Friday December 09, 2016
Latest Updates

വിന്റര്‍ സെയിലിന് പോകും മുമ്പ് അറിയാന്‍

വിന്റര്‍ സെയിലിന് പോകും മുമ്പ് അറിയാന്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ പുതിയ നിയമങ്ങള്‍. ഉപഭോക്താവിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അയര്‍ലണ്ടില്‍ നിരവധി നിയമങ്ങളുണ്ട്. എന്നാല്‍ ഭൂരിപക്ഷം പേര്‍ക്കും ഈ നിയമങ്ങളെക്കുറിച്ച് ധാരണയില്ല. അതുകൊണ്ട് തന്നെ പലരും പറ്റിക്കപ്പെടുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് ഷോപ്പിംഗ് നടത്തുമ്പോള്‍ ഉപഭോക്താക്കളുടെ അവകാശങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഈ ക്രിസ്തുമസ് കാലത്ത് ഉപഭോക്താക്കളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്താന്‍ കോംപറ്റീഷന്‍ ആന്‍ഡ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ രംഗത്ത്. 

വാങ്ങിയ സാധനങ്ങള്‍ക്ക് തകരാറോ ഡാമേജോ ഉണ്ടെങ്കിലും സാധനം പൂര്‍ണ്ണമായും മാറ്റിയെടുക്കുന്നതിനോ പൂര്‍ണ്ണമായും റീഫണ്ട് നേടുന്നതിനോ ഉപഭോക്താക്കള്‍ക്ക് അവകാശമുണ്ട്. ഇതിനായി ബില്‍ ഉള്‍പ്പെടെ ഹാജരാക്കേണ്ടതുണ്ട്. കൂടാതെ എത്രയും വേഗം സാധനം മടക്കി നല്‍കുന്നതും ഉചിതമാണ്. നിങ്ങള്‍ വാങ്ങിയ ഡാമേജുള്ള സാധനം ഇപ്പോള്‍ ഡിസ്‌കൌണ്ട് നിരക്കിലാണ് വില്‍ക്കുന്നതെങ്കിലും പൂര്‍ണ്ണ നിരക്കിലുള്ള പണം തിരികെ കിട്ടാന്‍ അര്‍ഹതയുണ്ട്. തകരാറുള്ള സാധനം മാറി നല്‍കാന്‍ കടക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ സെല്ലറിനോ, ഉല്‍പ്പന്നത്തിന്റെ നിര്‍മ്മാതാക്കള്‍ക്കോ പരാതി നല്‍കാം. 

അവസാന മാര്‍ഗമെന്ന നിലയില്‍ സ്‌മോള്‍ ക്ലെയിംസ് പ്രോസസിനായി നിയമ നടപടി സ്വീകരിക്കുകയും ചെയ്യാം. 2,000 യൂറോയില്‍ കുറയാത്ത ഇടപാടുകള്‍ക്കാണ് സ്‌മോള്‍ ക്ലെയിംസ് പ്രോസസിലേക്ക് പോകാനാകുക. അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സേവന ദാതാക്കളില്‍ നിന്ന് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്യാം. ചില ഷോപ്പുകളില്‍ റീഫണ്ട് ഇല്ല, എക്‌സ്‌ചെയ്ഞ്ച് ഇല്ല തുടങ്ങിയ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടേക്കാം എന്നാല്‍ ഇത് കണ്‍സ്യൂമര്‍ നിയമങ്ങള്‍ക്ക് എതിരാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. ഷോപ്പുകളില്‍ നിന്ന് സാധനം വാങ്ങുന്ന ഉപഭോക്താക്കളെപ്പോലെ തന്നെ ഓണ്‍ലൈനില്‍ ഷോപ്പ് ചെയ്യുന്നവര്‍ക്കും ഈ കണ്‍സ്യൂമര്‍ നിയമം സംരക്ഷണം നല്‍കുന്നു. 

Scroll To Top