Thursday August 17, 2017
Latest Updates

ഡബ്ലിനിലെ രണ്ടു മലയാളി സുഹൃത്തുക്കള്‍ ഓ’ഡി കാര്‍ വാങ്ങാന്‍ പോയപ്പോള്‍ പഠിച്ച പാഠങ്ങള്‍ !(യൂസ്ഡ് കാര്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം !)

ഡബ്ലിനിലെ രണ്ടു മലയാളി സുഹൃത്തുക്കള്‍ ഓ’ഡി കാര്‍ വാങ്ങാന്‍ പോയപ്പോള്‍ പഠിച്ച പാഠങ്ങള്‍ !(യൂസ്ഡ് കാര്‍ വാങ്ങാന്‍ പോകുന്നവര്‍ക്ക് ഒരു കൈപ്പുസ്തകം !)

ഡബ്ലിന്‍ :ഡബ്ലിനിലെ രണ്ടു മലയാളികള്‍ വ്യാജ വാഹന വില്‍പ്പന സംഘത്തിന്റെ കബളിപ്പിക്കല്‍ ശ്രമത്തില്‍ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട സംഭവം വാഹനം വാങ്ങാന്‍ ഒരുങ്ങുന്ന ആര്‍ക്കും ഒരു പാഠമാക്കാവുന്നതാണ്.ഒരു പുതിയ കാര്‍ വാങ്ങണം എന്ന ഉദ്ദേശ്യത്തോടെ കാത്തിരുന്ന ഇവരില്‍ ഒരാള്‍ പത്ര പരസ്യം കണ്ടാണ് ദ്രോഗഡയിലെത്തിയത്.ഒപ്പം സുഹൃത്തിനെയും കൂട്ടി.ഒരു വഴിയ്ക്ക് പോകുമ്പോള്‍ ഒറ്റയ്ക്ക് പോകുന്നതിനേക്കാള്‍ നല്ലതതാണല്ലോ?

പറഞ്ഞ സ്ഥലത്തെത്തി ഫോണ്‍ ചെയ്തപ്പോള്‍ മാന്യനായ ഒരാള്‍ ഓടിയെത്തി.’ഞാന്‍ ഒരു സഭയിലെ പാസ്റ്ററാണ്.എന്റെ മകന്റേതാണ് വാഹനം എന്ന് പറഞ്ഞു തുടങ്ങിയ അദ്ദേഹത്തെ കണ്ടാല്‍ മാന്യന്‍മാരില്‍ മാന്യന്‍.റൊമേനിയക്കാരനാണെങ്കിലും തേന്‍പോലെ മധുരമുള്ള സ്വരം.

ഗായകര്‍ കൂടിയായ മലയാളി സംഘത്തോട് ഒരു മിനുട്ട് കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ട് അദ്ദേഹം വാഹനം എടുക്കാനായി പോയി. 2008 മോഡല്‍ ഓ’ഡി .കണ്ടാല്‍ സൂപ്പര്‍ വണ്ടി.പുതു പുത്തന്‍ പോലെ…കുടു കുട്ടപ്പന്‍ !ആവശ്യക്കാരനും സുഹൃത്തും വണ്ടി ഓടിച്ചു നോക്കി .ഒന്നാം തരം.

എന്‍ സി ടി ഒരു വര്‍ഷത്തേയ്ക്ക് കൂടിയുണ്ട്.ആകെ ഓടിയത് ഒന്നര ലക്ഷത്തോളം കിലോ മീറ്ററുകള്‍ മാത്രം….മലയാളി സുഹൃത്തുക്കളെ രേഖകള്‍ കാട്ടി തെര്യപ്പെടുത്താനും പാസ്റ്റര്‍ മറന്നില്ല.

മലയാളി സുഹൃത്തുക്കള്‍ വാഹനം വാങ്ങാനുള്ള തീരുമാനത്തിലെത്തി.11,000 യൂറോ വില പറഞ്ഞുറപ്പിച്ചു.’പണവുമായി ഞങ്ങള്‍ നാളെ വരാം .കച്ചവടം ഉറപ്പിച്ചതായി കരുതണം.നല്ല സൂപ്പര്‍ വണ്ടി ഒത്തു കിട്ടിയ സന്തോഷത്തില്‍ അവര്‍ പാസ്റ്ററെ അറിയിച്ചു. ‘നിങ്ങള്‍ ഒരു അഡ്വാന്‍സ് തന്നിട്ട് പൊയ്‌ക്കോ …പാസ്റ്റര്‍ സാധാരണ ആരും പറയുന്ന ഒരു ആവശ്യം മുമ്പോട്ടു വെച്ചു.

എന്നാല്‍ മലയാളി സുഹൃത്തുക്കള്‍ മറ്റൊരു തീരുമാനത്തിലെത്തി.’ഈ വാഹനം തന്നെ വാങ്ങാം.തിരിച്ചു പോകും വഴി പക്ഷെ മറ്റൊരു വാഹനം കൂടി നോക്കാമെന്ന് പറഞ്ഞിരുന്നതിനാല്‍ ഇപ്പോള്‍ അഡ്വാന്‍സ് കൊടുക്കേണ്ട !പാസ്റ്റര്‍ വിനയ പൂര്‍വ്വം നിര്‍ബന്ധിച്ചെങ്കിലും അവര്‍ തിരിച്ചെത്താമെന്നു വാക്ക് പറഞ്ഞ് അവര്‍ തിരികെ പോന്നു.

എന്തായാലും തിരികെ വീട്ടിലെത്തിയപ്പോള്‍ അവര്‍ ഒരു 35 യൂറോ കാറിന്റെ ചരിത്രം പഠിക്കാന്‍ ചിലവഴിക്കാന്‍ തീരുമാനിച്ചു.മോട്ടോര്‍ ചെക്ക് ,ഐ ഇ യില്‍ പോയി ഓഡി കാറിനെ പറ്റി തിരഞ്ഞപ്പോള്‍ അതാ വരുന്നു സത്യം.വാഹനം എന്‍ സി റ്റി കഴിഞ്ഞിട്ട് വര്‍ഷം രണ്ടായി.രേഖകള്‍ പ്രകാരം കാര്‍ ഓടിയ ദൂരം പാസ്റ്റര്‍ പറഞ്ഞതിനേക്കാള്‍ 50 % കൂടുതല്‍.ഉടമയുടെ പേരാവട്ടെ പാസ്റ്റര്‍ പറഞ്ഞ മകന്റെ പേരുമായി ഒരു സമ്യവുമില്ല.
കച്ചവടത്തിന്റെ പാട്ട് പെട്ടി അവര്‍ മടക്കിവെച്ചു എന്ന് പറയേണ്ടതില്ലല്ലോ ? 

അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്ന മേഖലകളില്‍ ഒന്നായി വാഹന വില്‍പ്പന വാങ്ങല്‍ മേഖല മാറിയിരിക്കുകയാണ്.നല്ല വണ്ടി കണ്ടാല്‍ ആവേശത്തിന് കയറി അഡ്വാന്‍സ് കൊടുക്കുകയോ,കൈയ്യോടെ കാശ് കൊടുത്ത് വാങ്ങുകയോ ചെയ്യുന്ന മലയാളികളില്‍ ഏറെ പേര്‍ അബദ്ധത്തില്‍ ചെന്ന് ചാടുന്നതായി ഒട്ടേറെ അനുഭവങ്ങള്‍ ഉണ്ടായിട്ടും വീണ്ടും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായി കേള്‍ക്കുന്നുണ്ട്.

ശ്രദ്ധിച്ചില്ലെങ്കില്‍ ധനനഷ്ട്ടം,മാനഹാനി എന്നിവ മാത്രമല്ല ശരീരക്ലേശവും ചിലര്‍ക്കെങ്കിലും ലഭിക്കുന്നുണ്ടെന്നാണ് കേള്‍വി.ഒറ്റയ്ക്ക് വാഹനം വാങ്ങാന്‍ പോയി അഡ്വാന്‍സ് കൊടുക്കാതെ തിരിച്ചു പോരാന്‍ ഒരുങ്ങിയവരാണ് വില്‍പ്പനക്കാരന്റെ ദേഷ്യം കൈക്കരുത്ത് കൊണ്ട് അറിഞ്ഞു തിരിച്ചു പോരാന്‍ ഇടയായതത്രേ !ഏഷ്യക്കാര്‍ തിരിച്ചു തല്ലില്ലെന്ന് ഈസ്റ്റെന്‍ യൂറോപ്പില്‍ നിന്നുള്ള ഇത്തരം മാഫിയാ സംഘങ്ങള്‍ക്ക് കൃത്യമായി അറിയാം.ഇനി അഥവാ കൊച്ചു പിച്ചാത്തിയെങ്ങാന്‍ കൈയ്യില്‍ പിടിച്ചൊന്ന് കൈവിട്ടു പ്രതീകരിച്ചാല്‍ കളി തീര്‍ന്നത് തന്നെ…

വാഹനത്തെ കുറിച്ച് അറിയാനുള്ള ചരിത്രങ്ങള്‍ മുഴുവന്‍ മോട്ടോര്‍ ചെക്ക് .ഐ ഇ പോലെയുള്ള സര്‍ക്കാര്‍ അംഗീകൃത സൈറ്റുകളില്‍ നിന്നും ലഭിക്കുമെന്നിരിക്കെ വില്‍പ്പനക്കാരില്‍ നിന്നും തിരക്കിട്ട് വാഹനം വാങ്ങാതെ അല്‍പ്പം സമയം എടുത്തു ഇടപാട് നടത്തുകയാവും ബുദ്ധി.ഇനി ചെക്കിംഗ് നടത്താന്‍ ചിലവാകുന്ന 35 യൂറോ ലാഭിക്കാം എന്ന് കരുതുന്നവര്‍ക്ക് ഭാവി അത്ര ശോഭാനമാവില്ല തന്നെ! 

വ്യാജ എന്‍സിടി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് വാഹന വില്‍പ്പന നടത്തുന്ന സംഘം ഡബ്ലിന്‍ മേഖലയില്‍ വന്‍ തോതില്‍ വ്യാപകമാകുന്നതായി പരാതിയുണ്ട്. ഡബ്ലിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടന്നു വരുന്ന ഈ തട്ടിപ്പുകള്‍ വെളിച്ചത്തു കൊണ്ടു വരുന്നതിനായി ഗാര്‍ഡയുടെ പ്രത്യേക യൂണിറ്റ് ഊര്‍ജിതമായ അന്വേഷണം നടത്തുന്നുണ്ട്.

വിപണിയില്‍ നിന്ന് ഉപയോഗ ശൂന്യമായ കാറുകള്‍ വാങ്ങി അതിന് വ്യാജ എന്‍സിടി സര്‍ട്ടിഫിക്കറ്റ്, വ്യാജ ടാക്‌സ് പ്ലേറ്റ്, ലോഗ് ബുക്ക് എന്നിവ സംഘടിപ്പിച്ച് വില്‍ക്കുകയാണ് ഇവരില്‍ ഒരു സംഘം ചെയ്യുന്നത്. ഓരോ കാര്‍ വില്‍ക്കുമ്പോള്‍,മുടക്കിയ വിലയുടെ അഞ്ചിരട്ടി വരെ ഇവര്‍ക്ക് ലഭിക്കുമത്രേ .300 യൂറോയ്ക്ക് വാങ്ങുന്ന കാര്‍ 1200 യൂറോയ്ക്കായിരിക്കും വില്‍ക്കുക. 

മോഷ്ട്ടിച്ചെടുത്ത പുത്തന്‍ വാഹനങ്ങളടക്കം രൂപം മാറ്റി വില്‍പ്പനയ്ക്കിറക്കുന്നവരാണ് ഇവരേക്കാള്‍ വലിയ വഞ്ചകര്‍. 

വാഹനങ്ങള്‍ പൊതു മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്നവര്‍ക്ക് ഇത്തരം സംഘങ്ങള്‍ വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.പിടിയ്ക്കപ്പെട്ടാല്‍ വാഹനവും പണവും പോകുമെന്ന് മാത്രമല്ല ചെയ്യാത്ത കുറ്റത്തിന് കേസിലും കുടുങ്ങുകയും ചെയ്യും.അതിനാല്‍ വാഹനം വാങ്ങാന്‍ ഇറങ്ങുന്നവര്‍ വേണ്ടത്ര ജാഗ്രത പുലര്‍ത്തുക തന്നെ വേണം !

റെജി സി ജേക്കബ് 

Scroll To Top