങള്‍ക്ക് തടയിട്ട് പുതിയ കോഴവിവാദം !

മമതയുടെ സ്വപ്നങ്ങള്‍ക്ക് തടയിട്ട് പുതിയ കോഴവിവാദം !

ന്യൂഡല്‍ഹി : പശ്ചിമബംഗാള്‍ രാഷ്ട്രീയ ഒളിക്യാമറയില്‍ കുടുങ്ങി. മുന്‍ കേന്ദ്രറെയില്‍വേ മന്ത്രി മുകുള്‍ റോയി ഉള്‍പ്പെടെയുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോഴവാങ്ങുന്ന ദൃശ്യങ്ങളാണ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പുറത്തുവിട്ടത്.

മുകുള്‍ റോയിക്കൊപ്പം എം.പിമാര്‍, പശ്ചിമ ബംഗാള്‍ മന്ത്രിമാര്‍, ഐ.പി.എസ്. ഓഫീസര്‍ എന്നിവര്‍ കോഴവാങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ നാരദ ന്യൂസ് ഡോട്ട് കോം. തിങ്കളാഴ്ച ഡല്‍ഹിയില്‍ പത്രമ്മേളനത്തില്‍ പുറത്തുവിട്ട ദൃശ്യങ്ങള്‍ ബംഗാള്‍ രാഷ്ട്രിയത്തില്‍ പ്രതിഫലിക്കും എന്നുറപ്പായി.

2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് സംഘം ഒളിക്യാമറ ഓപ്പറേഷന്‍ ആരംഭിച്ചത്. തൃണമൂല്‍ നേതാക്കള്‍ പ്രതികളായ ശാരദാ ചിട്ടി ഫണ്ട് തട്ടിപ്പിനെത്തുടര്‍ന്നായിരുന്നു ഓപ്പറേഷന്‍. ഇംപെക്‌സ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ വ്യാജ കമ്പനിയുണ്ടാക്കി മന്ത്രിമാരെയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും സമീപിച്ചാണ് ഓപ്പറേഷന്‍ നടത്തിയത്.

രണ്ട് വര്‍ഷമായുള്ള അന്വേഷണത്തിലൂടെയാണ് നാരദ ന്യൂസ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. മുന്‍ കേന്ദ്രമന്ത്രിയും ലോക്‌സഭാംഗവുമായ സൗഗത റോയ്, സംസ്ഥാന മന്ത്രിമാരായ സുബ്രത മുഖര്‍ജി, ഫര്‍ഹദ് ഹക്കീം, എം.പിമാരായ പ്രസൂണ്‍ ബാനര്‍ജി, കാകോലി ഘോഷ് ദസ്തിക്കര്‍, സുല്‍ത്താന്‍ അഹമ്മദ് എന്നിവരടക്കം 12 പേര്‍ അഞ്ച് മുതല്‍ 20 ലക്ഷം രൂപ വരെ കോഴ വാങ്ങിയതായി ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനും മമത ബാനര്‍ജിയുടെ വിശ്വസ്തനുമായ സയ്യിദ് എം.എച്ച്. മിര്‍സയാണ് ഓപ്പറേഷനില്‍ കുടുങ്ങിയ ഐ.പി.എസ്. ഓഫീസര്‍. തൃണമൂല്‍ കോണ്‍ഗ്രസിന് വേണ്ടി പണം വാങ്ങുന്ന പ്രധാന ഇടപാടുകാരനാണ് താനെന്ന് മിര്‍സ വീഡിയോ ദൃശ്യങ്ങളില്‍ പറയുന്നുണ്ട്.
എം.എച്ച്. അഹ്മദ് മിര്‍സ (അഞ്ച് ലക്ഷം), മുന്‍ കേന്ദ്രറെയില്‍വേ മന്ത്രിയായ മുകുള്‍ റോയ് (20 ലക്ഷം), പഞ്ചായത്ത്, ഗ്രാമവികസനമന്ത്രി സുബ്രതാ മുഖര്‍ജി (അഞ്ച് ലക്ഷം), മുന്‍ കേന്ദ്രമന്ത്രിയും എം പിയുമായ സുല്‍ത്താന്‍ അഹമ്മദ് (അഞ്ച് ലക്ഷം), മുന്‍ കേന്ദ്രമന്ത്രി സുഗത റോയ് (അഞ്ച് ലക്ഷം), തൃണമൂല്‍ കോണ്‍ഗ്രസ് യുവജന വിഭാഗം പ്രസിഡന്റ് സുവേന്ദു അധികാരി (അഞ്ച് ലക്ഷം), പ്രാദേശിക പാര്‍ട്ടി നേതാവ് കകോലി ഘോഷ് ദാസ്തികാര്‍ (നാല് ലക്ഷം), പ്രസൂണ്‍ ബാനര്‍ജി എം പി (നാല് ലക്ഷം), കൊല്‍ക്കത്ത മേയര്‍ സുവോണ്‍ ചാറ്റര്‍ജി (അഞ്ച് ലക്ഷം), മുന്‍ ഗതാഗതമന്ത്രി മദന്‍ മിത്ര (അഞ്ച് ലക്ഷം), ഇഖ്ബാല്‍ അഹ്മദ് എം എല്‍ എ (അഞ്ച് ലക്ഷം), നഗരവികസന മന്ത്രി ഫര്‍ഹദ് ഹക്കീം (അഞ്ച് ലക്ഷം) എന്നിങ്ങനെയാണ് നേതാക്കള്‍ കോഴ വാങ്ങിയ തുക.

ബംഗാളില്‍ മമതാ ബാനര്‍ജിയുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്‍പ്പിക്കുന്നതാണ് പുറത്തുവന്ന കോഴ ആരോപണങ്ങള്‍. ബംഗാളില്‍ അടിത്തറയിളകിയ ഇടതു കക്ഷികള്‍ക്കും കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിയ്ക്കും മമതയെ അടിക്കാനുള്ള വടിയായി മാറിയിരിക്കുകയാണ് വീഡിയോ ദൃശ്യങ്ങള്‍.

 

Scroll To Top