Sunday December 04, 2016
Latest Updates

ഇന്ത്യാ സര്‍ക്കാരിന് പുല്ലുവിലയിട്ട് ബി ബി സി :ഡോക്യുമെന്റി എല്ലാവരും കാണണമെന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ പിതാവ് 

ഇന്ത്യാ സര്‍ക്കാരിന് പുല്ലുവിലയിട്ട് ബി ബി സി :ഡോക്യുമെന്റി എല്ലാവരും കാണണമെന്ന് ഡല്‍ഹി പെണ്‍കുട്ടിയുടെ പിതാവ് 

ലണ്ടന്‍: ഇന്ത്യന്‍ സര്‍ക്കാരിന്റെ വിലക്കുകള്‍ക്ക് പുല്ലുവിലയിട്ട് ബി ബി സി ഡല്‍ഹി കൂട്ട ബലാത്സംഗം സംബന്ധിച്ച ഡോക്യുമെന്റി ബിബിസി സംപ്രേഷണം ചെയ്തു. നേരത്തെ നിശ്ചയിച്ച തിയ്യതിക്ക് മുമ്പ് തന്നെ ഡോക്യുമെന്റി സംപ്രേഷണം ചെയ്യുകയായിരുന്നു. മാര്‍ച്ച് എട്ടിനാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ത്യയില്‍ നിന്നുള്ള എതിര്‍പ്പ് ശക്തമായതോടെ ഇന്ന് വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്ന് മണിക്കായിരുന്നു സംപ്രേഷണം.

ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്നാണ് ഡോക്യുമെന്ററിയുടെ പേര്.കൂട്ട ബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗുമായി നടത്തിയ അഭിമുഖത്തിലെ വിവരങ്ങള്‍ പുറത്ത് വന്നതോടെയാണ് ഡോക്യുമെന്ററി വിവാദമായത്. ബലാത്സംഗത്തിന് നിര്‍ഭയയും കാരണക്കാരിയാണെന്നായിരുന്നു മുകേഷ് പറഞ്ഞത്. 

അവള്‍ എതിര്‍ക്കാതെ സഹകരിച്ചിരുന്നെങ്കില്‍ കൊല്ലപ്പെടില്ലായിരുന്നുവെന്നും മുകേഷ് പറഞ്ഞു. ഇത് വലിയ എതിര്‍പ്പുകള്‍ക്കാണ് വഴിവച്ചത്. തുടര്‍ന്ന് ഡോക്യുമെന്ററിയുടെ സംപ്രേഷണം ഇന്ത്യയില്‍ നിരോധിച്ചു. ഡോക്യുമെന്ററി സംപ്രേഷണം ചെയ്യരുതെന്ന് ബിബിസിയോട് സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ല എന്നാണ് ബിബിസിയുടെ നിലപാട്.
ലോകമെമ്പാടുമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് ഡോക്യുമെന്ററി പ്രതിനിധാനം ചെയ്യുന്നതെന്നും അവര്‍ വിലയിരുത്തുന്നു.

അതേ സമയം ഡല്‍ഹി കൂട്ടമാനഭംഗത്തെ അടിസ്ഥാനമാക്കി ബി.ബി.സി ചിത്രീകരിച്ച ‘ഇന്ത്യയുടെ മകള്‍’ എന്ന ഡോക്യുമെന്ററി എല്ലാവരും കാണണമെന്ന് നിര്‍ഭയയുടെ പിതാവ് അഭിപ്രായപ്പെട്ടു.. ഇന്ത്യ എന്തിനാണ് ഡോക്യുമെന്ററിക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്നും ഇതിലൂടെ ഇന്ത്യന്‍ പുരുഷന്റെ മനോഭാവം വെളിച്ചത്ത് വരികയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷക്ക് വിധിച്ച ഒരു പ്രതി ജയിലില്‍ കിടന്ന് ഇത്തരത്തില്‍ സംസാരിക്കുന്നുണ്ടെങ്കില്‍ അയാള്‍ പുറത്തിറങ്ങിയാല്‍ എന്താവും അവസ്ഥയെന്ന് എല്ലാവരും അറിയണമെന്നും നിര്‍ഭയയുടെ പിതാവ് പറഞ്ഞു.

ബ്രിട്ടീഷ് ഫിലിം മേക്കര്‍ ലസ്ലി ഉദ്വിന്‍ നിര്‍മ്മിച്ച ഡോക്യുമെന്ററിയില്‍ മുകേഷ് സിങ് എന്ന പ്രതി സംസാരിക്കുന്നത് ചിത്രീകരിച്ചിരുന്നു. മാനഭംഗത്തിന് പെണ്‍കുട്ടികളാണ് കൂടുതല്‍ ഉത്തരവാദികളെന്നും രാത്രി ഒന്‍പത് മണിക്ക് ശേഷം പുറത്തിറങ്ങി നടക്കുന്ന പെണ്‍കുട്ടികള്‍ കുലീനകളല്ലെന്നും മുകേഷ് സിങ് പറഞ്ഞിരുന്നു.

Scroll To Top