Sunday December 11, 2016
Latest Updates

യുവന്റസിനെ തറപറ്റിച്ച് ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍

യുവന്റസിനെ തറപറ്റിച്ച് ബാഴ്‌സലോണ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍

രണ്ടാം ട്രിപ്പിള്‍ നേട്ടത്തോടെ ബാഴ്‌സലോണ യുവേഫ ചമ്പ്യന്‍സ് ലീഗ് ജേതാക്കളായി. പേരു കേട്ട ഇറ്റാലിയന്‍ പ്രതിരോധ തന്ത്രങ്ങളുമായെത്തിയ യുവന്റസിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തറപറ്റിച്ചാണ് അക്രമണ ഫുട്‌ബോളിന്റെ വക്താക്കളായ കാറ്റലോണിയന്‍ ക്ലബ്ബിന്റെ വിജയം. ചരിത്രത്തിലാദ്യമായി രണ്ടാം തവണ ട്രിപ്പിള്‍ നേടുന്ന ക്ലബ്ബ് എന്ന റെക്കോര്‍ഡും ഇതോടെ ബാഴ്‌സക്ക് സ്വന്തമായി.

കളിതുടങ്ങി നാലം മിനിറ്റില്‍ തന്നെ ഇവാന്‍ റാക്ടിച്ചിലൂടെ ബാഴ്‌സക്ക് ലീഡ് ലഭിച്ചു. മത്സരഗതിക്ക് വിപരീതമായി ആല്‍വരോ മൊറാട്ടയിലൂടെ യുവന്റസ് തിരിച്ചടിച്ചെങ്കിലും സുവാരസും നെയ്മറും നേടിയ ഗോളുകളിലൂടെ ബാഴ്‌സ അഞ്ചാമതും കപ്പുയര്‍ത്തി. മത്സരത്തിലുടനീളം അദ്ധ്വാനിച്ചു കളിച്ച ആന്ദ്രെ ഇനിയേസ്റ്റയാണ് മാന്‍ ഓഫ് ദി മാച്ച്. ഗോളൊന്നും നേടാനായില്ലെങ്കിലും ലയണല്‍ മെസ്സിയും മികച്ച പ്രകടനം പുറത്തെടുത്തു.

യുവന്റസിന് തുടക്കം തന്നെ പിഴച്ചു. മെസ്സിയും, നെയ്മറും, ഇനിയേസ്റ്റയും ചേര്‍ന്നുള്ള മനോഹരമായ ഒരു നീക്കത്തില്‍ റാക്ടിച്ച് കൂടി പങ്കാളിയായതോടെ നാലാം മിനിറ്റില്‍ തന്നെ ബാഴ്‌സയുടെ ആദ്യ ഗോള്‍ പിറന്നു. പിന്നീടങ്ങോട്ട് മത്സരം ഇറ്റാലിയന്‍ ടീമിന് എളുപ്പമായിരുന്നില്ല. സ്വതസിദ്ധമായ ശൈലിയില്‍ പന്ത് കൈവശം വച്ച് കളിച്ച ബാഴ്‌സ ആദ്യ പകുതിയിലുടനീളം യുവന്റസ് താരങ്ങള്‍ക്കു മേല്‍ വ്യക്തമായ ആധിപത്യം നിലനിര്‍ത്തി.

എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി 55ആം മിനിറ്റില്‍ മുന്‍ റയല്‍ മാഡ്രിഡ് താരം ആല്‍വരോ മൊറാറ്റ യുവന്റസിനായി ഗോള്‍ നേടി. ഇതോടെ ഉണര്‍ന്നു കളിച്ച യുവന്റസ് പത്തു മിനിറ്റോളം മത്സരത്തിലെ തങ്ങളുടെ ഏറ്റവും മികച്ച കളി പുറത്തെടുത്തു. കളി കൈവിട്ടുപോകുമോ എന്ന് ആരാധകര്‍ ആശങ്കപ്പെട്ട നിമിഷങ്ങളില്‍ സുവാരസ് ബാഴ്‌സക്കായി രണ്ടാം ഗോള്‍ നേടി. മെസ്സിയുടെ മനോഹരമയ ഒരു നീക്കത്തിനൊടുവില്‍ തൊടുത്ത ഷോട്ട് യുവന്റസ് നായകന്‍ ജിയാന്‍ ലൂജി ബുഫണ്‍ തടുത്തിട്ടെങ്കിലും ഓടിയെത്തിയ സുവാരസ് പന്ത് വലയിലെത്തിക്കുകയായിരുന്നു. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷത്തില്‍ മത്സരത്തിലെ അവസാന നീക്കം വലയിലെത്തിച്ച് നെയ്മര്‍ ബാഴ്‌സലോണയുടെ വിജയം പൂര്‍ത്തിയാക്കി.

അഞ്ചാം തവണയാണ് സ്പാനിഷ് വമ്പന്മാര്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് നേടുന്നത്. യുവന്റസാവട്ടെ ഫൈനലില്‍ തോല്‍ക്കുന്നത് മൂന്നാം തവണയും. ഇതോടെ ഒരേ സീസണില്‍ പ്രധാനപ്പെട്ട മൂന്നു കിരീടങ്ങള്‍ ഉയര്‍ത്തി ട്രിപ്പിള്‍ നേട്ടവും ബാഴ്‌സ സ്വന്തമാക്കി. സീസണില്‍ ലാ ലീഗ, കോപ്പ ഡെല്‍ റേ കിരീടങ്ങള്‍ ബാഴ്‌സ സ്വന്തമക്കിയിരുന്നു. മുന്‍പ് 2009 ലും ട്രിപ്പിള്‍ നേടിയിരുന്ന ബാഴ്‌സ ചരിത്രത്തിലാദ്യമായി നേട്ടം രണ്ടു തവണ സ്വന്തമാക്കുന്ന ടീമായി മാറി. 1967ല്‍ സെല്‍റ്റിക്, 1972ല്‍ അയാക്‌സ്, 1988ല്‍ പി എസ് വി എന്തോവന്‍, 1999ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, 2010ല്‍ ഇന്റര്‍ മിലാന്‍, 2013ല്‍ ബയേണ്‍ മ്യൂണിക് എന്നിവയാണ് ട്രിപ്പിള്‍ നേടിയിട്ടുള്ള മറ്റു ക്‌ളബുകള്‍.

ബാഴ്‌സലോണ ക്യാപ്റ്റന്‍ സാവി ഫെര്‍ണാണ്ടസിന് ക്ലബ്ബിലെ അവസാന മത്സരമായിരുന്നു ഇന്നലത്തേത്. പ്രിയതാരത്തിന് ഉചിതമായ യത്രയയപ്പ് നല്‍കാനായതിന്റെ ആഹ്ലാദത്തിലാണ് സഹതാരങ്ങളും ആരാധകരും. കളിയുടെ തുടക്കത്തില്‍ ഗ്രൗണ്ടിലില്ലാതിരുന്ന സാവിക്ക് അവസാനത്തില്‍ ഇനിയേസ്റ്റയെ മാറ്റി കളത്തിലിറക്കി കിരീടമുയര്‍ത്താന്‍ കോച്ച് എന്റികെ അവസരമൊരുക്കുകയായിരുന്നു.

 

Scroll To Top