Sunday May 27, 2018
Latest Updates

ബെല്‍ഫാസ്റ്റില്‍ ഇദംപ്രഥമമായി ലൈവ് ഓര്‍ക്കസ്ട്രയും മിമിക്‌സ് പരേഡും,ഡിസംബര്‍ 27 ന് 

ബെല്‍ഫാസ്റ്റില്‍ ഇദംപ്രഥമമായി ലൈവ് ഓര്‍ക്കസ്ട്രയും മിമിക്‌സ് പരേഡും,ഡിസംബര്‍ 27 ന് 

ബെല്‍ഫാസ്റ്റ്: ബ്രിട്ടനിലേക്ക് കുടിയേറിയ ഒരു തലമുറയാകെ നെഞ്ചോട് ചേര്‍ത്ത് വെച്ച് ഇഷ്ടപ്പെടുന്ന പഴയ കാല ഗാനങ്ങള്‍ ലൈവായി ആസ്വദിക്കുവാനും അതുവഴി ഗൃഹാതുരത്വത്തിന്റെ മധുരിക്കുന്ന ഓര്‍മകളിലേക്ക് ഊളിയിട്ടു ഇറങ്ങുവനും നോര്‍ത്തേന്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് ആദ്യമായി ഒരു സുവര്‍ണാവസരം ഒരുങ്ങുന്നു!

നാട്ടിന്പുറത്തെ ഉത്സവപറമ്പുകളുടെയും പള്ളിപെരുന്നളുകളുടെയും ഗതകാല സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട്, മുഴുവന്‍ വാദ്യോപകരണങ്ങളോടും വിവിധ കലാകാരന്മാരെയും അണിനിരത്തി, ബെല്‍ഫാസ്റ്റില്‍ ലൈവ് ഗാനമേളയും മിമിക്‌സ് പരേഡും അരങ്ങേറുന്നു… ഇത്തരത്തില്‍, മുഴുവന്‍ കലാകാരന്മാരെയും സംഗീത ഉപകരങ്ങളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഒരു ലൈവ് ഓര്‍ക്കസ്ട്ര ബെല്‍ഫാസ്റ്റ് മലയാളികളുടെ കുടിയേറ്റ ചരിത്രത്തില്‍ ആദ്യമായാണ് സംഘടിപ്പിക്കുന്നത്.ഡിസംബര്‍ 27 ന് ഞായറാഴ്ച വൈകിട്ട് 6 ന് ബെല്‍ഫാസ്റ്റിലെ ഗ്ലെന്‍ റോഡിലുള്ള സെന്റ് മേരീസ് ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് ഗ്രാമര്‍ സ്‌കൂളില്‍ വെച്ചാണ് പരിപാടി.

മധ്യതിരുവിതാംകുറിലെ പ്രശസ്തരായ ‘പുഞ്ഞാര്‍ നവധാര’ യുടെ മാറ്റുരച്ച കലാപ്രതിഭകളും ‘ഏഷ്യാനെറ്റ് യുറോപ്പ് ടാലെന്റ്‌റ് കോണ്ടസ്റ്റ്’ വിജയികളുമൊക്കെ അടങ്ങുന്ന പത്തോളം വരുന്ന ആര്‍ട്ടിസ്റ്റുകളാണ് ‘നിസരി’ യെന്ന പേരില്‍ ഗാനസന്ധ്യ നടത്തുന്നത്..മലയാളികളുടെ ചുണ്ടുകളില്‍ മുളിപ്പാട്ടുകളായി തത്തിക്കളിക്കുന്നപഴയകാല സൂപര്‍ഹിറ്റ് ഗാനങ്ങള്‍ മുതല്‍ പുതിയ തലമുറയുടെ ഹരമായ ‘ന്യു ജെനറേഷന്‍’ വരെ ഉള്‍പ്പെടുത്തി, മലയാള സിനിമാഗാന ശ്രേണിയിലെ വിപുലമായ ശേഖരങ്ങളാണ് ‘നിസരി’ അവതരിപ്പിക്കുന്നത്.. 

കാണികളുടെ അഭിരുചിക്കനുസരിച്ച് നിരവധി മലയാളം, തമിഴ് , ഹിന്ദി, ഇംഗ്ലിഷ് ഗാനങ്ങള്‍ മണിക്കുറുകള്‍ നീണ്ടു നില്ക്കുന്ന ഈ പരിപാടിയില്‍ ആലപിക്കുന്നതാണ്. ഗാനമേളക്ക് പുറമേ, കുട്ടികളെയടക്കം കാണികളെ കുടുകുടെ ചിരിപ്പിക്കുവാനായി മിമിക്‌സ് പരേഡും ഈ വേളയില്‍ ഉണ്ടായിരിക്കുന്നതാണ്.

ബ്രിട്ടണ്‍ എന്ന മഹാരാജ്യത്തിന്റെ ഭാഗമെങ്കിലും സമുദ്രത്താല്‍ വേര്‍തിരിക്കപ്പെട്ടതും ഭുമി ശാസ്ത്രപരമായി അയര്‍ലണ്ട് എന്ന പ്ര്യത്യക ദ്വീപായി മാറി കിടക്കുന്നതിനാലും, ഇങ്ങനെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതില്‍, നോര്‍ത്തേന്‍ അയര്‍ലണ്ട് മലയാളികള്‍ക്ക് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയാണ്. പക്ഷെ, ആ കടമ്പകളെയൊക്കെ തരണം ചെയ്തുകൊണ്ട് ഇവിടുത്തെ മലയാളികളുടെ നിരന്തരമായ അഭ്യര്‍ഥനയെ കണക്കിലെടുത്ത് കൊണ്ടാണ് ഇങ്ങനെയൊരു പരിപാടി ആസൂത്രണം ചെയ്തത്. ലണ്ടനില്‍ നിന്നും മണിക്കുറുകള്‍ റോഡുമാര്‍ഗ്ഗം യാത്ര ചെയ്ത് സ്‌കോട്‌ലണ്ടിലെത്തി, അവിടെ നിന്ന് കപ്പല്‍ മാര്‍ഗ്ഗമാണ് ‘നിസരി’ ടീം ബെല്‍ഫാസ്റ്റില്‍ എത്തിച്ചേരുന്നത്. വളരെ ആകാംക്ഷയോടെയാണ് ഈ പരിപാടിയെ ഉറ്റു നോക്കുന്നതെന്നും ഇവിടുത്തെ ജനങ്ങളുടെ പ്രതീക്ഷക്കുയര്‍ന്നു ഏറ്റവും മെച്ചപ്പെട്ട പരിപാടിയാണ് തങ്ങള്‍ കാഴ്ച വെക്കുന്നതെന്നും ‘നിസരി’ യുടെ വക്താവ് വിനോദ് നവധാര അറിയിച്ചു.
വാര്‍ത്ത:ഷാജി ലൂക്കോസ് 

Scroll To Top